Skip to main content

ഇമാമുദ്ദീന്‍ സങ്കി

സല്‍ജൂക് സുല്‍ത്താന്‍ മലിക് ഷായുടെ അടിമയായിരുന്ന ആഖ്‌സന്‍ഖര്‍ ഹാജിബിന്റെ മകനായി ക്രി. 1087ല്‍ ഇമാമുദ്ദീന്‍ ജനിച്ചു. തുര്‍ക്കുമാനിസ്താന്‍ സ്വദേശിയാണ്.

സൈനികനായി സേവനം ചെയ്ത് കഴിവ് കാട്ടിയ ഇമാമിനെ ക്രി. 1127ല്‍ (ഹി. 512) സുല്‍ത്താന്‍ മൗസിലിനെ ഗവര്‍ണറായി നിയമിച്ചു. ബാലനായിരിക്കെ കുരിശുപടയുടെ പടയോട്ടവും ബൈത്തുല്‍ മുഖദ്ദസ് പിടിച്ചടക്കലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അധികാരത്തിലേറിയ ഇമാമുദ്ദീന്‍ ക്രൈസ്തവ അധിനിവേശത്തിനെതിരെ സൈനിക മുന്നേറ്റം നടത്തി.

അതിനിടെ, സല്‍ജൂക് ഭരണം ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ഇമാനുദ്ദീന്‍ സങ്കി ഭരണകൂടത്തിന് അടിത്തറയിട്ടു. തൊട്ടടുത്ത പ്രവിശ്യയായ അലപ്പോ സങ്കി കീഴടക്കി. ക്രി. 1144ല്‍ റഹായും അധീനമാക്കി. ഒന്നാം കുരിശുയുദ്ധത്തില്‍ ഫലസ്തീനും സിറിയയുടെ തീരപ്രദേശങ്ങളും കീഴടക്കി. ക്രൈസ്തവര്‍ സ്ഥാപിച്ച നാല് ഭരണകൂടങ്ങളില്‍ ഒന്നായിരുന്നു റഹ. ഇതോടെ കുരിശുപടയുടെ പേടി സ്വപ്നമായി ഇമാമുദ്ദീന്‍ സങ്കി.

റഹക്കു പിന്നാലെ സറൂജ, അല്‍ബീറ തുടങ്ങിയ അധിനിവേശ പ്രദേശങ്ങളും സങ്കി തിരിച്ചു പിടിച്ചു. ജബ്‌റയിലെ കോട്ടയായിരുന്നു അടുത്ത ഉന്നം. ഇതിനായി പോരാട്ടം തുടങ്ങുകയും ചെയ്തു. ഇതുകൂടി നഷ്ടപ്പെട്ടാല്‍ നിലനില്‍പ്പ് അവതാളത്തിലാകുമെന്ന് തിരിച്ചറിഞ്ഞ ക്രൈസ്തവപ്പട ഇമാമുദ്ദീന്‍ സങ്കിയെ ചതിയിലൂടെ വധിക്കുകയായിരുന്നു. സങ്കിയുടെ തന്നെ സേവകനെ വിലകൊടുത്തുകൊണ്ടായിരുന്നു ഇത്. ക്രി. 1146ലാണ് സങ്കിയുടെ മടക്കം.

പോപ്പിന്റെ കുരിശു സേനക്ക് കനത്ത വെല്ലുവിളിയുയര്‍ത്തിയ ഈ സൈനിക പ്രതിഭ മികച്ച ഭണാധികാരി കൂടിയായിരുന്നു. തരിശു ഭൂമിയെ കൃഷി യോഗ്യമാക്കിയും ജലസേചന സൗകര്യങ്ങള്‍ ഒരുക്കിയും കാര്‍ഷികാഭിവൃദ്ധിയുണ്ടാക്കി. അറബ്-യൂറോപ്യന്‍ കടല്‍ കൊള്ളക്കാരെ ഒരുക്കിയത് വാണിജ്യ രംഗത്തും ഉണര്‍വുണ്ടാക്കി.

മക്കളായ സൈഫുദ്ദീന്‍ ഗാസി, നൂറുദ്ദീന്‍ സങ്കി എന്നിവര്‍ മൗസുന്‍, അലപ്പോ എന്നീ പ്രവിശ്യകള്‍ നല്‍കിയായിരുന്നു മരണം.


 

Feedback
  • Monday May 6, 2024
  • Shawwal 27 1445