Skip to main content

ഗസ്‌നവീ ഭരണാധികാരികള്‍

രണ്ടു ശതാബ്ദത്തിലേറെ നീണ്ടു നിന്ന ഗസ്‌നവീ ഭരണകാലത്ത് മഹ്മൂദിനു ശേഷവും, പതിനൊന്നു പേര്‍ അധികാരം വാണു. അദ്ദേഹത്തിനു ശേഷം ഭരണത്തിലേറിയ ഗസ്‌നവി ഭരണാധികാരികള്‍ മുഹമ്മദ് (രണ്ടു തവണ), മസ്ഊദ്, മൗദൂദ്, മസ്ഊദ് രണ്ടാമന്‍, അലി, അബ്ദുര്‍റശീദ്, ത്വഗ്‌റിന്‍ ബൂദാന്‍, ഫര്‍റൂഖ് സാദ, ഇബ്‌റാഹീം, മസ്ഊദു ബ്‌നു ഇബ്‌റാഹീം, ശര്‍സാദ്, അറിസ്‌ലാന്‍ ശാഹ്, ബഹ്‌റാം ശാഹ്, ഖുസ്‌റൂ ശാഹ്, ഖുസ്‌റു മാലിക് എന്നിവരായിരുന്നു. ഇവരില്‍ എടുത്തു പറയേണ്ടവര്‍ മഹ്മൂദിന്റെ പുത്രന്‍ മസ്ഊദ് ഒന്നാമന്‍, ഇബ്‌റാഹീം എന്നിവര്‍ മാത്രമാണ്.  വിശാലമായ ഒരു രാജ്യത്തെ നിയന്ത്രിക്കാനുള്ള പ്രതിഭയോ കാര്യശേഷിയോ ഉള്ളവരായി ഗസ്‌നവീ കുലത്തില്‍ പിന്നീട് ആരും ഉദയം ചെയ്തില്ലെന്നതാണ് തകര്‍ച്ചക്ക് മുഖ്യ ഹേതുവായത്.

മഹ്മൂദിന്റെ നിര്യാണത്തോടെ സല്‍ജൂക്ക് ആക്രമണമുണ്ടായി.  വടക്കു കിഴക്കന്‍ ഭാഗങ്ങള്‍ അവര്‍ പിടിച്ചപ്പോള്‍ അഫ്ഗാനിലും പാക്കിസ്താനിലും മാത്രമായിച്ചുരുങ്ങി ഗസ്‌നവി സല്‍ത്വനത്ത്.  1059 മുതല്‍ 40 വര്‍ഷക്കാലം വാണ ഇബ്‌റാഹീമാണ് ഗസ്‌നവി  ഭരണത്തിന് നവോന്‍മേഷം നല്‍കിയത്. ഇദ്ദേഹം ഡല്‍ഹി വരെയുളള സ്ഥലങ്ങള്‍ പിടിച്ചെടുക്കുകയും ബനാറസ് വരെ പടയോട്ടം നടത്തുകയും ചെയ്തു.

മതഭക്തനും ജനസേവനകനുമായിരുന്ന ഇബ്‌റാഹീം, ഖലീഫ ഉമറി(റ)നെപ്പോലെ, ഗസ്‌നി നഗരത്തില്‍ രാത്രികാല നിരീക്ഷണം നടത്തിയിരുന്നു.  ഖുര്‍ആന്‍ എഴുതിയും മതപഠന കേന്ദ്രങ്ങളും പള്ളികളും തുറന്നും മത സേവനം നടത്തിയ ഈ ഭരണാധികാരി, ജനങ്ങള്‍ക്കായി വീടുകളും യാത്രക്കാര്‍ക്കായി മുസാഫിര്‍ ഖാനകളും പണിത് പ്രജാസേവനത്തിനും മുന്നിട്ടിറങ്ങി.

പാക്കിസ്താന്റെയും ഉത്തരേന്ത്യയുടെയും മണ്ണില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന് വിത്തിട്ട ഗസ്‌നവി ഭരണം 1186ല്‍, ശിഹാബുദ്ദീന്‍ അല്‍ഗോര്‍ മാഹോര്‍ പിടിച്ചടക്കിയതോടെ നിലംപതിക്കു കയായിരുന്നു. 210 വര്‍ഷമാണ് ഗസ്‌നവികള്‍ ചെങ്കോലേന്തിയത്. 

Feedback