Skip to main content

പള്ളി: അനുവദനീയ കാര്യങ്ങള്‍

നമസ്‌കാരത്തിനും പ്രാര്‍ഥനക്കും പുറമെ മുസ്‌ലിംകളുടെ പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉള്ളതാണ് പള്ളികള്‍. അനാവശ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നതിന് വിരോധമില്ല. മാത്രമല്ല, പള്ളിയില്‍ വച്ച് ആഹാരം കഴിക്കുകയും പള്ളിയില്‍ കിടന്നുറങ്ങുകയും ആവാം.

അബ്ദുല്ലാഹിബ്‌നു ഹാരിസ് പറയുന്നു: ''നബി(സ്വ)യുടെ കാലത്ത് ഞങ്ങള്‍ പള്ളിയില്‍ വെച്ച് റൊട്ടിയും മാംസവും കഴിക്കാറുണ്ടായിരുന്നു'' (ഇബ്‌നുമാജ).

''റസൂല്‍ (സ്വ) തന്റെ ഒരു കാല്‍ മറ്റേക്കാലില്‍ കയറ്റിവെച്ച് പള്ളിയില്‍ മലര്‍ന്നു കിടക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന്'' അബ്ബാദുബ്‌നു തമീം(റ)  തന്റെ പിതൃവ്യനില്‍ നിന്നും ഉദ്ധരിക്കുന്നു (ബുഖാരി, മുസ്‌ലിം).

'താന്‍ അവിവാഹിതനായ യുവാവായിരുന്നപ്പോള്‍ റസൂലിന്റെ പള്ളിയില്‍ ഉറങ്ങാറുണ്ടായിരുന്നു' എന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പ്രസ്താവിക്കുന്നു (ബുഖാരി).

ഒരു പെരുന്നാള്‍ സുദിനത്തില്‍ എത്യോപ്യയില്‍ നിന്നെത്തിയ നിവേദകസംഘം മസ്ജിദുന്നബവിയില്‍ വച്ച് അവരുടേതായ ചില കളികള്‍ പ്രദര്‍ശിപ്പിക്കുകയും നബി(സ്വ) അത് നോക്കി നില്‍ക്കുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. 'അബ്‌സീനിയക്കാര്‍ വന്നു പള്ളിയില്‍ വച്ച് കളിച്ചിരുന്നു' എന്ന് മുസ്‌ലിമിലും ''അബിസീനിയന്‍ നിവേദകസംഘം മദീനയില്‍ എത്തിയപ്പോള്‍ അവര്‍ പള്ളിയില്‍ വച്ച് കളിച്ചിരുന്നു' എന്ന് ഇബ്‌നുഹിബ്ബാന്റെ റിപ്പോര്‍ട്ടിലും കാണാം. ആഇശ(റ) നബി(സ്വ)യുടെ അനുമതിയോടെ ആ കളി കണ്ടിരുന്നു എന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു. പള്ളിയുടെ പവിത്രത കളങ്കപ്പെടുത്താത്ത തരത്തിലുള്ള കളികളും അനുവദനീയമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

സ്വഹാബികള്‍ പള്ളിയില്‍ വച്ച് തിരുസന്നിധിയില്‍ കവിതാലാപനം നടത്തിയതായും, എന്നാല്‍ ഇതിനെ നബി(സ്വ) നിരുത്സാഹപ്പെടുത്തിയതായും ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി പള്ളി ഉപയോഗപ്പെടുത്തരുത്. പള്ളിയില്‍ കച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചു. കളഞ്ഞുപോയ വസ്തുക്കള്‍ അന്വേഷിക്കാനും പള്ളി ഉപയോഗപ്പെടുത്തരുത്. റസൂല്‍(സ്വ) അരുളിയതായി അബൂഹുറയ്‌റ(റ) പ്രസ്താവിക്കുന്നു: ''പള്ളിയില്‍ വച്ച് ആരെങ്കിലും വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതായി നിങ്ങള്‍ കണ്ടാല്‍ 'നിന്റെ കച്ചവടത്തിന് അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ' എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. കാണാതായ വസ്തു പള്ളിയില്‍വച്ച് വല്ലവനും അന്വേഷിക്കുന്നതായി നിങ്ങള്‍ കണ്ടാല്‍ 'അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ' എന്നു നിങ്ങള്‍ പറഞ്ഞുകൊള്ളുക'' (തിര്‍മിദി).

