Skip to main content

റോമന്‍ കത്തോലിക്കരില്‍

ക്രിസ്ത്യാനികളുടെ നമസ്‌കാരം ആദ്യമായി രൂപംകൊണ്ടത് ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ 'നീഖാ' സമ്മേളനത്തില്‍ (നികയ്യാ കൗണ്‍സിലില്‍) വെച്ചാണ്.

Encyclopeadia of Religion and Ethicsല്‍ 'നമസ്‌കാരം ക്രിസ്ത്യാനികളില്‍' എന്ന അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് പ്രാമുഖ്യം നല്‍കുന്ന അഭിപ്രായം, യേശു യഹൂദികളോടൊപ്പം നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നിരുന്നുവെന്നാണ്. ആരാധനക്ക് അവരുടെ പള്ളികളില്‍ പോലും യേശു ഹാജരായിരുന്നു. മുന്‍ഗാമികളായ ക്രിസ്തീയ പുരോഹിതന്മാര്‍ അഖിലവും ആചരിച്ചിരുന്നതും അതേ മാതൃക തന്നെയായിരുന്നു. തുടര്‍ന്ന് ഈ ആദ്യ തലമുറ അനുഷ്ഠിച്ച രൂപത്തില്‍ തന്നെ ക്രിസ്ത്യാനികളുടെ ആരാധനാ സമ്പ്രദായം നിലനില്‍ക്കുകയും ചെയ്തു. തദനന്തരം യഹൂദികളുമായുള്ള ബന്ധം ക്രൈസ്തവ ചര്‍ച്ചുകളല്ല വിഛേദിച്ചത്; മറിച്ച് യഹൂദികള്‍ ക്രൈസ്തവ ചര്‍ച്ചുകളോടുള്ള ബന്ധം മുറിച്ചുകളയുകയാണുണ്ടായത്.

എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ വത്തിക്കാന്‍ കൗണ്‍സില്‍ അതില്‍ പല പരിഷ്‌കാരങ്ങളും നടപ്പിലാക്കിക്കൊണ്ടുപോരുന്നു. അവരുടെയടുക്കല്‍ ഇപ്രകാരം നമസ്‌കാരത്തിന്റെ രൂപങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം ചര്‍ച്ചുകളുടെ സംയുക്ത പരമാധികാര സഭക്കാണ്.

കത്തോലിക്കാ ചര്‍ച്ചുകളില്‍ നടത്തപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഏറ്റവും വലിയ ഔദ്യോഗിക ബുള്ളറ്റിനില്‍ (St. Paul Publications: The Sacrifice of the Mas) പറഞ്ഞ പ്രകാരം താഴെ കൊടുക്കാം: ''പാതിരിയച്ചന്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം സന്നിഹിതരെല്ലാം എഴുന്നേല്‍ക്കും. തുടര്‍ന്ന് (നമസ്‌കാരത്തിന് കരുതിക്കൊണ്ട്) 'പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരുടെ തിരുനാമത്തില്‍ ചര്‍ച്ചിലെ ബലിപീഠത്തില്‍ ഞാന്‍ നമസ്‌കരിക്കുന്നു' എന്ന് പറയും. അതോടെ പാതിരിയും സന്നിഹിതരും ദൈവത്തെ പുകഴ്ത്തിക്കൊണ്ട് സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ തുടങ്ങും.''

അനന്തരം, പാതിരി തന്റെ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞുകൊണ്ട് ഇങ്ങനെ പ്രഖ്യാപിക്കും: 'സര്‍വശക്തനായ ദൈവത്തെയും വിശുദ്ധ കന്യാമറിയത്തെയും പരിശുദ്ധ മാലാഖ മീക്കായീലിനെയും സ്‌നാപക യോഹന്നാനെയും വിശുദ്ധ ദൂതന്മാരായ പത്രോസിനെയും പൗലോസിനെയും എല്ലാ പരിപാവനമായ ക്രിസ്തീയ പുരോഹിതരെയും പരിശുദ്ധാത്മാക്കളെയും ഇവിടെ കൂടിയിരിക്കുന്ന നിങ്ങളെയും മുന്‍നിറുത്തിക്കൊണ്ട് ഞാനിതാ ഏറ്റുപറയുന്നു: എണ്ണി ക്ലിപ്തമാക്കാന്‍ പറ്റാത്തത്ര മനസാ-വാചാ-കര്‍മണാ തെറ്റുകള്‍ ഞാന്‍ ചെയ്തുകൂട്ടി. ഞാന്‍ തന്നെയാകുന്നു അത് പ്രവര്‍ത്തിച്ചതും അതിന്റെ ഉത്തരവാദിയും. അതിനാല്‍, വിശുദ്ധ കന്യാമറിയത്തിനോടും പരിശുദ്ധ മാലാഖ മീക്കായീലിനോടും വിശുദ്ധ സ്‌നാപക യോഹന്നാനോടും ദൈവത്തിന്റെ വിശുദ്ധരായ പത്രോസിനോടും പൗലോസിനോടും ശുദ്ധാത്മാക്കളോടും സഹോദരരേ, നിങ്ങളോടും ഞാന്‍ പൊറുത്തുതരുവാന്‍ ആവശ്യപ്പെടുന്നു; രാജാധിരാജനായ ദൈവത്തോട് നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക.''

