Skip to main content

ജമാഅത്ത് നമസ്‌കാരം (7)

അഞ്ചു സമയത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സംഘം ചേര്‍ന്ന് നമസ്‌കരിക്കുന്നതിന് വളരെ പ്രാധാന്യമുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധൃതമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ്വ) പറഞ്ഞു: ''സംഘനമസ്‌കാരത്തിന് തനിയെ നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി ശ്രേഷ്ഠതയുണ്ട്'' (ബുഖാരി, മുസ്‌ലിം). 

ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് നമസ്‌കരിക്കുമ്പോള്‍ സമൂഹത്തിന്റെ ഐക്യവും ഒന്നിച്ച് അല്ലാഹുവിന് കീഴ്‌പ്പെടാനുള്ള സന്നദ്ധതയും തെളിയിക്കപ്പെടുന്നു. ഈ കൂട്ടായ്മ അവര്‍ക്ക് ഇഹ-പര നേട്ടങ്ങള്‍ ഉളവാക്കുന്നതാകുന്നു. സംഘനമസ്‌കാരം നിര്‍ബന്ധമാണെന്നതു പോലെയാണ് നബി(സ്വ) അത് സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. പ്രബലമായ സുന്നത്ത് എന്നാണ് കര്‍മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. കണ്ണുകാണാത്ത അബ്ദുല്ലാഹിബ്‌നു ഉമ്മുമക്തൂമി(റ)ന്, തന്നെ പള്ളിയിലേക്കെത്തിക്കാന്‍ ആളില്ലാതിരുന്നിട്ടും ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രവാചകന്‍ ഇളവ് അനുവദിച്ചില്ല (മുസ്‌ലിം).

ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നവരുടെ വിഷയത്തില്‍ ഗൗരവപൂര്‍വം പ്രവാചകന്‍(സ്വ) പറഞ്ഞു: ''അല്ലാഹുവാണ, ഒരാളോട് വിറക് കൊണ്ടുവരാന്‍ കല്പിക്കണമെന്ന് ഞാന്‍ കരുതിപ്പോകുന്നു. എന്നിട്ടയാള്‍ വിറകു കൊണ്ടുവരും. പിന്നീട് നമസ്‌കാരത്തിന് ബാങ്ക് വിളിക്കാന്‍ ഞാന്‍ കല്പി ക്കുകയും ഒരാളെ ഇമാമായി നിര്‍ത്തുകയും ചെയ്യും. പിന്നീട് ഞാന്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാത്തവരുടെ അടുക്കല്‍ചെന്ന് അവരുടെ വീടുകള്‍ കത്തിച്ചുകളയുവാന്‍ കരുതുന്നു. അല്ലാഹുവാണ, മാംസ നിബിഢമായ ഒരു അസ്ഥിയോ രണ്ട് തടിച്ച എല്ലുകളോ കിട്ടുമെന്ന് കണ്ടാല്‍ ഇശാ നമസ്‌കാരത്തിന് അവര്‍ പങ്കെടുക്കു മായിരുന്നു'' (ബുഖാരി, മുസ്‌ലിം).

ഇശാ നമസ്‌കാരവും സ്വുബ്ഹ് നമസ്‌കാരവും സംഘമായി നമസ്‌കരിക്കുന്നതിന് വളരെക്കൂടുതല്‍ പ്രാധാന്യ മുണ്ട്.  കൂടുതല്‍ ഖുര്‍ആന്‍ ഓതി നമസ്‌കരിക്കേണ്ട രണ്ട് നമസ്‌കാരങ്ങളാണവ. നബി(സ്വ) പറഞ്ഞു: ''കപടവിശ്വാസികള്‍ക്ക് ഏറ്റവും ഭാരമേറിയ (പ്രയാസകരമായ) നമസ്‌കാരങ്ങളാണ് ഇശാ നമസ്‌കാരവും സ്വുബ്ഹ് നമസ്‌കാരവും. അവ രണ്ടിന്റെയും പ്രതിഫലം അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിരങ്ങിയിട്ടെങ്കിലും അവയില്‍ പങ്കെടുക്കാന്‍ അവര്‍ വരുമായിരുന്നു'' (ബുഖാരി, മുസ്‌ലിം).

സ്വുബ്ഹ് നമസ്‌കാരത്തില്‍ കൂടുതല്‍ ഖുര്‍ആന്‍ ഓതി നമസ്‌കരിക്കേണ്ടതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ''സൂര്യന്‍ മധ്യത്തില്‍നിന്ന് തെറ്റിയാല്‍ രാത്രി ഇരുട്ടുന്നതുവരെ (നിശ്ചിതസമയങ്ങളില്‍) നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്‌കാരവും (നിലനിര്‍ത്തുക). തീര്‍ച്ചയായും പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു'' (വി.ഖു. 17:78). അതായത് മനുഷ്യരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കാന്‍ രാത്രിയും പകലും ചുമതലപ്പെട്ട ഇരുവിഭാഗം മലക്കുകളും സ്വുബ്ഹ് നമസ്‌കാരത്തിനു സാക്ഷികളായിരിക്കും എന്നു വിവക്ഷ.

സംഘമായി നമസ്‌കരിക്കുമ്പോള്‍ ഒരാള്‍ മുമ്പില്‍ നില്ക്കുകയും മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ പിറകില്‍ നില്‍ക്കുകയും വേണം. മുമ്പില്‍ നില്ക്കുന്നവന് 'ഇമാം' എന്നും പിറകില്‍ നില്ക്കുന്ന ഓരോരുത്തരെയും 'മഅ്മൂം' എന്നും പറയുന്നു. ഇമാമിന്റെ ഓരോ പ്രവര്‍ത്തനവും മഅ്മൂം പിന്തുടരണം. ഇമാമിനെ മറികടക്കാന്‍ പാടില്ല. നബി(സ്വ) പറഞ്ഞു: ''തീര്‍ച്ചയായും ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹത്തെ പിന്തുടരാന്‍ വേണ്ടിയാകുന്നു.''

നബി(സ്വ) ഗൗരവത്തോടെ ചോദിച്ചു: ''ഇമാമിനു മുമ്പേ തലയുയര്‍ത്തിയാല്‍ അല്ലാഹു അവന്റെ തല കഴുതത്തല പോലെയോ, രൂപം കഴുതയെപ്പോലെയോ ആക്കുന്നതിനെ നിങ്ങള്‍ ഭയപ്പെടുന്നില്ലേ?'' 

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: ''മനുഷ്യരേ, ഞാന്‍ നിങ്ങളുടെ ഇമാമാകുന്നു. അതിനാല്‍ റുകൂഇലോ സുജൂദിലോ നിറുത്തത്തിലോ ഇരുത്തത്തിലോ പിരിഞ്ഞു പോകുന്നതിലോ നിങ്ങള്‍ എന്നെ മറികടക്കരുത്'' (മുസ്‌ലിം, അഹ്മദ്).

Feedback