Skip to main content

മാലിക്കുബ്‌നു ദീനാറും പള്ളി നിര്‍മാണവും

ഇസ്‌ലാം സ്വീകരിച്ച ശേഷം വര്‍ഷങ്ങളോളം ശഹര്‍ മുഖല്ലയില്‍ ജീവിച്ച് ഒടുവില്‍ മടങ്ങാനിരിക്കവെയാണ് പെരുമാള്‍ ചക്രവര്‍ത്തി മൃതിയടഞ്ഞത് എന്നാണല്ലോ ഒരു വീക്ഷണം. അദ്ദേഹത്തില്‍ നിന്ന് മലബാറിലെ രാജാക്കന്മാര്‍ക്കുള്ള തിട്ടൂരങ്ങളുമായി ഒരു സംഘം മുസ്‌ലിംകള്‍ കപ്പലു കയറുകയും ചെയ്തു.

ഈ സംഘത്തില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നത് എന്നതില്‍ അഭിപ്രായൈക്യമില്ല. 'പ്രാചീന മലബാര്‍' എന്ന പുസ്തകത്തില്‍ പ്രസിദ്ധ ഉറുദു പണ്ഡിതനായിരുന്ന ഡോ ശംസുല്ല ഖാദിരി പറയുന്നതിങ്ങനെ:
''രണ്ടു കൊല്ലത്തിനു ശേഷം ശറഫുബ്‌നു മാലിക്, മാലിക്കുബ്‌നു ദീനാര്‍, അദ്ദേഹത്തിന്റെ മരുമകന്‍ മാലിക്കുബ്‌നു ഹബീബ് എന്നിവര്‍ കുടുംബത്തോടൊപ്പം മലബാറിലേക്ക് പുറപ്പെട്ടു. അവര്‍ കപ്പലിറങ്ങിയത് കൊടുങ്ങല്ലൂരിലായിരുന്നു'' (പേജ് 37).

മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ മലബാറില്‍ കപ്പലിറങ്ങിയ ആദ്യ ഇസ്‌ലാമിക പ്രബോധക സംഘത്തിലെ മുഴുവന്‍ പേരുടെയും നാമങ്ങള്‍ വിശദമായി പറയുന്നുണ്ട്. പരമ്പരയായി പറഞ്ഞു കേള്‍ക്കുന്നത് എന്ന മുഖവുരയോടെയാണ് ലോഗന്‍ ഇത് എഴുതിയത്:
''1. മാലിക്കുബ്‌നു ദീനാര്‍, 2. ഹബീബുബ്‌നു മാലിക്ക്, 3. ശറഫുല്‍ ഇബ്‌നു മാലിക്ക്, 4. മാലിക്കുബ്‌നു ഹബീബും അദ്ദേഹത്തിന്റെ ഭാര്യ കുമരിയത്തും അവരുടെ പത്തു പുത്രന്മാരും അഞ്ചു പുത്രിമാരും''. (മലബാര്‍ മാന്വല്‍, പേജ്- 151).

ഇവരില്‍ മാലിക്കുബ്‌നു ദീനാര്‍ മാലിക്കുബ്‌നു ഹബീബിനെയും ഭാര്യയെയും മക്കളില്‍ ചിലരെയും കൊയിലാണ്ടി കൊല്ലത്തേക്ക് അയക്കുകയും അവശേഷിക്കുന്നവര്‍ കൊടുങ്ങല്ലൂരില്‍ താമസിക്കുകയും ചെയ്തു.

ഇതേ കാര്യം പി. എ. സൈതു മുഹമ്മദ് തന്റെ കേരള മുസ്‌ലിം ചരിത്രത്തിലും പറയുന്നുണ്ട്. ഇവര്‍ക്കു പുറമെ ഏതാനും ചില ബന്ധുക്കളും 22 മതപണ്ഡിതന്മാരും കൂടി സംഘത്തിലുണ്ടായിരുന്നു, 13 മാര്‍ബിള്‍ കല്ലുകള്‍, അറേബ്യയിലെ അതി വിശിഷ്ടമായ കാഴ്ച വസ്തുക്കള്‍ എന്നിവയും മാലിക്കുബ്‌നു ദീനാര്‍ കൊണ്ടുവന്നു. ക്രി. വ 642/43 വര്‍ഷത്തിലാണ് ഈ യാത്രയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് മഖ്ദൂം പറയുന്നതും ഇതേ കാര്യം തന്നെ. (പേജ് 58,59)

മാലിക്കുബ്‌നു ദീനാര്‍ സ്വഹാബിയാണ് എന്നതിന് യാതൊരു തെളിവുമില്ല, ഹിജ്‌റ ആദ്യനൂറ്റാണ്ടില്‍ തന്നെ അറേബ്യന്‍ കച്ചവടക്കാരിലൂടെയും പ്രബോധകരിലൂടെയും ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.
 

Feedback