Skip to main content

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ പദ്ധതിക്ക് രൂപകല്പന ചെയ്യാന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.  

Dr.Muhammed Kamal Ismail

1908 സെപ്തംബര്‍ 15 ന് ഡക്കാലിയ ഗവര്‍ണറേറ്റിലെ മിത്ഗാമര്‍ നഗരത്തിലാണ് മുഹമ്മദ് കമാല്‍ ജനിച്ചത്. നഗരത്തിലെ പ്രൈമറി സ്‌കൂളില്‍ പഠിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം അലക്‌സാണ്ട്രിയയിലേക്ക് മാറി. അവിടെ അബ്ബാസിയ സ്‌കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കെയ്‌റോയിലെ കിംഗ് ഫുആദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം. എഞ്ചിനീയറിങ്ങ് പഠനത്തോടൊപ്പം വാസ്തുവിദ്യയിലും വ്യുത്പത്തി നേടി. ബിരുദാനന്തരം വാസ്തുകലയെ നവീകരിക്കുകയും ഈജിപ്ഷ്യന്‍ പള്ളികളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും പ്രചോദനമായി.

ഈജിപ്തിന്റെ ചരിത്രത്തില്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, റോയല്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ ചേരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ഇതെല്ലാമായിരുന്നു മുഹമ്മദ് കമാല്‍.  

1930-കളുടെ തുടക്കത്തില്‍ കിംഗ് ഫുആദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1933-ല്‍ ഫ്രാന്‍സിലെ ബോസല്‍ സ്‌കൂളില്‍ നിന്ന് വാസ്തുകലയില്‍ ഡോക്ടറേറ്റ് നേടി. ഈ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മുഹമ്മദ് കമാല്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എഞ്ചിനീയറിംഗിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.

ഈജിപ്തില്‍ തിരിച്ചെത്തി, റോയല്‍ ബില്‍ഡിംഗ്‌സ് അതോറിറ്റിയില്‍ ജോലി ചെയ്തു. 1948ല്‍ അതിന്റെ ഡയറക്ടറായി. അക്കാലത്തെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും വകുപ്പുകളുടെയും നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഹൈക്കോടതി, ടെലിഫോണ്‍, സര്‍ക്കാര്‍ സമുച്ചയങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ കരവിരുതുകളാല്‍ രൂപകല്പന ചെയ്യപ്പെട്ടു.  

വിശുദ്ധ ഹറമുകളുടെ വിപുലീകരണം

ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവ് മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി എന്നിവയുടെ വിപുലീകരണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും മുഹമ്മദ് കമാലിനെ ചുമതലപ്പെടുത്തി. നടന്നതില്‍  ഏറ്റവും വലിയ വിപുലീകരണമായിരുന്നു ഇത്.

നബിയുടെ മസ്ജിദിന്റെ വിസ്തീര്‍ണം 14,000 ചതുരശ്ര മീറ്ററായിരുന്നു. അത് 104,000 ചതുരശ്ര മീറ്ററായും മസ്ജിദുല്‍ ഹറം 265,000 ചതുരശ്ര മീറ്ററില്‍ നിന്ന് 315,000 ചതുരശ്ര മീറ്ററായും വര്‍ധിപ്പിച്ചു. മേല്ക്കൂര, എയര്‍കണ്ടീഷണറുകള്‍, അണ്ടര്‍ഗ്രൗണ്ടിനകത്ത് 5000 കാറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഗാരേജ്, തണുപ്പും ചൂടും ബാധിക്കാത്ത വെള്ള മാര്‍ബിള്‍ തുടങ്ങി അദ്ദേഹം മേല്‍നോട്ടം വഹിച്ച വിപുലീകരണ പദ്ധതികളേറെയാണ്. ജോലികളുടെ ആകെ ചെലവ് 18 ബില്യണ്‍ ഡോളറാണ്.

