Skip to main content

ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം (2)

അന്തിമ പ്രവാചകന്‍ മുഹമ്മദ്(സ്വ) ഇസ്‌ലാം പ്രബോധന ദൗത്യം ആരംഭിച്ചത് മക്കയില്‍ വളരെ പരിമിതമായ ചുറ്റുപാടിലായിരുന്നു. മദീന പലായനത്തോടെ മുസ്‌ലിം സമൂഹത്തിന് അസ്തിത്വമുണ്ടായി. പ്രവാചക വിയോഗമാകുമ്പോഴേക്ക് ഇസ്‌ലാം ഒരു വലിയ പ്രദേശത്ത് വ്യാപിച്ചു കഴിഞ്ഞിരുന്നു. അറേബ്യ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാമിക രാജ്യമായിത്തീര്‍ന്നു. പ്രവാചകന്റെ പിന്നാലെ മുസ്‌ലിംകളുടെ നേതൃത്വവും രാജ്യത്തിന്റെ ഭരണവും ഏറ്റെടുത്തത് ഖുലഫാഉര്‍റാശിദുകള്‍ എന്നറിയപ്പെട്ട ഖലീഫമാരായിരുന്നു. രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ കാലം ഇതര രാജ്യങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കാന്‍ തുടങ്ങി. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ട് ഇസ്‌ലാം ലോകത്തിന്റെ ഏറിയ ഭാഗത്തും എത്തിച്ചേര്‍ന്നു. ഉത്തരാഫ്രിക്കയും മദ്ധ്യേഷ്യയും (മൊറോക്കോ മുതല്‍ സമര്‍ഖന്ദ് വരെ) കടന്ന് യൂറോപ്പിലേക്ക് കടക്കുകയും സ്‌പെയിന്‍ മുസ്‌ലിം രാജ്യമായിത്തീരുകയും ചെയ്തു. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയിലും ഇസ്‌ലാമിന്റെ സന്ദേശമെത്തിച്ചേര്‍ന്നിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്.


ഇസ്‌ലാം അതിന്റെ ഉറവിടത്തില്‍ നിന്ന് വിവിധ ദേശങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് പ്രധാനമായും മൂന്ന് രൂപത്തിലാണ്. ഒന്ന്, ആദ്യ നൂറ്റാണ്ടില്‍ സ്വഹാബിമാരും ശേഷം താബിഉകളും അതിനു ശേഷം വ്യത്യസ്ത തലത്തില്‍ പണ്ഡിതരും പ്രബോധകരും ആദര്‍ശ പ്രബോധനത്തിനിറങ്ങി. അവരില്‍ പലരും പല രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നു. അവിടങ്ങളിലെല്ലാം അവരിലൂടെ ഈ ആദര്‍ശം പ്രചരിച്ചു. വിശുദ്ധ ഖുര്‍ആനും അറബിഭാഷയും അവര്‍ക്കിടയില്‍ ചിന്താവിപ്ലവം സൃഷ്ടിച്ചു. ഒറ്റപ്പെട്ടും കൂട്ടായും ജനങ്ങള്‍ ഇസ്‌ലാമിലേക്ക് വന്നു.


രണ്ട്, പാരമ്പര്യമായി തന്നെ വാണിജ്യം തൊഴിലായി സ്വീകരിച്ച അറബികള്‍ ഇസ്‌ലാം ആശ്ലേഷിച്ച് മുസ്‌ലിംകളായിത്തീര്‍ന്നപ്പോഴും തങ്ങളുടെ തൊഴില്‍ കൈയൊഴിച്ചില്ല. കച്ചവടാവശ്യാര്‍ത്ഥം ലോകത്തിന്റെ പല ഭാഗത്തേക്കും നീങ്ങിയ അറേബ്യന്‍ മുസ്‌ലിംകളിലൂടെ ഇതര രാജ്യങ്ങളിലുള്ളവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകളുടെ കച്ചവടത്തിലുള്ള സത്യസന്ധതയും അവരുടെ ജീവിത വിശുദ്ധിയുമാണ് ഇതര സമൂഹങ്ങളെ ആകര്‍ഷിച്ചത്.


