Skip to main content

റക്അത്തുകള്‍

തഹജ്ജുദ്, വിത്‌റ്, ഖിയാമുല്ലൈല്‍, തറാവീഹ് എന്നെല്ലാം പറയപ്പെടുന്നത് ഒരേ നമസ്‌കാരത്തിനാണ്. അത് പതിനൊന്ന് റക്അത്തായിട്ടാണ് നബി(സ്വ) നമസ്‌കരിച്ചത്. ''സലമത്തുബ്‌നു അബ്ദിര്‍റഹ്മാന്‍ ആഇശ(റ)യോട് ചോദിച്ചു: 'റമദാന്‍ മാസത്തില്‍ നബി(സ്വ)യുടെ നമസ്‌കാരം എപ്രകാരമായിരുന്നു?' അവര്‍ പറഞ്ഞു: 'റസൂല്‍ (സ്വ) റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്നു റക്അത്തില്‍ വര്‍ധിപ്പിച്ചിട്ടില്ല. അദ്ദേഹം നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയോ ദൈര്‍ഘ്യമോ എത്രയെന്ന് എന്നോട് ചോദിക്കേണ്ട. പിന്നീട് നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയും ദൈര്‍ഘ്യവും എത്രയെന്ന് എന്നോട് ചോദിക്കേണ്ട. പിന്നെ മൂന്ന് റക്അത്ത് നമസ്‌കരിക്കും.' ആഇശ(റ) പറയുകയാണ്: 'ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, വിത്ര്‍ നമസ്‌കരിക്കും മുമ്പെ അവിടുന്ന് ഉറങ്ങുകയാണോ?' പ്രവാചകന്‍ പറഞ്ഞു: 'ആഇശാ, എന്റെ രണ്ടു കണ്ണുകള്‍ ഉറങ്ങിയാലും എന്റെ മനസ്സ് ഉറങ്ങുകയില്ല.'' (മുസ്‌ലിം: 738)

നാലു റക്അത്ത് കഴിഞ്ഞാല്‍ കുറഞ്ഞ സമയം മയങ്ങാറുണ്ടായിരുന്നു. പ്രവാചകന്‍. അതിനാലാണ് വിത്ര്‍ നമസ്‌കരിക്കും മുമ്പെ ഉറങ്ങുകയാണോയെന്ന് ചോദിച്ചത്.

സ്വുബ്ഹിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം പതിമൂന്ന് റക്അത്ത് നബി(സ്വ) നമസ്‌കരിച്ചിരുന്നുവെന്ന് ആഇശ(റ)യില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. ''ഉര്‍വത്തുബ്‌നു സുബൈറി(റ)നോട് ആഇശ(റ) പറയുകയുണ്ടായി: പ്രഭാത നമസ്‌കാരത്തിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു.'' (മുസ്‌ലിം: 737)

വിത്‌റ് നമസ്‌കാരത്തിലെ റക്അത്തുകളുടെ എണ്ണത്തില്‍ ഭിന്നവീക്ഷണങ്ങള്‍ ഉള്ളവരുണ്ട്. പല കര്‍മശാസ്ത്ര പണ്ഡിതന്മാരും തറാവീഹ് ഇരുപത് റക്അത്തും പുറമെ വിത്‌റും നമസ്‌കരിക്കണമെന്നും ചിലര്‍ അതിലേറെയാണെന്നും അഭിപ്രായപ്പെടുകയും തദടിസ്ഥാനത്തില്‍ പല നാടുകളിലും മുസ്‌ലിംകള്‍ തറാവീഹ് നമസ്‌കരിച്ചുവരികയും ചെയ്യുന്നു. 

എന്നാല്‍  നബി(സ്വ)യുടെ ചര്യയെ അവലംബിക്കുന്നവരും സൂക്ഷ്മത പുലര്‍ത്തുന്നവരും കൃത്യമായ ഹദീസ് വ്യക്തമാക്കുന്ന വിധത്തില്‍, പരമാവധി പതിനൊന്ന് റക്അത്ത് നമസ്‌കരിക്കുകയാണ് വേണ്ടത്. അതില്‍ ഓരോ റക്അത്തിലും നിര്‍ത്തം, റുകൂഅ്, സുജൂദ് എന്നിവ ദീര്‍ഘിപ്പിച്ച് സുന്നത്ത് പിന്‍പറ്റുകയും പ്രതിഫലം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

Feedback