Haram old and New

മുഹമ്മദ് കമാല്‍ ഇസ്മായില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഠിനാധ്വാനം ചെയ്തു. വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടും, എഞ്ചിനീയറിംഗ് രൂപകല്പനയ്‌ക്കോ മേല്‍നോട്ടത്തിനോ ഒരു പ്രതിഫലവും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഫഹ്ദ് രാജാവും ബിന്‍ ലാദന്‍ കമ്പനിയും ഏറെ ശ്രമിച്ചിട്ടും കമാലിന്നയച്ച ദശലക്ഷക്കണക്കിന് റിയാലിന്റെ ചെക്ക് അദ്ദേഹം മടക്കിയയച്ചു. അദ്ദേഹം ബക്കര്‍ ബിന്‍ ലാദനോട് പറഞ്ഞു: 'രണ്ട് പവിത്രമായ മസ്ജിദുകളില്‍ ഞാന്‍ എന്തിന് എന്റെ ജോലിക്ക് പണം സ്വീകരിക്കണം? വിധി ദിനത്തില്‍ ഞാന്‍ അല്ലാഹുവിനെ എങ്ങനെ നേരിടും?'. 

ഹറമില്‍ തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യുന്നതിന് നിലത്ത് പാകിയ മാര്‍ബിളിനു പിന്നില്‍  അതിശയകരമായ ഒരു കഥയുണ്ട്.  ചൂട് പൂര്‍ണമായും ആഗിരണം ചെയ്യുന്ന പ്രത്യേക തരം മാര്‍ബിളാ ണ് അവിടെ പാകിയിട്ടുള്ളത്.  ഗ്രീസിലെ ഒരു ചെറിയ പര്‍വതത്തില്‍ മാത്രമേ അവ കണ്ടെത്താന്‍ കഴിയുമായിരുന്നുള്ളൂ. 
അദ്ദേഹം ഗ്രീസിലേക്ക് പോയി. അവിടെയുള്ളതിന്റെ പകുതി മാര്‍ബിളായിരുന്നു ആവശ്യമുണ്ടായിരുന്നത്. അവരുമായി കരാര്‍ ഒപ്പിട്ടു. മാര്‍ബിള്‍ മക്കയിലെത്തിച്ച് അവ നിലത്തു പാകി.

15 വര്‍ഷത്തിന് ശേഷം മസ്ജിദുന്നബവിയുടെ പരിസരത്ത് സമാനമായ തരത്തില്‍ മാര്‍ബിളിടാന്‍ സുഊദി സര്‍ക്കാര്‍ കമാലിനോട് ആവശ്യപ്പെട്ടു. ഹറമില്‍ പതിച്ച അതേ മാര്‍ബിള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. കാരണം നേരത്തേ തന്നെ ആ മാര്‍ബിള്‍ ശേഖരത്തിന്റെ പകുതി അദ്ദേഹം മക്കയിലേക്ക് വാങ്ങിയിരുന്നല്ലോ.

മുഹമ്മദ് കമാല്‍ ഗ്രീസിലേക്ക് പോയി. കമ്പനിയുടെ ഡയറക്ടറോട് സ്‌റ്റോക്കിന്റെ ബാലന്‍സ് ചോദിച്ചു. അത് വിറ്റുപോയെന്ന് പറഞ്ഞു. ഇതു കേട്ടപ്പോള്‍ മുഹമ്മദ് കമാല്‍ ദുഃഖിതനായി. അടുത്ത ദിവസത്തെ വിമാനത്തില്‍ മടങ്ങാനൊരുങ്ങി. ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ബാക്കിയുള്ളത് ആരാണ് വാങ്ങിയതെന്ന് ആരാഞ്ഞു.