മൂന്ന്, മുസ്‌ലിംകള്‍ ലോകവ്യാപകമായി. പലയിടത്തും വന്‍ശക്തിയായി പ്രശസ്തരായ ഭരണാധികാരികള്‍ രംഗത്തു വന്നു. രാജാക്കന്മാര്‍ നടത്തിയ രാജ്യവിപുലീകരണവും ചില സൈനിക നീക്കങ്ങളും ഇതര രാജ്യങ്ങളിലേക്ക് മുസ്‌ലിംകള്‍ എത്തിച്ചേരാന്‍ കാരണമായി. അവര്‍ മതപ്രബോധനത്തിനു പോയവരല്ലെങ്കിലും അവരിലൂടെ ഇസ്‌ലാമികാദര്‍ശത്തിന് പ്രചാരം സിദ്ധിച്ചു.


ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്നത് പലവഴിക്കാണ്. തെക്കേ ഇന്ത്യയില്‍ പശ്ചിമതീരത്ത് വിശിഷ്യാ കേരളത്തില്‍ അറബികളായ കച്ചവടക്കാരിലൂടെയാണ് ഇസ്‌ലാം എത്തിച്ചേര്‍ന്നതും വ്യാപിച്ചതും. മാലിക്ബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ എത്തിയ മുസ്‌ലിം പ്രബോധകര്‍ ഇവിടെ നൂറ്റാണ്ടുകളായി കച്ചവടം നടത്തി വന്നിരുന്ന അറബികളിലും അവര്‍ മുഖേന തദ്ദേശീയരിലും ഇസ്‌ലാമിക സന്ദേശം എത്തിച്ചു.


വന്‍കോട്ടയായി തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയത്തിന്റെ പടിഞ്ഞാറുഭാഗം ആര്‍ക്കും കടന്നുവരാവുന്ന തരത്തിലായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള സിന്ധ് സമതലത്തിലൂടെ വൈദേശികാക്രമണങ്ങള്‍ പതിവായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ഗോറി, മഹ്മൂദ് ഗസ്‌നവി തുടങ്ങിയ മുസ്‌ലിം ഭരണാധികാരികളുടെ പടയോട്ടത്തിലൂടെയാണ് ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്നത് എന്ന് ചില ചരിത്രരേഖകളില്‍ കാണാമെങ്കിലും അതു യാഥാര്‍ഥ്യമാവാന്‍ തരമില്ല. മധ്യേഷ്യയിലെ തന്റെ സാമ്രാജ്യം വികസിപ്പിക്കാന്‍ പടനയിച്ചും ധനസമ്പാദനത്തിന് പട്ടണങ്ങള്‍ കൊള്ളയടിച്ചും ഇടയ്ക്കിടെ ഇന്ത്യാഉപഭൂഖണ്ഡത്തിലേക്ക് കടന്നിരുന്ന മഹ്മൂദ് ഗസ്‌നവി(ഗസ്‌നി) എന്നാണ് പലപ്പോഴും എഴുതപ്പെടാറുള്ളത്. അദ്ദേഹം ഇസ്‌ലാമിക പ്രചാരണം ഉദ്ദേശിച്ചല്ല സൈനിക നീക്കം നടത്തിയത്.


