Skip to main content

അല്‍ ഹാകിം ബിഅംരില്ലാഹ്

അല്‍അസീസ് മരിക്കുമ്പോള്‍ മകന്‍ അല്‍ഹാകിമിന് പ്രായം പതിനൊന്ന് വയസ്സാണ്.  ഗുരുനാഥന്‍ ബര്‍ജുവാന്‍ അല്‍ ഖാദിമിന്റെ സഹായത്താല്‍ ഹാകിം കിരീടമണിയുകയും ഭരണം നടത്തുകയും ചെയ്തു(ക്രി. 996-1020).

ക്രി.വ. 985ല്‍ ജനിച്ച ഹാകിമിന്റെ മുഴുവന്‍ പേര് അബൂ അലി മന്‍സൂര്‍ അല്‍ ഹാകിം ബി അംരില്ല എന്നാണ്. പ്രായപൂര്‍ത്തിയായതോടെ ഭരണം സ്വയം നിയന്ത്രിക്കാന്‍ തുടങ്ങി.  കടുത്ത ശീഈ പക്ഷപാതിത്വം തുടര്‍ന്നു.  സുന്നികളെയും അന്യ മതക്കാരെയും ഇതിന്റെ പേരില്‍ പീഡിപ്പിച്ചു.

എന്നാല്‍, മത വിരുദ്ധമായ തിന്‍മകള്‍ക്കും അരാജകത്വത്തിനുമെതിരെ കടുത്ത നിലപാടെടുത്തു ഹാകിം.  സംഗീത സായാഹ്നങ്ങളും രാത്രികാല ക്ലബുകളും മദ്യം വിളമ്പലും സ്ത്രീ-പുരുഷ സമ്പര്‍ക്കവും ഈജിപ്തിനെ അസ്വസ്ഥമാക്കും വിധം പടര്‍ന്നിരുന്നു. ഇത് നിരോധിക്കുകയും രാത്രികളില്‍ ഹാകിം തന്നെ നിരീക്ഷണത്തിനിറങ്ങുകയും ചെയ്തു. കിറുക്കനായ ഭരണാധികാരി, പണ്ഡിത മൂഢന്‍ എന്നീ വിശേഷണങ്ങളിലറിയപ്പെടുന്നുണ്ട്.

രണ്ടു പ്രധാന വിഡ്ഢിത്തങ്ങള്‍ അദ്ദേഹം ചെയ്തതായും ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു.  മുന്തിരി വാറ്റി മദ്യമാക്കുന്നത് തടയാന്‍ മുന്തിരി കൃഷി തന്നെ നിരോധിച്ചതാണ് ഒരു വിഡ്ഢിത്തം.

സ്ത്രീകള്‍ രാത്രി പുറത്തിറങ്ങിയിരുന്നതു തടയാന്‍ വേണ്ടി ചെരുപ്പു കുത്തികളെ നാടുകടത്തിയതാണ് രണ്ടാമത്തേത്.  ചെരുപ്പില്ലെങ്കില്‍ സ്ത്രീകള്‍ പുറത്തിറങ്ങില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍!

പണ്ഡിതന്‍മാര്‍ക്ക് ഗവേഷണത്തിനായി 'ദാറുല്‍ ഹിക്്മ' സ്ഥാപിച്ചു.  അവര്‍ക്ക് മികച്ച വേതനം നല്‍കി. ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചു. അതേസമയം, നിസ്സാര കാരണങ്ങള്‍ക്കും ചിലപ്പോള്‍ അകാരണമായും പല പണ്ഡിതന്മാരേയും കൊന്നിട്ടുണ്ട്. ശാസ്ത്രജ്ഞനായ ഇബ്‌നുല്‍  ഹൈസമിന്റെ സിദ്ധാന്തങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കി, അല്‍ അസ്ഹര്‍ സര്‍വകലാശാല വികസിപ്പിച്ചു എന്നിങ്ങനെയുള്ളവ ഹാകിമിന്റെ കാലത്തെ മികവുറ്റതാക്കി.

ഇതിനിടെ താന്‍ 'ദൈവാവതാര'മാണെന്ന വാദവുമായി ഹാകിം രംഗത്തുവന്നു.  അത് അംഗീകരിച്ചവരാണ് ദ്രൂസുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ദ്രൂസുകള്‍ ഈ വാദം പിന്നീട് കൈയൊഴിക്കുകയും മുസ്്‌ലിംകളുടെ പൊതുധാരയില്‍ ചേരുകയുമുണ്ടായിട്ടുണ്ട്. ഇതിനോടനുബന്ധിച്ചുണ്ടായ കലാപത്തെത്തുടര്‍ന്നാണ് ക്രി. 1020ല്‍ (ഹി. 411) അല്‍ ഹാകിമിന്റെ മരണം.

 

Feedback