അതിനുശേഷം സന്നിഹിത സംഘം പാതിരിക്കുവേണ്ടി പ്രാര്‍ഥിക്കുകയും അദ്ദേഹം 'ആമേന്‍' പറയുകയും ചെയ്യും. അതു കഴിഞ്ഞാല്‍, പാതിരി മുമ്പ് പറഞ്ഞ അതേ വാചകവും പ്രാര്‍ഥനയും സന്നിഹിത സംഘം തങ്ങള്‍ക്കുവേണ്ടി സ്വയം ഏറ്റുപറയുകയും പാതിരിയോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ പാതിരി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, സന്നിഹിതസംഘം ഒന്നായി 'ആമേന്‍' പറയുകയും ചെയ്യുന്നു. തുടര്‍ന്ന് എല്ലാവരും എല്ലാവര്‍ക്കും വേണ്ടി പാപമോചനത്തിനും സമാധാനത്തിനും ശാന്തിക്കും അനുഗ്രഹത്തിന്നുമായി പ്രാര്‍ഥിക്കുന്നു.

അനന്തരം, പാതിരി ബലിപീഠത്തില്‍ കയറുകയും ലെത്തീന്‍ ഭാഷയിലുള്ള ഒരു പ്രാര്‍ഥന വായിക്കുകയും ചെയ്യും. പ്രസ്തുത പ്രാര്‍ഥനയില്‍ സകല പാപങ്ങളും പൊറുക്കുവാനും തെറ്റുകള്‍ മാപ്പാക്കുവാനും ദൈവത്തോട് അപേക്ഷിക്കും. അദ്ദേഹം മിശിഹായെയും ക്രിസ്തീയ പുരോഹിതരെയും പ്രാര്‍ഥന നടത്തപ്പെടുന്ന ചര്‍ച്ചില്‍ അന്ത്യകൂദാശ നടത്തപ്പെട്ടിട്ടുള്ള വിശുദ്ധാത്മാക്കളെയുമെല്ലാം മധ്യവര്‍ത്തികളാക്കിക്കൊണ്ടും, പ്രാര്‍ഥിക്കുന്നതാണ്. പിന്നീട് പാതിരി ഇപ്രകാരം പറയും: ''ഓ ദൈവമേ, ഞങ്ങളോട് കരുണ ചെയ്യേണമേ.'' അതോടെ സന്നിഹിത സംഘവും ''ഓ മിശിഹാ, ഞങ്ങളോട് കരുണ ചെയ്യേണമേ'' എന്നു പറയുന്നു. ഇത് രണ്ടുപ്രാവശ്യം ആവര്‍ത്തിക്കും. അങ്ങനെ പാതിരി മടങ്ങുകയും കരുണക്കുവേണ്ടി വീണ്ടും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതുപോലെ സന്നിഹിത സംഘവും മടങ്ങി കരുണക്കുവേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുന്നു.

ചര്‍ച്ചില്‍, ആരാധനാവേളയില്‍ പാരായണം ചെയ്യപ്പെടുന്ന 'ഗ്ലോറിയ' സ്തുതികീര്‍ത്തനങ്ങളുടെ പദങ്ങളില്‍ മാത്രം പരിമിതമാണ്. അതില്‍ പിതാവിന്റെയും ഏകപുത്രന്റെയും നാമങ്ങള്‍ പല പ്രാവശ്യം ആവര്‍ത്തിക്കപ്പെടും. മിശിഹായെ ദൈവത്തിന്റെ ആട്ടിന്‍കുട്ടിയായി വര്‍ണിക്കും. അത് ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും പടപ്പുകളുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. ആ സ്തുതികീര്‍ത്തനത്തില്‍ മിശിഹായോട് കരുണാകടാക്ഷത്തിനുവേണ്ടി പല പ്രാവശ്യം ആവര്‍ത്തിച്ചാവശ്യപ്പെടുന്നു. കൂടാതെ, സര്‍വ വസ്തുക്കളുടെയും രാജാവും വിധികര്‍ത്താവും പരമോന്നതനുമെല്ലാമായി മിശിഹായെ വിശേഷിപ്പിക്കുകയും ചെയ്യും.

തദനന്തരം, വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് വികാരിയച്ചന്‍ തെരഞ്ഞെടുക്കുന്ന ഒരു ഭാഗം കൂടി പാരായണം ചെയ്യും. അപ്പോള്‍ ബഹുമാനാര്‍ഥം എല്ലാവരും എഴുന്നേറ്റുനില്‍ക്കുന്നു.

കത്തോലിക്കാ പള്ളികളില്‍ ഞായറാഴ്ച നടത്തപ്പെടുന്ന നമസ്‌കാരത്തിനു മുമ്പായി വികാരിയച്ഛന്‍ ആനുകാലിക വിഷയത്തെക്കുറിച്ച് ഒരു പ്രസംഗം കൂടി നടത്തുന്നതാണ്. അങ്ങനെ സാന്ദര്‍ഭിക വിഷയങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും വിശ്വാസത്തിന്റെ വചനം അവരില്‍ പുതുക്കുകയും ചെയ്യുന്നു.

Feedback