ഗസ്‌നിയുടെയും ഗോറിയുടെയും പടനീക്കങ്ങള്‍ക്ക് മുമ്പുതന്നെ മധ്യേഷ്യയിലെ ഇസ്‌ലാമിക സംസ്‌കാരിക കേന്ദ്രങ്ങളായി മാറിയിരുന്ന ഖണ്ഡഹാര്‍, ഹറാത്ത്, ഖല്‍ഖ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. സ്വാഭാവികമായും ഉണ്ടായ വാണിജ്യ ബന്ധങ്ങളിലൂടെയും അതുവഴി സാംസ്‌കാരിക വിനിമയങ്ങളിലൂടെയുമാണ് ഈ പ്രദേശങ്ങളില്‍ ഇസ്‌ലാം പ്രചരിച്ചത്. ഗോറി അക്രമണത്തിന്റെ എത്രയോ മുമ്പുതന്നെ ശൈഖ് മുഈനുദ്ദീന്‍ ചിശ്തി അജ്മീറില്‍ (ഇന്നത്തെ രാജസ്ഥാന്‍) താവളമാക്കിയിരുന്നു. ചിശ്ത്തി ഒരു ഏകാന്തപഥികനല്ല, ശിഷ്യഗണങ്ങളുള്ള പണ്ഡിതവര്യനായിരുന്നു. 
ചിശ്ത്തിയെപ്പോലുള്ള സാത്വികരുടെ പ്രബോധനവും സമൂഹങ്ങള്‍ തമ്മിലുള്ള വാണിജ്യ സാംസ്‌കാരിക ബന്ധങ്ങളും അതോടൊപ്പം മുസ്‌ലിം ഭരണാധികാരികളുടെ സാന്നിധ്യവും മൂലം ഇസ്‌ലാമിന്റെ വ്യാപനം ഇന്ത്യയില്‍ ത്വരിതപ്പെട്ടു എന്നതാണ് വസ്തുത. പതിനെട്ടാം നൂറ്റാണ്ടുവരെ തുടര്‍ന്നുവന്ന ഡല്‍ഹി ആസ്ഥാനമായുള്ള മുസ്‌ലിം സുല്‍ത്താന്‍മാരുടെ ഭരണം മുസ്‌ലിംകള്‍ക്ക് പ്രഭാവമുണ്ടാക്കിക്കൊടുത്തു. മുസ്‌ലിം സംസ്‌കാരം ഉള്‍കൊള്ളുന്ന പള്ളികള്‍ ഉള്‍പ്പടെ നിരവധി സ്മാരകശിലകള്‍ ചരിത്രത്തിന്റെ ഈടുവയ്പ്പായി പില്ക്കാലത്തേക്ക് അവശേഷിക്കുകയും ചെയ്തു.


ഇസ്‌ലാം ഇന്ത്യയില്‍ വേരൂന്നാന്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, സാമൂഹികവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ മുള്‍ക്കിരീടത്താല്‍ ഞെരിഞ്ഞമര്‍ന്നിരുന്ന അവര്‍ണരായ ഭൂരിപക്ഷം ജനങ്ങളും, ഉച്ചനീചത്വങ്ങളില്ലാത്ത സാഹോദര്യവും ജാതിമേല്‍ക്കോയ്മയില്ലാത്ത സംസ്‌കാരവും മുസ്‌ലിംകളില്‍ നിന്ന് തൊട്ടറിഞ്ഞപ്പോള്‍ അവര്‍ സര്‍വാത്മനാ ഇസ്‌ലാമിനെ പുല്കുകയായിരുന്നു. ഇതാണ് സാമൂഹിക സാഹചര്യം. 


തമ്മില്‍ കിടമത്‌സരവും വൈരവും യുദ്ധവും നിത്യസംഭവമാക്കിയിരുന്ന നൂറുക്കണക്കിന് നാട്ടുരാജ്യങ്ങളുണ്ടായിരുന്നു ഇന്ത്യയില്‍. അവര്‍ക്കിടയിലേക്ക് വിദേശ രാജാവോ സൈന്യമോ കടന്നുവരുമ്പോള്‍ ഒന്നിച്ചെതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലയില്‍ പല നാട്ടുരാജാക്കന്‍മാരും വിദേശാക്രമണം വിളിച്ചുവരുത്തി. ഈ രാഷ്ട്രീയാവസ്ഥ മധ്യേഷ്യയില്‍ നിന്നു വന്ന മുസ്‌ലിം സേനാനായകരും ചക്രവര്‍ത്തിമാരും ഉപയോഗപ്പെടുത്തി. ഇങ്ങിനെയാണ് അഫ്ഗാന്‍ മുതല്‍ അസം വരെയുള്ള വിശാലമായ ദേശം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായത്.  ഇന്ന് ഇതെല്ലാം വ്യത്യസ്ഥരാഷ്ട്രങ്ങളായി മാറി. മധ്യഭാഗം ഇന്ത്യയായും നിലകൊള്ളുന്നു.


 
 

Feedback