Skip to main content

സാംസ്‌കാരികകേന്ദ്രം

മുസ്‌ലിംകള്‍ താമസിക്കുന്ന ഓരോ പ്രദേശത്തും പള്ളികള്‍ സ്ഥാപിക്കപ്പെടുന്നു. പൂജക്കുവേണ്ടി നട തുറക്കുകയും അതിനുശേഷം നടയടയ്ക്കുകയും ചെയ്യുന്ന ആരാധനാലയം പോലെ അല്ല മുസ്‌ലിം പള്ളികള്‍. അവ, ആഴ്ചയിലെ ഏതെങ്കിലും ദിവസത്തെ സര്‍വീസിംഗിനുവേണ്ടി മാത്രം തുറക്കപ്പെടേണ്ടവയുമല്ല. നേരെമറിച്ച് സമൂഹത്തിന്റെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും യാത്രയില്‍ കഷ്ടപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും ആശ്രയമേകുകയും ചെയ്തുകൊണ്ട് ഏതുനേരവും സജീവമായി നിലകൊള്ളേണ്ട സാംസ്‌കാരിക കേന്ദ്രങ്ങളാണ് പള്ളികള്‍.

പ്രവാചകന്റെ പള്ളി (മസ്ജിദുന്നബവി) നമുക്കിതിനു മാതൃകയാണ്. അവിടെ അഞ്ചുനേരം ജമാഅത്തായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ചകളില്‍ മുഴുവന്‍ മുസ്‌ലിംകളും ഒത്തുകൂടി ജുമുഅ നിര്‍വഹിച്ചിരുന്നു. നിരന്തരമായി ബോധവത്കരണം അവിടെ നടത്തി. പ്രവാചകന്‍(സ്വ) പറയുന്നു.

''അല്ലാഹുവിന്റെ ഭവനങ്ങളില്‍പെട്ട ഏതെങ്കിലും ഒരു ഭവനത്തില്‍ ഒരു കൂട്ടമാളുകള്‍ ഒരുമിച്ചുകൂടി, അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അത് ചര്‍ച്ചചെയ്ത് പഠിക്കുകയും ചെയ്താല്‍ അവരില്‍ ശാന്തി വന്നണയുകയും അവരെ കാരുണ്യം മൂടുകയും മലക്കുകള്‍ അവര്‍ക്കു ചുറ്റും കൂടുകയും അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യുമെന്ന് ഉറപ്പാകുന്നു'' (മുസ്‌ലിം).

നബി(സ്വ)യുടെ പള്ളിയുടെ ഒരുഭാഗം സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചിരുന്നു. അഭയമില്ലാത്തവര്‍ക്ക് അഭയകേന്ദ്രമായിരുന്നു മസ്ജിദുന്നബവി. അഹ്‌ലുസ്സ്വുഫ്ഫ എന്നറിയപ്പെടുന്ന പാവങ്ങളുടെ ഒരുസംഘം എപ്പോഴും പള്ളിയില്‍ ഉണ്ടായിരുന്നു.

പ്രവാചകന്‍(സ്വ) അനുയായികളെ മതകാര്യങ്ങള്‍ പഠിപ്പിച്ചിരുന്നത് പള്ളിയില്‍ വച്ചായിരുന്നു. ഒരു പ്രത്യേകകാര്യം അറിയിക്കാനുണ്ടങ്കില്‍ ആളുകളെ പ്രവാചകന്‍(സ്വ) പള്ളിയില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു.

സകാത്ത് സംഭരണവും വിതരണവും വ്യവസ്ഥാപിതമായി നിലവില്‍വന്നപ്പോള്‍ അതിന്റെ ആസ്ഥാനവും പള്ളി തന്നെയായിരുന്നു. സകാത്ത് ശേഖരണ-വിതരണം സമൂഹത്തിലെ ഒരു നിരന്തര പ്രക്രിയ ആയിരുന്നു.

