Skip to main content

ഖിയാമുല്ലൈല്‍ (6)

ഇശാ നമസ്‌കാരാനന്തരം സ്വുബ്ഹിന്റെ മുമ്പായി നമസ്‌കരിക്കേണ്ട സുന്നത്തു നമസ്‌കാരമാണ് ഖിയാമുല്ലൈല്‍ അഥവാ രാത്രി നമസ്‌കാരം. ഫര്‍ദ് കഴിഞ്ഞാല്‍ ഏറ്റവുമേറെ പ്രതിഫലമുള്ള നമസ്‌കാരമാണ് ഖിയാമുല്ലൈല്‍. ഇത് ആദ്യകാലത്ത് നിര്‍ബന്ധമായിരുന്നുവെന്നും പിന്നീട് നബി(സ്വ)ക്ക് മാത്രം നിര്‍ബന്ധവും മറ്റുള്ളവര്‍ക്ക് ഐഛികവുമായി നിശ്ചയിക്കപ്പെട്ടുവെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍  ഇതിന്റെ മഹത്വവും പ്രതിഫലവും റസൂലില്‍ നിന്നും മനസ്സിലാക്കിയ സഹാബികള്‍ ഈ നമസ്‌കാരം പതിവാക്കാനും ദീര്‍ഘനേരം നിര്‍വഹിക്കാനും മത്സരിച്ചത് കാണാം. പിന്നീട് അവര്‍ക്ക് തന്നെ പ്രയാസമായേക്കാവുന്ന വിധം അവര്‍ അതില്‍ താല്‍പര്യം അധികരിപ്പിച്ചപ്പോള്‍, അത്രത്തോളം അത് നിര്‍വഹിക്കേണ്ടതില്ലെന്ന് സൂറത്തു മുസ്സമ്മിലിലൂടെ അല്ലാഹു അവരെ ആശ്വസിപ്പിച്ചു. 

''നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്‌കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയുംചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. '' (73:20)

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നിങ്ങനെ ഒറ്റ റക്അത്തുകളായിട്ടാണ് അത് നിര്‍വഹിക്കേണ്ടത്. രണ്ടു റക്അത്തോ നാലു റക്അത്തോ കഴിഞ്ഞ് സലാം വീട്ടാം. അവസാനം ഒരു റക്അത്തായിട്ടോ മൂന്നു റക്അത്തായിട്ടോ നമസ്‌കരിക്കാം. വിത്ര്‍ നബി(സ്വ) പതിവാക്കിയിരുന്നു. അതില്‍ വീഴ്ച വരുത്തിയിരുന്നില്ല.

അലി(റ) പറയുന്നു: ''ഫര്‍ദ് നമസ്‌കാരം പോലെ വിത്ര്‍ നിര്‍ബന്ധമില്ല. എങ്കിലും അല്ലാഹുവിന്റെ റസൂല്‍(സ്വ) വിത്ര്‍ നമസ്‌കരിച്ചിട്ടുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഒറ്റയായി നമസ്‌കരിക്കുവിന്‍; കാരണം, അല്ലാഹു 'ഒറ്റ'യാകുന്നു. ഒറ്റയെ അവന്‍ ഇഷ്ടപ്പെടുന്നു.'' (അഹ്മദ്, ഹാകിം)

ഉറങ്ങിയെണീറ്റ് രാത്രിയുടെ അന്ത്യയാമത്തില്‍ നമസ്‌കരിക്കുന്നതാണ് ഉത്തമം. എന്നാല്‍ രാത്രി എഴുന്നേല്‍ക്കുകയില്ലെന്ന് തോന്നുന്നവന് നേരത്തെ നമസ്‌കരിക്കാം. ജാബിര്‍(റ) പറയുന്നു: ''നബി(സ്വ) പറഞ്ഞു: രാത്രിയുടെ അവസാനത്തില്‍ ഉണരുകയില്ലെന്നു കരുതുന്നവര്‍ രാത്രിയുടെ ആദ്യത്തില്‍ വിത്ര്‍ നമസ്‌കരിക്കട്ടെ. അവസാനഭാഗത്തിലെ നമസ്‌കാരത്തിന് മലക്കുകളുടെ സാന്നിധ്യമുണ്ട്. ആ സമയത്തെ നമസ്‌കാരമാണ് ശ്രേഷ്ഠമായത്'' (മുസ്‌ലിം, തിര്‍മിദി).

