Skip to main content

ബുര്‍ജി മംലൂക്: ദ്വാഹിര്‍ സൈഫുദ്ദീന്‍ ബര്‍ഖൂക് (3)

ബഹ്‌രി മംലൂക്കുകളില്‍ നിന്ന് രാജ്യാധികാരം കൈവശപ്പെടുത്തി ബുര്‍ജി മംലൂക് സാമ്രാജ്യം ആരംഭിച്ചത് സൈഫുദ്ദീന്‍ ബര്‍ഖൂക് ആണ് (ക്രി. 1382-1399). ബഹ്‌രികളുടെ കാലത്ത് അധികാര പരിസരങ്ങളിലും സൈന്യത്തിലും ഉണ്ടായിരുന്ന ബര്‍ഖൂക് അവരുടെ അസ്ഥിരത മുതലെടുത്താണ് ഭരണം പിടിച്ചെടുത്തത്.

ക്രി. 1382ല്‍ (ഹി. 784) സുല്‍ത്താനായി അധികാരമേറ്റു. മുന്‍ ഭരണാധികാരി ബൈബറസിനെ മാതൃകയാക്കി 'മലിക് അദ്വാഹിര്‍' എന്ന പദവി സ്വീകരിച്ചു.

ബര്‍ഖൂകിന്റെ ഭരണകാലത്താണ് ചെങ്കിസ്ഖാന്റെ പിന്‍ഗാമിയായ തിമൂര്‍ പടയോട്ടം തുടങ്ങിയത്. ബഗ്ദാദും മെസപ്പൊട്ടോമിയയും കീഴടക്കിയ അദ്ദേഹം ഈജിപ്തിനു നേരെ തിരിഞ്ഞു. എന്നാല്‍ തിമൂറിന്റെ സന്ദേശവുമായി വന്ന ദൂതനെ വധിച്ചുകൊണ്ട് ബര്‍ഖൂക് നയം വ്യക്തമാക്കി. ഉസ്മാനിയ തുര്‍ക്കികളുടെ സഹായത്തോടെ ക്രി. 1395ല്‍ ബര്‍ഖൂഖ് തിമൂറിനെ നേരിടാനിറങ്ങി. അപ്പോഴേക്കും തീമൂര്‍ റഷ്യയിലേക്ക് നീങ്ങിയിരുന്നതിനാല്‍ യുദ്ധം ഒഴിവാക്കുകയായിരുന്നു.

ഭാവനാശാലിയായിരുന്നു ബര്‍ഖൂക്. കൃഷി, വാണിജ്യം എന്നിവ ഇക്കാലത്ത് വികസിച്ചു. ബഹ്‌രികള്‍ നടപ്പാക്കിയ പല നികുതികളും എടുത്തു കളഞ്ഞു. കൈറോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പള്ളികള്‍, മതപാഠശാലകള്‍, മനോഹര ഹര്‍മ്യങ്ങള്‍ എന്നിവ പണികഴിപ്പിച്ചു.

1399ലാണ് (ഹി. 800) ബര്‍ഖൂകിന്റെ അന്ത്യമുണ്ടായത്.
 

Feedback