നമസ്‌കരിക്കുന്ന ആളുടെ ശ്രദ്ധ ആകര്‍ഷിക്കത്തക്ക രീതിയിലുള്ള ചിത്രപ്പണികളോ കൊത്തുവേലകളോ പള്ളിയില്‍ പാടില്ല. നമസ്‌കാരത്തില്‍ ഏകാഗ്രത ലഭിക്കണം. അല്ലാഹുവിന്റെ ഭവനമായ പള്ളിയില്‍ വിശേഷിച്ചും ചേതോഹരമായ കാഴ്ചയും കര്‍ണാനന്ദകരമായ ശബ്ദവുമൊക്കെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നവയാണ്. അതുകൊണ്ടു തന്നെ കൊട്ടും കുരവയും താളമേളങ്ങളും മുസ്‌ലിംകളുടെ പള്ളികള്‍ക്കന്യമാണ്.  

അനസ്(റ) പറയുന്നു: ''ആഇശ(റ)ക്ക് ബഹുവര്‍ണ ചിത്രങ്ങളുള്ള ഒരു വിരിയുണ്ടായിരുന്നു. അവരുടെ വീടിന്റെ ഭാഗത്ത് (പള്ളിയോട് ചേര്‍ന്ന്) അതുകൊണ്ട് അവര്‍ മറ തൂക്കിയിരുന്നു. നബി(സ്വ) അവരോടിങ്ങനെ പറഞ്ഞു: നിന്റെ ഈ വിരി എന്നില്‍ നിന്നും നീ നീക്കിക്കളയുക. അതിലെ ചിത്രങ്ങള്‍  നമസ്‌കാരത്തില്‍ എനിക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു'' (ബുഖാരി).

മക്കാവിജയത്തിനുശേഷം നബി(സ്വ) കഅ്ബയില്‍ പ്രവേശിച്ചപ്പോള്‍ അതിന്റെ ചുമരിലുണ്ടായിരുന്ന രണ്ട് ആട്ടിന്‍കൊമ്പുകള്‍ മൂടിവെക്കാന്‍ ഉസ്മാനുബ്‌നു ത്വല്‍ഹ(റ)യോട് അദ്ദേഹം കല്പിച്ചു. അതിനു കാരണം പറഞ്ഞത് ഇങ്ങനെയാണ്: ''കഅ്ബയില്‍ (നമസ്‌കാര സമയത്ത്) തിരിഞ്ഞുനില്‍ക്കുന്നേടത്ത് നമസ്‌കരിക്കുന്ന ആളുടെ ശ്രദ്ധ തിരിക്കുന്ന ഒന്നും ഉണ്ടായിക്കൂടാ.''

ഇന്ന് നമ്മുടെ പള്ളികളില്‍ ഈ രംഗത്ത് വേണ്ടത്ര നിഷ്‌കര്‍ഷ പുലര്‍ത്തപ്പെടുന്നുണ്ടോ എന്നു സംശയമാണ്. കൊത്തുവേലകളാല്‍ ആകര്‍ഷകമായ മിമ്പറുകളും ചിത്രപ്പണികളാല്‍ അലംകൃതമായ വാതിലുകളും ബഹുവര്‍ണങ്ങളില്‍ അക്ഷരങ്ങളും മറ്റും ആലേഖനംചെയ്ത ചുമരുകളും മനോഹരമായ പരവതാനികളും പള്ളികളുടെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കയാണ്. യഥാര്‍ഥത്തില്‍ വൃത്തിയും ലാളിത്യവും കൊണ്ട് അനുഗൃഹീതമായിരിക്കണം പള്ളികള്‍. നബി(സ്വ)യുടെ പള്ളിയും മിമ്പറും നമസ്‌കാരസ്ഥലവും നമുക്ക് മാതൃകയാവണം.

ബാങ്ക് വിളിച്ചതിനുശേഷം നമസ്‌കരിക്കുന്നതിനു മുമ്പ് മതിയായ കാരണം കൂടാതെ പള്ളിയില്‍ നിന്നു പോവാന്‍ പാടില്ല. അബൂഹുറയ്‌റ(റ) പറയുന്നു: ''നിങ്ങള്‍ പള്ളിയിലായിരിക്കുമ്പോള്‍ നമസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ നമസ്‌കരിച്ചിട്ടല്ലാതെ ആരും പുറത്തു പോകരുതെന്ന് നബി(സ്വ) ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു'' (അഹ്മദ്).

Feedback