Skip to main content

അലാവുദ്ദീന്‍ ഖില്‍ജി

കശ്മീര്‍ ഒഴിച്ചുള്ള ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവനായും മുസ്‌ലിം ഭരണത്തിന് കീഴില്‍ വന്ന കാലമായിരുന്നു അലാവുദ്ദീന്‍ ഖില്‍ജിയുടെത്.  വൈദേശികാക്രമണങ്ങളില്‍ നിന്ന് മുക്തമായതോടെ, രാജ്യ വിസ്തൃതി കൂട്ടാന്‍ അലാവുദ്ദീന് അവസരം കൈവന്നതാണ് കാരണമായത്.  മാള്‍വ, ഗുജറാത്ത്, രജപുത്താന, ഡക്കാന്‍ എന്നിവ വഴി കന്യാകുമാരിവരെ ഖില്‍ജിയുടെ സൈന്യമെത്തി.


1299ലാണ് അലാവുദ്ദീന്‍ ഭരണത്തിലെത്തിയത്.  നിരക്ഷരനായിരുന്നെങ്കിലും, കഴിവും കാര്യശേഷിയുമുണ്ടായിരുന്നു അദ്ദേഹത്തിന്.  രാജ്യത്തെ ധാര്‍മിക നിലവാരം മെച്ചപ്പെടുത്താനും നിത്യോപയോഗ വസ്തുക്കളുടെ വില നിയന്ത്രിക്കാനും മദ്യനിരോധനം ഏര്‍പ്പെടുത്താനും കഴിഞ്ഞത് അലാവുദ്ദീനെ ജയപ്രിയനാക്കി മാറ്റി.  മദ്യാപാനവും ചൂതാട്ടവും പലിശയും തുടച്ചു നീക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


പണ്ഡിതരും കവികളും സ്വൂഫികളും എമ്പാടുമുണ്ടായി ഇക്കാലത്ത്. ചരിത്രകാരനായ ഫരിസ്താന്‍ ഇത്തരത്തിലുള്ള 146 പ്രഗല്‍ഭമതികളുടെ പേരുകള്‍ ഉദ്ധരിക്കുന്നുണ്ട്.  സ്വൂഫിവര്യനായിരുന്ന ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍, ഖില്‍ജിയുടെ സമകാലികനായിരുന്നു.  വിശ്രുത കവി അമീര്‍ഖുസ്‌റു ഉള്‍പ്പെടെയുള്ളവര്‍ അലാവുദ്ദീന്റെ ദര്‍ബാറിനെ ധന്യമാക്കിയിരുന്നു.
ഇദ്ദേഹത്തിന്റെ അനശ്വര നിര്‍മിതികളും ഡല്‍ഹിയിലുണ്ട്.  ഖുതുബുദ്ദീന്‍ ഐബക്കിന്റെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് നവീകരിച്ച ഇദ്ദേഹം, ഖുതുബ്മിനാറിനെ വെല്ലുന്ന മിനാരം നിര്‍മിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു.  എന്നാല്‍ ആ ശ്രമം വിജയിച്ചില്ല.


1319ല്‍ അലാവുദ്ദീന്‍ ഖില്‍ജി നിര്യാതനായി.
പിന്നീട് അധികാരത്തിലെത്തിയത് പുത്രന്‍ ശിഹാബുദ്ദീന്‍ ഉമര്‍ഷായും തുടര്‍ന്ന് ഖുതുബുദ്ദീന്‍ മുബാറക്ക് ഷായും ആണ്.  പിതാവില്‍ നിന്ന് നയതന്ത്രം പഠിച്ചിട്ടില്ലാത്ത മുബാറക്ക് ഷാ സമ്പൂര്‍ണ പരാജയമായപ്പോള്‍ കൂടെയുണ്ടായിരുന്ന ഖുസ്രുഖാന്‍ ഭരണം പിടിക്കുകയും ഷായെ വധിക്കുകയും ചെയ്തു.  കുടുംബങ്ങളെയും അയാള്‍ കൊന്നൊടുക്കി.


എന്നാല്‍ ഖുസ്രുവിനും അധിക കാലം വാഴാനായില്ല.  മുള്‍ത്താനിലെ ഗവര്‍ണറായിരുന്ന ഗാസിമാലിക് ഖുസ്രുവിനെ വധിക്കുകയും അധികാരം പിടിക്കുകയും ചെയ്തു. 1320ല്‍ ഖില്‍ജി വാഴ്ചക്ക് വിരാമമാവുകയും ചെയ്തു.  മൂന്നു പതിറ്റാണ്ട് മാത്രമായിരുന്നു ഖില്‍ജികളുടെ ഡല്‍ഹി ഭരണം.

    

Feedback