Skip to main content

അറബി വ്യാപാരികളും കേരളവും

ഇന്ത്യാരാജ്യത്തിന്റെ മൂന്ന് ഭാഗവും സമുദ്രമാണ്. വടക്കുഭാഗത്താകട്ടെ ലോകത്തിലെ ഏറ്റഴും വലിയ പര്‍വ്വതനിരയായ ഹിമാലയവും. ഹിമാലയം കടന്ന് ആരും ഇങ്ങോട്ടു വരില്ല. ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് സിന്ധുനദീതടം സമതലമാണ്. ഒന്നുകില്‍ സിന്ധ് വഴിയോ അല്ലെങ്കില്‍ കടല്‍ കടന്നിട്ടുവേണം ആര്‍ക്കും ഇന്ത്യയിലെത്താന്‍. മദ്ധ്യേഷ്യന്‍ ഭരണാധികാരികള്‍ നിരന്തരമായി ഇന്ത്യയെ ആക്രമിച്ചുകൊണ്ടിരുന്നത് സിന്ധ് വഴിയായിരുന്നു. ഡല്‍ഹി സുല്‍ത്താന്‍മാരും മറ്റും കടന്നുവന്നത് ആ മാര്‍ഗത്തിലൂടെയാണ്. ലോക സഞ്ചാരികളും നാവികസേനയുടെ ഭരണാധികാരികളും ഇന്ത്യയിലേക്കെത്തിയത് കടല്‍ കടന്നായിരുന്നു. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷുകാരും ഇന്ത്യയിലെത്തിയത് പശ്ചിമ തീരത്തുകൂടിയാണ്.


എന്നാല്‍ ഈ വിദേശശക്തികളെയും ഇന്ത്യന്‍ തീരങ്ങളിലെത്തുന്നതിന്റെ എത്രയോ നൂറ്റാണ്ട് മുമ്പ് അറബിക്കടല്‍ കടന്ന് പശ്ചിമതീരത്ത് വിശിഷ്യാ കേരളതീരത്ത് എത്തിച്ചേര്‍ന്നത് അറേബ്യന്‍ കച്ചവടക്കാരായിരുന്നു. എ ഡി ആറാം നൂറ്റാണ്ടിന് മുമ്പുതന്നെ (അഥവാ മുഹമ്മദ് നബിയുടെ കാലഘട്ടത്തിനു മുമ്പ്) കേരളതീരത്ത് അറബിക്കച്ചവടക്കാര്‍ എത്തിയിരുന്നു എന്നതിന് പ്രാചീന അറബി സാഹിത്യത്തിലെ പരാമര്‍ശങ്ങള്‍ തെളിവായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. അറബികളായ കച്ചവടക്കാര്‍ കേരളീയ സമൂഹവുമായി സാംസ്‌കാരിക വിനിമയം നടത്തി നല്ല ബന്ധം സൃഷ്ടിച്ചിരുന്നു. വിശേഷിച്ച് തീരദേശങ്ങളില്‍. സാമൂതിരിയെ പോലെയുള്ള രാജാക്കന്മാര്‍വരെ അവരെ സ്വീകരിക്കുകയും കച്ചവടത്തില്‍ സഹകരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഇസ്‌ലാമിക പ്രബോധനവുമായി അറേബ്യയില്‍ നിന്ന് മാലിക്ബ്‌നു ദീനാറും സഹയാത്രികരും എത്തുന്നത്.


മാലിക് ദീനാറും ചേരമാന്‍ പെരുമാള്‍ രാജാവും ബന്ധപ്പെട്ട കഥ കുറ്റമറ്റ ചരിത്രയാഥാര്‍ത്ഥ്യമല്ല. മുസ്‌ലിംകള്‍ ഇവിടെ എത്തിയത് എന്നാണെന്ന് തീര്‍ത്ത് പറഞ്ഞുകൂടാ. മാലിക് ദീനാര്‍ സ്വഹാബിയാണെന്നതിന് യാതൊരു രേഖയുമില്ല. ഈ വസ്തുതകളെല്ലാം വെച്ച് നോക്കിയാല്‍ ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടില്‍ കേരളതീരത്ത് ഇസ്‌ലാമിക സന്ദേശം എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം. കേരള തീരത്ത് എത്തുന്ന ആദ്യ അറബിസംഘമല്ല മാലിക്ബ്‌നു ദീനാര്‍. മറിച്ച് അറബികളും അറബി അറിയാവുന്ന അനേകരും ഉള്ള ഒരു സാഹചര്യത്തില്‍ എത്തിയ പ്രബോധകസംഘത്തിന് ഊഷ്മള സ്വീകരണമാണ് കിട്ടിയത്.
ആദ്യമേ വിശ്വാസ്യത നേടിയ വ്യാപാരികളും പുതുതായെത്തിയ പ്രബോധകരും കേരളക്കാരില്‍ ഏറെ സ്വീകാര്യത നേടാന്‍ പല കാരണങ്ങളുമുണ്ട്. പ്രധാനമായും മുസ്‌ലിംകളുടെ ജീവിതവിശുദ്ധിയും വ്യാപാര രംഗത്തെ സത്യസന്ധതയും തദ്ദേശീയരെ ഹഠാദാകര്‍ഷിച്ചു. വിവാഹബന്ധങ്ങള്‍ മൂലം പലരും തദ്ദേശീയരായി മാറി. ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും കൊണ്ട് ജീവിതം ദുരന്തമായിത്തീര്‍ന്ന തദ്ദേശീയരായ അവര്‍ണ വിഭാഗം ഇസ്‌ലാം സ്വീകരിച്ചതാണ് ഇസ്‌ലാം ത്വരിതഗതിയില്‍ പ്രചാരം നേടാനുള്ള മറ്റൊരു ചാലകശക്തി. കാരണം ഇസ്‌ലാം മനുഷ്യര്‍ക്കിടയിലുള്ള ജാതിവിവേചനത്തിന്റെ മതിലുകള്‍ തകര്‍ത്തെറിഞ്ഞു. ചുരുക്കത്തില്‍ അറബി വ്യാപാരികളും ഇസ്‌ലാമും തദ്ദേശീയ സമൂഹവും വളരെയേറെ ഇഴുകിച്ചേര്‍ന്നു.
 

Feedback