Skip to main content

അശ്‌റഫ് ഖായത് ബായ്

സൈഫുദ്ദീന്‍ ബര്‍സൂബായ്ക്കുശേഷം 30 വര്‍ഷത്തിനിടെ എട്ടു പേരാണ് ഭരണം നടത്തിയത്. ഭരണം അസ്ഥിരമായി തുടരുകയും രാജ്യവികസനവും വളര്‍ച്ചയും മുരടിക്കുകയും ചെയ്തു. അതിനിടയില്‍ 15 വര്‍ഷം ഭരിച്ച മലിക് ദ്വാഹിര്‍ സൈഫുദ്ദീന്‍ യഖ്മഖ് നേരിയ ഉണര്‍വുണ്ടാക്കി. മതഭക്തനും ജനക്ഷേമതല്പരനുമായ അദ്ദേഹം ശരീഅത്ത് നിയമം കര്‍ശനമാക്കുകയും കാര്‍ഷിക-വാണിജ്യ-സാമ്പത്തിക പുരോഗതിക്കാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.

പിന്നീടാണ് അല്‍ മലിക് അശ്‌റഫ് ഖായത്ബായ് ക്രി. 1468ല്‍ (ഹി. 872) സുല്‍ത്താനാവുന്നത്. സൈനിക ജനറലും ആയോധന വീരനുമായിരുന്ന അശ്‌റഫ് അധികാരം പിടിച്ചെടുക്കുകയാണ് ചെയ്തത്.

ഈജിപ്തിനെ അതിന്റെ പഴയകാല ഐശ്വര്യത്തിലേക്ക്  തിരിച്ചുകൊണ്ടുവരാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പള്ളികള്‍, വിദ്യാലയങ്ങള്‍, സത്രങ്ങള്‍ എന്നിവ ആവശ്യത്തിന് പണിതു. എന്നാല്‍ പ്ലേഗ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ നൈലിന്റെ തീരത്തിനെ പലപ്പോഴും  കാര്‍ന്നുതിന്നാനെത്തി. ഇതില്‍  ഖായത്ബായുടെ കാലത്ത് പടര്‍ന്നത് അതിമാരകമായി. കൈറോവില്‍ ഒറ്റദിവസം കൊണ്ട് 12,000 പേര്‍ മരിച്ച പ്ലേഗ് ഇക്കാലത്തു ണ്ടായി. ഇത് നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ഇതിനു പുറമേ കടുത്ത ക്ഷാമവും വരള്‍ച്ചയും കൂടി ബാധിച്ചതോടെ  ഈജിപ്ത് നരക സമാനവുമായി. ഇതിനെ തുടര്‍ന്ന് 27 വര്‍ഷം നീണ്ട ഖിലാഫത്തില്‍ നിന്ന് ഖായത്ബായ് പടിയിറങ്ങുകയായിരുന്നു.

ഇതിനു ശേഷവും 22 വര്‍ഷം ബുര്‍ജി മംലൂക് ഖിലാഫത്ത് നിലനിന്നു. നാസിര്‍ മുഹമ്മദ് ഖായത്ബായ് (ക്രി. 1495- 1498), ഖാന്‍ സൂഹ് (ക്രി. 1498-1499), ജാന്‍ ബലാത്ത് (ക്രി. 1500-1516), തുമാന്‍ബേ (ക്രി. 1516- 1517) എന്നിവരാണ് മാറിമാറി ഭരിച്ചത്.

തുര്‍ക്കി സുല്‍ത്താന്‍ സലീം 1517ല്‍ അവസാന മംലൂക് സുല്‍ത്താന്‍ തുമാന്‍ ബേയെവധിച്ച് ഈജിപ്ത് കീഴടക്കിയതോടെ 135 വര്‍ഷം നീണ്ട ബുര്‍ജി മംലൂക് സാമ്രാജ്യത്തിനും മരണമണി  മുഴങ്ങി.

Feedback
  • Wednesday Oct 22, 2025
  • Rabia ath-Thani 29 1447