നബി(സ്വ) മദീന ആസ്ഥാനമാക്കി ഭരണം നടത്തിയപ്പോള്‍ ഭരണത്തിന്റെ സിരാകേന്ദ്രവും മസ്ജിദുന്നബവി തന്നെയായിരുന്നു. കേസുകള്‍ കേട്ടിരുന്നതും വിധി പ്രസ്താവിച്ചിരുന്നതും അവിടെ വച്ചായിരുന്നു. അന്യനാടുകളില്‍ നിന്നും നിവേദകസംഘങ്ങളും സന്ദര്‍ശകരും എത്തിക്കൊണ്ടിരുന്നപ്പോള്‍ നബി(സ്വ) അവരെ സ്വീകരിച്ചിരുത്തിയതും പവിത്രമായ പള്ളിയില്‍തന്നെ ആയിരുന്നു. അന്യമതസ്ഥരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഹിജ്‌റ ഒന്‍പതാമത്തെ വര്‍ഷത്തില്‍ നജ്‌റാനില്‍ നിന്ന് ഒരു ക്രിസ്ത്യന്‍ ദൗത്യസംഘം മദീനയില്‍വന്നു. യമനീ ഉടുപ്പുകളും പട്ടിന്റെ ഉത്തരീയങ്ങളും സ്വര്‍ണമോതിരവും അണിഞ്ഞുകൊണ്ട് അവര്‍ പള്ളിയില്‍ പ്രവേശിച്ചു. അവര്‍ നബി(സ്വ)ക്ക് പാരിതോഷികങ്ങള്‍ നല്‍കി. അവരുടെ പ്രാര്‍ഥനാസമയം ആയപ്പോള്‍ പള്ളിയില്‍ (മസ്ജിദുന്നബവി) വച്ചുതന്നെ ഈലിയായിലെ വിശുദ്ധ പള്ളി(ബൈതുല്‍മുഖദ്ദസ്)യിലേക്കു തിരിഞ്ഞുനിന്നുകൊണ്ട് അവര്‍ തങ്ങളുടേതായ പ്രാര്‍ഥന നടത്തി (നൂറുല്‍യഖീന്‍, ഖുദ്‌രിബക്ക്).

എല്ലാഅര്‍ഥത്തിലും മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രമായിരുന്നു പള്ളി. എന്നാല്‍ ഈ വസ്തുതകള്‍ വിസ്മരിച്ചുകൊണ്ടാണ് ഇന്നു സമുദായം പെരുമാറുന്നത്. പല സ്ഥലങ്ങളിലും വെള്ളിയാഴ്ചകളില്‍ അല്പസമയം മാത്രമാണ് പള്ളികള്‍ സജീവമാവുന്നത്. അഞ്ചുനേരം ജമാഅത്തായി നമസ്‌കാരം നടക്കുന്നതുപോലും പേരിനുമാത്രം. അതും നടക്കാത്ത എത്രയോ പള്ളികള്‍ പല പ്രദേശങ്ങളിലുംഉണ്ട്. ഇങ്ങനെ പോയാല്‍ പരിപാലിക്കാന്‍ ആളില്ലാതെ അന്യാധീനപ്പെട്ടുപോകുന്ന അവസ്ഥപോലും ചില പള്ളികള്‍ക്ക് സംഭവിച്ചുകൂടായ്കയില്ല. സമുദായം ഈ കാര്യത്തില്‍ സഗൗരവം ശ്രദ്ധ പതിപ്പിക്കണം.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 'റാബിത്വത്തുല്‍ ആലമില്‍ഇസ്‌ലാമി' മുന്‍കൈയെടുത്ത് മക്ക കേന്ദ്രമാക്കി 'രിസാലത്തുല്‍മസ്ജിദ്' എന്ന പേരില്‍ ഒരു മസ്ജിദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് സ്മരണീയമാണ്. പള്ളിയുടെ യഥാര്‍ഥ ദൗത്യമെന്തെന്ന് പ്രസ്തുത കോണ്‍ഫറന്‍സ് വിലയിരുത്തുകയും അതിലേക്ക് ലോകമുസ്‌ലിംകളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.

Feedback