''രാത്രി നമസ്‌കാരം ഈരണ്ട് റക്അത്താണ്. പ്രഭാതമാകുന്നുവെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്തുകൊണ്ട് ഒറ്റയാക്കുക'' എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ രണ്ട് റക്അത്ത് കഴിഞ്ഞാല്‍ സലാം വീട്ടി അവസാനം ഒരു റക്അത്തായി നമസ്‌കരിക്കാം. നാലു റക്അത്ത് കഴിഞ്ഞ് സലാം വീട്ടിയതായും എട്ടു റക്അത്ത് കഴിഞ്ഞ് സലാം വീട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പ്രവാചകന് പ്രായം വരികയും തടി കൂടുകയും ചെയ്തപ്പോള്‍ ഏഴു റക്അത്ത് നമസ്‌കരിച്ചതായും ആറാമത്തെ റക്അത്തില്‍ സലാം വീട്ടി പിന്നെ ഒരു റക്അത്ത് നമസ്‌കരിച്ചതായും റിപ്പോര്‍ട്ടുണ്ട്. പതിനൊന്നില്‍ കൂടുതലായി പ്രവാചകന്‍ നമസ്‌കരിച്ചിട്ടില്ല. ചില റിപ്പോര്‍ട്ടുകളില്‍ പതിമൂന്ന് റക്അത്ത് നമസ്‌കരിച്ചുവെന്ന് കാണപ്പെടുന്നുണ്ട്. അത് സ്വുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് ഉള്‍പ്പെടെയാണെന്നാണ് ഹദീസ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്.

നമസ്‌കാരം അവസാനിച്ചാല്‍ മൂന്നുതവണ സുബ്ഹാനല്‍ മലികുല്‍ ഖുദ്ദൂസ്(80) എന്നു പറയണം. മൂന്നാമത്തേത് അല്പം ഉറക്കെയും നീട്ടിയുമായിരിക്കണം. (അഹ്മദ്, അബൂദാവൂദ്, നസാഈ)

ദാറഖുത്‌നിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍ന്ന് ഇപ്രകാരം നബി(സ്വ) പറഞ്ഞിരുന്നുവെന്നുണ്ട്: റബ്ബുല്‍ മലാഇകതി വര്‍റൂഹ്(81).

വിത്‌റിനു ശേഷം നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുമ്മ ഇന്നീ അഊദു ബിരിളാക മിന്‍ സുഖ്ത്വിക വബിമുആഫാതിക മിന്‍ ഉഖൂബതിക്, വ അഊദുബിക മിന്‍ക ലാ ഉഹ്‌സ്വീ സനാഅ അലയ്ക അന്‍ത കമാ അസ്‌നയ്ത അലാ നഫ്‌സിക(82) (അല്ലാഹുവേ, നിന്റെ കോപത്തില്‍ നിന്ന് നിന്റെ തൃപ്തിയില്‍ ഞാന്‍ അഭയം തേടുന്നു. നിന്റെ ശിക്ഷയില്‍ നിന്ന് നിന്റെ മാപ്പിലും, നിന്നില്‍ നിന്ന് നിന്നിലേക്കുതന്നെ ഞാന്‍ അഭയം തേടുന്നു. നിന്നെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ എത്രയെന്ന് നിജപ്പെടുത്താനെനിക്ക് കഴിയില്ലതന്നെ. നീ, നിന്നെ നീ തന്നെ പുകഴ്തിയതു പോലെയാണ്).
 

Feedback
  • Thursday May 2, 2024
  • Shawwal 23 1445