Skip to main content

ഹലീമതുസ്സഅദിയ്യ (3-5)

മുലകൊടുത്തു വളര്‍ത്താന്‍ ശിശുക്കളെ അന്വേഷിച്ച് ബനൂസഅ്ദ് ഗോത്രത്തിലെ ആ സംഘം മക്ക ലക്ഷ്യംവെച്ച് നീങ്ങി. പൊതുവെ ദരിദ്രരായ അവരില്‍ അതിദരിദ്രയായ ഒരു യുവതിയുമുണ്ടായിരുന്നു. പേര് ഹലീമ. ഭര്‍ത്താവ് ഹാരിസും മുലകുടി പ്രായമുള്ള മകനും അടങ്ങുന്ന ആ കുടുംബം ഒരു പെണ്‍കഴുതയുടെ പുറത്തായിരുന്നു യാത്ര. ഒപ്പം, പാല്‍ ചുരത്താന്‍ പിശുക്കിയായ ഒരു ഒട്ടകവുമുണ്ടായിരുന്നു.

മുഹമ്മദ് എന്ന തന്റെ അനാഥക്കുഞ്ഞിനെ മാതാവ് ആമിന ഒന്നുരണ്ട് കുടുംബങ്ങളെ ഏല്പിക്കന്‍ ശ്രമിച്ചു. എന്നാല്‍ പിതാവ് മരിച്ച, ആ ദരിദ്ര ശിശുവിനെ അവരെല്ലാം കൈയൊഴിഞ്ഞു.

രണ്ട് ദിനങ്ങള്‍ കഴിഞ്ഞു. തങ്ങള്‍ക്കിണങ്ങിയ കുഞ്ഞുങ്ങളെയും സ്വീകരിച്ച് ആ സംഘം മക്ക വിടാനൊരുങ്ങി. എന്നാല്‍ ഒരു കുട്ടിയെയും ലഭിക്കാത്തതിന്റെ നോവിലായിരുന്നു ഹലീമയെന്ന പോറ്റുമ്മ. തുല്യസങ്കടവുമായി മറ്റൊരുമ്മ അപ്പുറത്തുമുണ്ടായിരുന്നു. ദരിദ്രനായ തന്റെ കുഞ്ഞിന് ഒരു പോറ്റുമ്മയെയും ലഭിക്കാത്ത ആമിന.

കുഞ്ഞിനെക്കിട്ടാത്ത ഹലീമ സങ്കടപ്പെട്ടു. ''എല്ലാവരും കയ്യൊഴിഞ്ഞ ആ അനാഥക്കുഞ്ഞിനെ നമുക്കെടുത്താലോ? ദൈവം അവനിലൂടെ നമ്മെ അനുഗ്രഹിക്കുമായിരിക്കും''  ഹലീമ ഭര്‍ത്താവിനോട് ചോദിച്ചു.

''നീ ആഗ്രഹിക്കും പോലെ ചെയ്‌തേക്കൂ'' - അദ്ദേഹം പറഞ്ഞു. അങ്ങനെ ദൈവഹിതം പോലെ മുഹമ്മദ് ഹലീമയുടെ മുലകുടിപ്പുത്രനായി. മക്കയുടെ തെക്കുകുഴക്കെ പ്രവിശ്യയായ ഹവാസിന്‍ ഗ്രാമങ്ങളിലൊന്നിലേക്ക് 'അല്‍അമീനെ'യും കൊണ്ട് അവര്‍ യാത്രയായി.

യാത്രയില്‍ വിസ്മയങ്ങള്‍ അവരെ കാത്തിരിക്കുകയായിരുന്നു. ആദ്യ മുലയൂട്ടലിനായി കുട്ടിയെ അവര്‍ മാറോട് ചേര്‍ത്തുവെച്ചു. കണ്ണുകളെ അവര്‍ക്ക് വിശ്വസിക്കാനായില്ല. അവരുടെ മുലകള്‍ നിറഞ്ഞിരിക്കുന്നു! മുഹമ്മദും ഹലീമയുടെ കുട്ടിയും വയറുനിറയെ സ്തന്യം നുകര്‍ന്നു.

ദാഹമകറ്റാന്‍ അല്പം പാലിനായി ഹലീമയുടെ ഭര്‍ത്താവ് ഒട്ടകത്തിനടുത്തെത്തി. പിശുക്കിയായ അവളുടെ അകിടുകളും പാല്‍ നിറഞ്ഞുവീര്‍ത്തിരിക്കുന്നു!!

