Skip to main content

പ്രഥമ അനുഷ്ഠാനം (8)

ഇസ്‌ലാമില്‍ മതപരമായ നിര്‍ബന്ധ അനുഷ്ഠാനങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളത് നമസ്‌കാരം (സ്വലാത്ത്) ആണ്. സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് മറ്റു നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്നും അംഗീകരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്നാല്‍ അയാള്‍ എന്നും ആദ്യമായി ശ്രദ്ധിക്കേണ്ടത് നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന കാര്യമാണ്. അവയില്‍ ഏറ്റവും പ്രധാനം നമസ്‌കാരമാണ്. 

അനുഷ്ഠാനങ്ങള്‍ ഒന്നിച്ച് പ്രവാചകന്‍ പഠിപ്പിക്കുന്നതിങ്ങനെ: 'ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്. (ഒന്ന്) അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി ആരുമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്ന് (ജീവിതം കൊണ്ട്) സാക്ഷിയാവുക, (രണ്ട്) നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, (മൂന്ന്) സകാത്ത് കൊടുക്കുക, (നാല്) റമദാന്‍ മാസത്തില്‍ നോമ്പെടുക്കുക, (അഞ്ച്) കഅ്ബ എന്ന ഭവനത്തില്‍ ഹജ്ജ് നിര്‍വഹിക്കുക' (ബുഖാരി 8, മുസ്‌ലിം 16).

ഇതര സമൂഹങ്ങളില്‍ നിന്ന് മുസ്‌ലിമിനെ വ്യതിരിക്തനാക്കുന്ന സ്വത്വം കൂടിയാണ് നമസ്‌കാരം. ഏതു തരത്തില്‍പെട്ട ആളുകള്‍ക്കും നിര്‍വഹിക്കാന്‍ പ്രയാസമില്ലാത്ത ഒരു കര്‍മമാണിത്. ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഇടനിലക്കാരനോ കാര്‍മികനോ ആവശ്യമില്ല. പണമായോ വസ്തുവായോ സേവനമായോ ആരുടെ മുന്നിലും ഒന്നും സമര്‍പ്പിക്കുകയും വേണ്ട. അടിമയായ മനുഷ്യന്‍ വിനയപുരസ്സരം തന്റെ യജമാനനായ സ്രഷ്ടാവിന്റെ മുന്നില്‍ മനസ്സ് തുറന്ന് സംവദിക്കുകയാണ് നമസ്‌കാരത്തിലൂടെ ചെയ്യുന്നത്. 
 

Feedback