വാങ്ങുന്നയാളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അവര്‍ മറുപടി നല്കി.  ഗ്രീസ് വിടുന്നതിന് ഒരു ദിവസം മാത്രമേ ഉള്ളൂവെങ്കിലും നേരത്തെ വാങ്ങിയ ആളുമായി ബന്ധപ്പെട്ടു നോക്കാന്‍ അവരോട് അഭ്യര്‍ഥിച്ചു. മാര്‍ബിളിന്റെ ബാക്കി ഭാഗം വാങ്ങിയ ആളെ കണ്ടെത്തണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. 

Masjidu Nabavi

അടുത്ത ദിവസം, എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ്, വാങ്ങിയ ആളെ കണ്ടെത്തിയ വിവരം ലഭിച്ചു.  ഒരു സൗദി കമ്പനിയായിരുന്നു അത് വാങ്ങിയിരുന്നത്. അദ്ദേഹം സുഊദിയിലേക്ക് മടങ്ങി. മാര്‍ബിളിനെക്കുറിച്ച് ചോദിക്കാന്‍ കമ്പനിയുടെ ഓഫീസിലേക്ക് നേരിട്ട് പോയി. അതിപ്പോഴും സ്‌റ്റോക്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അവര്‍ മറുപടി പറഞ്ഞപ്പോള്‍  സന്തോഷത്താല്‍ കമാല്‍ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരഞ്ഞതെന്ന് മാര്‍ബിളിന്റെ ഉടമ ചോദിച്ചു. മുഹമ്മദ് കമാല്‍ മുഴുവന്‍ കഥയും പറഞ്ഞു. മെറ്റീരിയല്‍ വാങ്ങുന്നതിന് ആവശ്യമായ വിലയെഴുതാന്‍ തന്റെ ബ്ലാങ്ക് ചെക്ക് അവര്‍ക്ക് നല്കി.

പക്ഷേ, ഉടമ ഒരു ദിര്‍ഹം പോലും സ്വീകരിക്കില്ലെന്ന് കമാലിനോട് പറയുകയും പകരം എല്ലാ മാര്‍ബിളും 'ഫീസബീലില്ലാഹ്' (അല്ലാഹുവിന് വേണ്ടി) സൗജന്യമായി നല്കുമെന്ന് പ്രത്യുത്തരമേകി.

രചനകള്‍
ഈജിപ്ഷ്യന്‍ പള്ളികളുടെ രൂപകല്പനകളും ശൈലികളും വാസ്തുവിദ്യാ സവിശേഷതകളും ഇസ്‌ലാമിക നാഗരികതയുടെ ഓരോ ഘട്ടവും വിശദമാക്കുന്ന നാല് വാല്യങ്ങളുള്ള ഒരു എന്‍സൈക്ലോപീഡിയ അറബ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലൈബ്രറിയിലേക്ക് അദ്ദേഹം സമര്‍പിച്ചു. ഈ ഗ്രന്ഥം യൂറോപ്പില്‍പ്രിന്റ് ചെയ്‌തെങ്കിലും ലൈബ്രറികളിലല്ലാതെ ഇതിന്റെ പകര്‍പ്പുകളൊന്നും ഇന്ന് അവശേഷിക്കുന്നില്ല.

സ്വകാര്യ ജീവിതം
44ാം വയസ്സിലാണ് അദ്ദേഹം വിവാഹിതനാവുന്നത്. ഒരു മകന്‍ ജനിച്ചെങ്കിലും ഭാര്യ മരണപ്പെട്ടു. അതിനുശേഷം അദ്ദേഹം അവിവാഹിതനായി തുടര്‍ന്നു. മാധ്യമങ്ങളുടെയും പ്രശസ്തിയുടെയും പണത്തിന്റെയും വെളിച്ചത്തില്‍ നിന്ന് അകന്ന് രണ്ടു വിശുദ്ധ മസ്ജിദുകളുടെ സേവനത്തിനായി ജീവിതം മാറ്റി വെക്കുകയും ചെയ്തു. 2008 ല്‍ മരണപ്പെട്ടു. 

Feedback