യാത്രയില്‍ അതുവരെ നടക്കാന്‍ പ്രയാസപ്പെട്ടിരുന്ന കഴുത അവരെയും വഹിച്ച് ഓടുന്നതാണ് പിന്നീട് കണ്ടത്. വിസ്മയമടക്കാനാവാതെ ഹലീമയുടെ ഭര്‍ത്താവ് പറഞ്ഞു: ''ഹലീമ, പടച്ചവനാണേ, ഈ കുട്ടി അനുഗൃഹീതന്‍ തന്നെ!''

നബി(സ്വ)യുടെ പോറ്റുമ്മ


ഹവാസിനിലെ, സഅ്ദുബ്‌നുബകര്‍ ഗോത്രക്കാരന്‍ അബൂദുവൈബിന്റെ മകളായാണ് ഹലീമ ജനിച്ചത്. അബൂകബ്ശ എന്ന പേരിലറിയപ്പെട്ടിരുന്ന ഹാരിസ്ബിന്‍ അബ്ദില്‍ ഉസ്സ ഹലീമയെ ജീവിതസഖിയാക്കി.

ആടുകളെ മേച്ചും മക്കയിലെ പ്രമാണിമാരുടെ മക്കളെ മുലയൂട്ടി വളര്‍ത്തിയും ഗ്രാമീണ ജീവിതം നയിച്ചിരുന്ന തികച്ചും സാധാരണക്കാരിയായ ഹലീമയെ ചരിത്രത്തിലേക്ക് കൊണ്ടുവന്നത് പ്രവാചകന്‍ മുഹമ്മദാ(സ്വ)ണ്.

അനാഥനും ദരിദ്രനുമായ മുഹമ്മദിന്റെ കുടുംബത്തില്‍ നിന്ന് പ്രതിഫലമായി ഒന്നും ലഭിക്കില്ലെന്നറിഞ്ഞിട്ടും മാതൃത്വത്തിന്റെ മാധുര്യവും സ്‌നേഹവും ചാലിച്ച മുലപ്പാല്‍ ആവോളം കുഞ്ഞിന് ഹലീമ പകര്‍ന്നുനല്‍കി. മൂന്നു വര്‍ഷത്തെ ആ മുലകുടിക്കാലം തിരുനബിക്കും അവിസ്മരണീയമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഹലീമ ഓര്‍മയിലേക്കെത്തുമ്പോഴെല്ലാം അവിടുന്ന് വികാരാധീനനായി. ഒരിക്കല്‍ അവരെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം കൊള്ളുകയും ചെയ്തു ദൂതര്‍.

ഹലീമയുടെ സ്തന്യം നുകര്‍ന്നതുവഴി മുലകുടി ബന്ധത്തിലുള്ള നിരവധി സഹോദരീ സഹോദരന്മാരും നബി(സ്വ)ക്കുണ്ടായി. അബ്ദുല്ലാഹിബ്‌നു ഹാരിസ്, അനീസ ബിന്‍ത് ഹാരിസ്, ശൈമാഅ് എന്നിവര്‍ അവരില്‍ പ്രധാനികളാണ്.

ഇവരില്‍ ശൈമാഇ(റ)നെ ഹുനൈന്‍ യുദ്ധാവസരത്തില്‍ നബി(സ്വ) കണ്ടുമുട്ടി. ബന്ദികള്‍ക്കിടയില്‍ നിന്ന് സഹോദരനെ അന്വേഷിച്ചെത്തിയ അവരെ നബി(സ്വ) തിരിച്ചറിഞ്ഞത്, ബാല്യത്തില്‍ അവരുടെ കയ്യില്‍ കടിച്ചതിന്റെ അടയാളം കണ്ടപ്പോഴായിരുന്നു.

ഹലീമയെയും ഹാരിസിനെയും കുറിച്ച് നബി(സ്വ) ശൈമാഇനോട് ചോദിച്ചറിഞ്ഞു. അവര്‍ മരിച്ച വിവരം അറിയിച്ചപ്പോള്‍ അവിടുന്ന് കണ്ണുകള്‍ നിറച്ചു. സമ്മാനങ്ങള്‍ നല്കിയാണ് ദൂതര്‍ സഹോദരിയെ യാത്രയാക്കിയത്.

ഹിജ്‌റ എട്ടാം വര്‍ഷത്തിലാണ് ഹലീമ നിര്യാതയായത്.
 

Feedback