Skip to main content

ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം (6)

ബഗ്ദാദ് കേന്ദ്രമായ അബ്ബാസി ഖിലാഫത്തിന്റെ പതനകാലത്ത് സാമ്രാജ്യത്തിന്റെ ചില കോണുകളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ പിറവി കൊണ്ടിരുന്നു.  ഇവയില്‍ ഏറ്റവും പ്രമുഖമായതാണ് ഫാത്വിമിയ്യ ഭരണകൂടം(ഹി: 267-567,ക്രി: 909-1171).  ശീഈ പക്ഷക്കാരാണ് ഈ ഭരണകൂടത്തിന് ബീജാവാപം നല്‍കിയത്.  നബി(സ്വ)യുടെ പുത്രിയും അലി(റ)യുടെ പത്‌നിയുമായ ഫാത്വിമ(റ)യിലേക്ക് ചേര്‍ത്തിയാണ് ഈ പേര് അവര്‍ സ്വീകരിച്ചത്.  അബൂമുഹമ്മദ് ഉബൈദില്ലയാണ് ഇതിന്റെ സ്ഥാപകന്‍.  ഇതുകാരണം ഉബൈദില്ലയിലേക്ക് ചേര്‍ത്തി ഉബൈദി ഭരണകൂടമെന്ന പേരും നിലനില്ക്കുന്നുണ്ട്.

ഉത്തരാഫ്രിക്കയിലെ (തുണീഷ്യ) ഖയ്‌റുവാന്‍ ആസ്ഥാനമാക്കി (ക്രി.വ. 909) ഹി.297ലാണ് ഫാത്വിമീ ഭരണകൂടം നിലവില്‍ വന്നത്.  നാലു പതിറ്റാണ്ടിന് ശേഷം ഈജിപ്തില്‍ കെയ്‌റോ (അല്‍ഖാഹിറ) എന്ന പേരില്‍ നഗരം നിര്‍മിച്ച് തലസ്ഥാനം അങ്ങോട്ട് മാറ്റുകയാണുണ്ടായത്.

ഇസ്മാഈലീ ശീഈ വിഭാഗത്തിന്റെ ആശയങ്ങള്‍ ലോകമാകെ പ്രചരിക്കുന്ന കാലം. യമന്‍, ബഹ്‌റൈന്‍, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പ്രബോധകര്‍ നിയോഗിക്കപ്പെട്ടു.  ഇവരില്‍ പ്രമുഖനായിരുന്നു വടക്കെ ആഫ്രിക്കയിലേക്കു പോയ അബൂ അബ്ദില്ല.

ബര്‍ബറുകള്‍ക്കിടയില്‍ അദ്ദേഹം അതിവേഗം ശീഈ ആശയങ്ങള്‍ പ്രചരിപ്പിച്ചു.  സുലയ്മിയ്യ കേന്ദ്രമാക്കിയ അബൂഅബ്്ദില്ല ശീഈ വിഭാഗത്തിന്റെ മഹ്ദി എന്നറിയപ്പെട്ടിരുന്ന അബൂ മുഹമ്മദ് ഉബൈദുല്ലയെ അങ്ങോട്ട് ക്ഷണിച്ചു.  അബ്ബാസികളുടെയും അഗ്‌ലബികളുടെയും കണ്ണില്‍പെടാതിരിക്കാന്‍ വേഷം മാറി യാത്ര ചെയ്യുകയും തുണീഷ്യയിലെ ഖൈറുവാനിലെത്തുകയും ചെയ്തു.  അബൂമുഹമ്മദ് അവിടെയാണ് ആദ്യമായി ഫാത്വിമീ ഭരണം സ്ഥാപിതമാക്കുന്നത്.  ക്രി. 909ല്‍(ഹി. 297).

മികച്ച നാവികസേനക്ക് രൂപം നല്‍കി അലക്‌സാന്‍ട്രിയ പിടിക്കാനും ഈജിപ്ത് അധീനപ്പെടുത്താനും ശ്രമം നടന്നു.  മഹ്ദിയ്യ എന്ന പേരില്‍ തലസ്ഥാന നഗരവും പണിതു.  ക്രി. 934ല്‍ (ഹി. 322) ഉബൈദുല്ല മഹ്ദി നിര്യാതനായി.

 
 

Feedback