Skip to main content

അറയ്ക്കല്‍ രാജവംശവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും

കോഴിക്കോട് സ്വാധീനമുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് പോര്‍ച്ചുഗീസ് നാവികര്‍ തിരിഞ്ഞത്. കണ്ണൂരിലെത്തി കോലത്തിരി രാജവംശത്തെ പറങ്കിപ്പട തകര്‍ത്തപ്പോള്‍ അധിനിവേശത്തിനെതിരെ ഉയര്‍ന്നുവന്ന പുതിയ ശക്തിയായിരുന്നു അറയ്ക്കല്‍ രാജവംശം.

അറബിക്കടലിനെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കുഞ്ഞാലി മരക്കാര്‍മാരോടൊപ്പം അറയ്ക്കല്‍ രാജമാരും പടപൊരുതി. മലബാറും സിലോണും തമ്മിലുള്ള വ്യാപാരത്തിന്റെ കേന്ദ്രം കണ്ണൂരായിരുന്നു. ഈജിപ്ത്, സിറിയ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും കണ്ണൂരില്‍ നങ്കൂരമിട്ടു. ലക്ഷദ്വീപുകള്‍ അറയ്ക്കല്‍ ചരിത്രത്തിന്റെ പ്രൗഢിയുടെ ചിഹ്നമായിരുന്നു. പിന്നെങ്ങനെ അറബിക്കടലിലെ പറങ്കി ആധിപത്യം അറക്കല്‍ വംശം അംഗീകരിക്കും. അതുകൊണ്ടു തന്നെ പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാവികപ്പട അറയ്ക്കലിന്റെതായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചെറുത്തു നിന്നതും ഇവര്‍ തന്നെ.

ക്രി. 1505 ല്‍ പോര്‍ച്ചുഗീസുകാര്‍ കണ്ണൂരില്‍ പണിത സെന്റ് ആഞ്ചലോസ് കോട്ട അറയ്ക്കല്‍ വംശത്തിന് തലവേദനയുണ്ടാക്കി. 1555 ല്‍ കോലത്തിരി-സാമൂതിരി-അറക്കല്‍ സംയുക്ത ഉപരോധം നടത്തിയിട്ടും ഇത് പിടിക്കാനായില്ല. 1633 ല്‍ ഇത് ഡച്ചുകാര്‍ പിടിച്ചെടുത്തു. 1772 ല്‍ ഇത് ഡച്ചുകാരില്‍ നിന്ന് അറക്കല്‍ ബീവി വില കൊടുത്തു വാങ്ങുകയായിരുന്നുവത്രേ.

കോട്ട സ്വന്തമാക്കിയപ്പോള്‍ അറയ്ക്കല്‍ രാജയുടെ സൈനിക ബലം അപ്രതിരോധ്യമായി ഉയര്‍ന്നു. ഇത് ബ്രിട്ടീഷ് അധികാരികളെ അസ്വസ്ഥരാക്കി. ഒടുവില്‍ 1793ല്‍ ബലപ്രയോഗ ത്തിലൂടെ അവര്‍ കോട്ട പിടിച്ചെടുത്തു. അറയ്ക്കല്‍ സ്വരൂപത്തിന്റെ തകര്‍ച്ച അതോടെ ആരംഭിക്കുകയും ചെയ്തു.

മലബാര്‍ കീഴടക്കിയ ഹൈദരലി ചിറക്കല്‍ രാജ്യത്തിന്റെ ഭരണം ആലിരാജയെ ഏല്പിച്ചു. മൈസൂര്‍-അറയ്ക്കല്‍ ബന്ധം പിന്നീട് അറയ്ക്കല്‍-കോലത്തിരി ബന്ധത്തെ സാരമായി ബാധിച്ചു. എന്നാല്‍ രാജ കൂടുതല്‍ ശകതനായെങ്കിലും ടിപ്പുവിന്റെ പതനത്തോടെ ഇതിന് തിരിച്ചടി നേരിട്ടു. അറയ്ക്കല്‍ രാജവംശം ഏറെക്കുറെ ഇംഗ്ലീഷ് ഭരണത്തിന് കീഴിലമരുകയും ചെയ്തു. 1911 ആയപ്പോഴേക്കും ചെങ്കോലും ഉടവാളും നഷ്ടപ്പെട്ട് ശക്തിക്ഷയം പൂര്‍ണമാവുകയും ചെയ്തു.

Feedback