Skip to main content

സുന്നത്ത് നമസ്‌കാരങ്ങള്‍ (9)

അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനാ കര്‍മമാണ് നമസ്‌കാരം. എന്നാല്‍ മുസ്‌ലിമായ ഒരാള്‍ നിര്‍ബന്ധമായും (ഫര്‍ദ്) ദിനംപ്രതി നമസ്‌കരിക്കേണ്ടത് അഞ്ചു പ്രാവശ്യമാണ്. മുആദുബ്‌നു ജബലി(റ)നെ യമനിലേക്ക് അയക്കുമ്പോള്‍ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ''താങ്കള്‍ അവരെ ആദ്യമായി ക്ഷണിക്കേണ്ടത് അല്ലാഹുവല്ലാതെ ആരാധ്യനായി മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള കാര്യത്തിലേക്കാണ്. അത് അവര്‍ അംഗീകരിച്ചാല്‍ ഒരു ദിവസത്തില്‍ അല്ലാഹു അവര്‍ക്ക് അഞ്ചു പ്രാവശ്യം നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പറയുക.''

എന്നാല്‍  ഈ പ്രധാന ആരാധന അധികമായി നിര്‍വഹിക്കുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. അതിനാല്‍ അല്ലാഹുവിനോട് ഏറെ അടുക്കാന്‍ ആഗ്രഹിക്കുന്ന അടിമക്ക് ഐഛികമായി നിര്‍വഹിക്കാന്‍ മറ്റു ചില നമസ്‌കാരങ്ങള്‍ അവന്‍ അനുവദിച്ചിട്ടുണ്ട്.      ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കുന്നതോടൊപ്പം അതിന്റെ മുമ്പോ പിമ്പോ സൗകര്യപ്രദമായ വിധത്തില്‍ നിര്‍വഹിക്കുന്ന സുന്നത്തു നമസ്‌കാരങ്ങള്‍ ഇതില്‍പെട്ടതാണ്. ഫര്‍ദ് നമസ്‌കാരങ്ങളില്‍ വന്നിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കാനും വിചാരണ വേളയില്‍ തുലാസ് ഘനം തൂങ്ങാനും അതുപകരിക്കും. ഇതു കൂടാതെയും തഹജ്ജുദ്, തഹിയ്യത് തുടങ്ങിയ വളരെ പ്രധാനപ്പെട്ട സുന്നത്തു നമസ്‌കാരങ്ങളുണ്ട്. നമസ്‌കാരം അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്നു കരുതി നബി(സ്വ)യുടെ മാതൃകയില്ലാതെ എപ്പോഴും എത്രയും നമസ്‌കരിക്കാന്‍ പാടില്ല.

''അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: നമ്മുടെ നാഥന്‍ അവന്റെ മലക്കുകളോട് പറയും- അവനാണ് കൂടുതല്‍ അറിയുന്നവന്‍- എന്റെ അടിമയുടെ നമസ്‌കാരത്തെ നിങ്ങള്‍ വീക്ഷിക്കുവിന്‍; അവനത് പൂര്‍ത്തിയാക്കിയിട്ടുണ്ടോ അതോ കുറവു വരുത്തിയിട്ടുണ്ടോയെന്ന്. അത് പൂര്‍ണമാണെങ്കില്‍അവന്ന് അത് പൂര്‍ണമായി രേഖപ്പെടുത്തപ്പെടും. അതില്‍ അവന്‍ വല്ല കുറവും വരുത്തിയിട്ടുണ്ടെങ്കില്‍ അല്ലാഹു പറയും: എന്റെ അടിമ വല്ല സുന്നത്തുകളും നിര്‍വഹിച്ചിട്ടുണ്ടോയെന്ന് നിങ്ങള്‍ നോക്കുവിന്‍. അവന്ന് സുന്നത്തുകളു ണ്ടെങ്കില്‍ അല്ലാഹു പറയും: സുന്നത്തു കാരണത്താല്‍എന്റെ അടിമയുടെ ഫര്‍ദ് നമസ്‌കാരത്തെ നിങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്തുവിന്‍. പിന്നീട് അതനുസരിച്ചായിരിക്കും അവന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക'' (അബൂദാവൂദ്).

''തലമുടി പാറിപ്പറന്നുകൊണ്ട് നജ്ദ് ദേശക്കാരനായ ഒരാള്‍ നബി(സ്വ)യുടെ അടുത്തു വന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ മുഴക്കം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്; പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അങ്ങനെ നബിയുടെ അടുത്തെത്തിയപ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച് അദ്ദേഹം ചോദിക്കുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'രാപ്പകലുകളിലായി അഞ്ചുനേരത്തെ നമസ്‌കാരം (നിര്‍ബന്ധമാണ്.)' അദ്ദേഹം ചോദിച്ചു: 'വേറെ വല്ലതും നിര്‍ബന്ധമുണ്ടോ?' നബി(സ്വ) പറഞ്ഞു: 'ഇല്ല; സുന്നത്തായി നീ നമസ്‌കരിക്കുന്നതൊഴികെ'' (മുസ്‌ലിം). 

''റബീഅ: പറയുന്നു: നബി(സ്വ) എന്നോട് പറഞ്ഞു: ''ചോദിക്കൂ.'' ഞാന്‍ പറഞ്ഞു: 'അങ്ങയോടൊപ്പം സ്വര്‍ഗ പ്രവേശം ഞാന്‍ ചോദിക്കുന്നു.'' അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''മറ്റെന്തെങ്കിലും ചോദിക്കൂ.'' അപ്പോള്‍ ഞാന്‍ പറഞ്ഞു: ''അതുതന്നെയാണ് ഞാന്‍ ചോദിക്കുന്നത്.'' നബി(സ്വ) പറഞ്ഞു: 'എങ്കില്‍ ധാരാളം നമസ്‌കരിച്ചു കൊണ്ട് എന്നെ നീ സഹായിക്കൂ'' (മുസ്‌ലിം).

സുന്നത്തു നമസ്‌കാരങ്ങള്‍ കഴിയുന്നതും വീടുകളില്‍ വച്ചാണ് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ വച്ച് ഫര്‍ദ് നമസ്‌കരിച്ചതിനുശേഷം വീട്ടിലെത്തുമ്പോഴേക്ക് അത് നിര്‍വഹിക്കാതിരിക്കുന്ന സാധ്യത കാണുന്നപക്ഷം പള്ളിയില്‍ വച്ച് തന്നെ അത് നിര്‍വഹിക്കുകയാണ് നല്ലത്. 

''ജാബിര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞിരിക്കുന്നു: നിങ്ങള്‍ പള്ളിയില്‍ വച്ച് നമസ്‌കരിക്കുന്ന പക്ഷം തന്റെ വീട്ടിനും നമസ്‌കാരത്തിന്റെ ഒരു പങ്ക് നല്കുക. തീര്‍ച്ചയായും വീട്ടില്‍ വച്ച് നമസ്‌കരിക്കുന്നതിന്റെ പേരില്‍ അല്ലാഹു ഗുണം ചെയ്യുന്നതാണ്'' (മുസ്‌ലിം, അഹ്മദ്). 

''അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിരിക്കുന്നു; നിങ്ങളുടെ നമസ്‌കാരങ്ങളില്‍ നിന്ന് കുറച്ച് ഭാഗം നിങ്ങളുടെ വീടുകളിലാക്കുക. വീടുകളെ നിങ്ങള്‍ ഖബ്‌റിടങ്ങളാക്കരുത്.''

Feedback
  • Saturday Apr 27, 2024
  • Shawwal 18 1445