Skip to main content

തയമ്മും എപ്പോള്‍?

വുദൂഇനും കുളിക്കും പകരം തയമ്മും സ്വീകാര്യമാകുന്ന സാഹചര്യങ്ങള്‍ മേല്പറഞ്ഞ ആയത്തുകളില്‍ വിശദീകരിച്ചിട്ടുണ്ട്. രോഗം, യാത്ര, വെള്ളം കിട്ടാതിരിക്കല്‍ എന്നീ മൂന്നു കാരണങ്ങളാലാണ് മുഖ്യമായും തയമ്മും നിര്‍ദേശിക്കപ്പെട്ടത്.

യാത്രക്കിടയില്‍ വെള്ളം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല. വെള്ളമുണ്ടായിട്ടും അതുപയോഗിക്കാന്‍ വയ്യെങ്കിലും തയമ്മും ചെയ്താല്‍ മതി. കുടിക്കാന്‍ മാത്രമേ വെള്ളം തികയുന്നുള്ളൂവെങ്കില്‍ അവിടെയും തയമ്മും മതി.  നനയ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ശരീരത്തിലുണ്ടെങ്കില്‍ വുദൂ, കുളി എന്നിവ നടത്തി അപകടം ക്ഷണിച്ചു വരുത്തേണ്ടതില്ല. കഠിന ശൈത്യം മൂലം വെള്ളം ഉപയോഗിക്കാന്‍ പ്രയാസമാണെങ്കിലും തയമ്മും മതിയാകുന്നതാണ്. 

അംറുബ്‌നുല്‍ ആസ്വ്(റ) ദാറുസ്സലാസില്‍ യുദ്ധത്തിന് നിയോഗിക്കപ്പെട്ട ഘട്ടത്തില്‍ ഒരു രാത്രി അദ്ദേഹത്തിന് ജനാബത്തുണ്ടായി. അതിശൈത്യം കാരണം കുളിച്ചാല്‍ അപകടം പറ്റുമോ എന്നു ഭയന്ന് അദ്ദേഹം തയമ്മും ചെയ്ത് സ്വുബ്ഹ് നമസ്‌കരിച്ചു. തിരിച്ചുവന്നപ്പോള്‍ ആളുകള്‍ നബിയോട് ഇക്കാര്യം ഉണര്‍ത്തി. നബി അംറിനോട് വിശദീകരണം ചോദിച്ചു. അംറ് ഇപ്രകാരം പറഞ്ഞു: ''നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കാരുണ്യമുള്ളവനാണ്'' എന്ന സൂറതുന്നിസാഇലെ ആയത്ത് ഓര്‍ത്തുകൊണ്ട് ഞാന്‍ തയമ്മും ചെയ്ത് നമസ്‌കരിച്ചു. അപ്പോള്‍ നബി(സ്വ) ചിരിച്ചു. ഒന്നും പറഞ്ഞില്ല. അംഗീകരിച്ചുവെന്നര്‍ഥം (അഹ്മദ്, അബൂദാവൂദ്, ബുഖാരി തഅ്‌ലീഖ്).

വെള്ളം കണ്‍മുന്നിലുണ്ട്. അതെടുത്ത് ഉപയോഗിക്കാന്‍ പറ്റാത്ത ന്യായമായ കാരണവുമുണ്ട്. എങ്കില്‍ വെള്ളം ഇല്ലാത്തതിനു തുല്യമാണ്. അതുപോലെ യാത്രയിലും മറ്റും അല്പം വെള്ളം മാത്രം കൈവശമുണ്ടെങ്കില്‍ അതു കുടിക്കാനുപയോഗിക്കുകയും ശുദ്ധീകരണത്തിന് തയമ്മും അവലംബിക്കുകയും ചെയ്യാം. ഇങ്ങനെ ഏതെങ്കിലും കാരണത്താല്‍ തയമ്മും ചെയ്താല്‍ വുദൂ പോലെ അതും സാധുവാണ്. തയമ്മും ചെയ്തു നമസ്‌കരിച്ച ശേഷം വെള്ളം കിട്ടിയെങ്കില്‍ മാറ്റി നമസ്‌കരിക്കേണ്ടതില്ല. ഒരു തയമ്മും കൊണ്ട് എത്ര നമസ്‌കാരവും നിര്‍വഹിക്കാം. വുദൂ ദുര്‍ബലപ്പെടുന്ന കാരണങ്ങള്‍  കൊണ്ട് തയമ്മുമും ദുര്‍ബലപ്പെടുന്നു.

അബൂസഈദില്‍ ഖുദ്‌രീ(റ) പറയുന്നു: ''രണ്ടാളുകള്‍ യാത്ര പുറപ്പെട്ടു. നമസ്‌കാര സമയമായി. അവരുടെ പക്കല്‍ വെള്ളമില്ല. അവര്‍ ഭൂമിയുടെ ഉപരിഭാഗത്തെ അവലംബിച്ച് (തയമ്മും ചെയ്ത്) നമസ്‌കരിച്ചു. പിന്നീട് അവര്‍ക്ക് ആ നമസ്‌കാരത്തിന്റെ സമയത്തിനുള്ളില്‍തന്നെ വെള്ളംകിട്ടി. അവരിലൊരാള്‍ വുദൂ എടുത്ത് വീണ്ടും നമസ്‌കരിച്ചു. മറ്റെയാള്‍ ആവര്‍ത്തിച്ചില്ല. അവര്‍ നബിയുടെ അടുക്കലെത്തി ഈ വിവരം പറഞ്ഞു. രണ്ടാമത് നമസ്‌കരിക്കാത്ത ആളോട് പ്രവാചകന്‍  പറഞ്ഞു: നീ നബിചര്യയെ പ്രാപിച്ചു. നിന്റെ നമസ്‌കാരം നിനക്കു മതിയാവുന്നതാണ്. മറ്റെ ആളോട് നിനക്ക് രണ്ടു പ്രാവശ്യം നമസ്‌കരിച്ച പ്രതിഫലം കിട്ടി എന്നും അവിടുന്ന് പറഞ്ഞു'' (അബൂദാവൂദ്, തിര്‍മിദി).

വീണ്ടും നമസ്‌കരിക്കേണ്ടതില്ല എന്നു വളരെ വ്യക്തം. അതാണു നബിചര്യ. എന്നാല്‍ തയമ്മും ചെയ്തിട്ട് നമസ്‌കരിക്കുന്നതിന് മുമ്പായി വെള്ളം കിട്ടിയാല്‍ തയമ്മും ദുര്‍ബലപ്പെടും. 

Feedback
  • Wednesday Oct 23, 2024
  • Rabia ath-Thani 19 1446