Skip to main content

കുഞ്ഞാലി മരക്കാര്‍മാര്‍ (2)

സാമ്രാജ്യത്വത്തിന്‍റെ കഴുകക്കണ്ണുകളുമായി കോഴിക്കോടന്‍ കടലില്‍ നങ്കൂരമിട്ട പറങ്കികള്‍ക്കെതിരെ ദേശാഭിമാനത്തിന്‍റെ വീരേതിഹാസം രചിച്ച് രക്തസാക്ഷിത്വം വരിച്ച നാവികപ്പടത്തലവന്മാരാണ് കുഞ്ഞാലിമരക്കാറുമാര്‍. അസാമാന്യ ശരീര പ്രകൃതിയും സാഹസികമായ കടല്‍യാത്രാ നൈപുണ്യവും ഉള്ള പ്രബല കച്ചവട സംഘമായിരുന്നു മരയ്ക്കാന്‍മാര്‍. ഇവര്‍ അറേബ്യയില്‍ നിന്നാണ് കോഴിക്കോട്ടെത്തിയത്. പില്ക്കാലത്ത് സാമൂതിരി ഭരണത്തിന്‍റെ സൈനികച്ചുമതല ഏറ്റെടുത്ത മരയ്ക്കാറുമാര്‍ക്ക് സാമൂതിരി നല്കിയ പേരാണ് അലി എന്നത്.

1500 മുതല്‍ 1600 വരെയുള്ള ഒരു നൂറ്റാണ്ടു കാലത്തിനിടെ നാലു പ്രമുഖ കുഞ്ഞാലി മരക്കാറുമാരാരാണ് സാമൂതിരി നാവികപ്പടയുടെ അമരത്തിരുന്ന് പറങ്കികളെ വെള്ളം കുടിപ്പിച്ചത്. കുട്ട്യാലി കുട്ടി, പോക്കര്‍, പട്ടുമരക്കാര്‍, മുഹമ്മദലി എന്നിവരാണ് പ്രമുഖ കുഞ്ഞാലി മരക്കാര്‍മാര്‍.

'കുഞ്ഞാലി മരക്കാര്‍' എന്ന പേരിന്റെ ചരിത്രം പലരും പല രീതിയില്‍ പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും തന്റെ നാവികപ്പടയുടെ നേതാവിന് സാമൂതിരി നല്‍കിയ സ്ഥാനപ്പേരാണ് കുഞ്ഞാലിമരക്കാര്‍ എന്നത്. ഇവര്‍ എവിടെനിന്ന് വന്നവരാണ് എന്നതിലും ഭിന്നപക്ഷങ്ങളുണ്ട്. മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കാനും ക്രൂരമായി കൊന്നൊടുക്കാനും കേരള തീരത്തെ കച്ചവട മേധാവിത്വം പിടിക്കാനും കടല്‍ കടന്നെത്തിയ പറങ്കികളെ നിരന്തരം നേരിട്ടു കൊണ്ടിരുന്നവരാണ് മരക്കാര്‍മാര്‍. കൊച്ചിയില്‍ നിന്നും പൊന്നാനിയിലും അവിടെ നിന്ന് കോഴിക്കോട്ടുമെത്തിയ മരക്കാര്‍മാരെ സാമൂതിരി സ്വീകരിച്ചു. പറങ്കികളുടെ ആക്രമണം കൊണ്ട് പൊറുതി മുട്ടിയിരുന്ന അദ്ദേഹം ഈ നാവിക പ്രതിഭകളെ തലപ്പാവും ബഹുമതിനാമവും നല്‍കി നാവികപ്പടയുടെ അമരത്ത് പ്രതിഷ്ഠിക്കുകയാണുണ്ടായത്.

ക്രി. വ. 1507ലാണ് സാമൂതിരി കുട്ട്യാലിയെ ആദ്യ കുഞ്ഞാലി മരക്കാറായി നിയമിച്ചത്. കാലുകുത്തലിന്റെ പത്താം വാര്‍ഷികമായപ്പോഴേക്കും വാസ്‌കോഡഗാമ അറബിക്കടലിനെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരുന്നു. ഒരു കപ്പല്‍ പോലും ഗാമയുടെ അനുമതിയില്ലാതെ ഗതാഗതം നടത്താന്‍ സാധിക്കാത്തത്ര ശക്തമായിരുന്നു ആ അധീശത്വം.

എന്നാല്‍ കുട്ട്യാലി അത് പൊളിച്ചു. പറങ്കികളുടെ വന്‍ കപ്പലുകളുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം ചെറുതോണികളുമായി വട്ടമിട്ട് ആക്രമിച്ചപ്പോള്‍ ഗാമയുടെ ജലയാനങ്ങള്‍ക്ക് തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ പോലും സാധിക്കാതെയായി. മാത്രമല്ല, 1523ല്‍ കുരുമുളകു കയറ്റി എട്ട് കപ്പലുകളെ മരക്കാര്‍ അറബിക്കടല്‍ വഴി ചെങ്കടല്‍ തീരത്തെത്തിക്കുകയും ചെയ്തു. കുട്ട്യാലിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ പറങ്കികള്‍ പലപ്പോഴും തോറ്റോടി. 1526ല്‍, അവരുടെ കോഴിക്കോട്ടെ കോട്ട അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അവരുടെ നാവിക മേധാവി വധിക്കപ്പെടുകയുണ്ടായി.

1531ലാണ് രണ്ടാം കുഞ്ഞാലി മരക്കാറായി കുട്ടിപ്പോക്കര്‍ സ്ഥാനമേറ്റത്. ഈ വര്‍ഷം തന്നെയാണ് ബേപ്പൂര്‍ നദീമുഖത്ത് ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ കോട്ട പണിയുന്നത്. താനൂര്‍ രാജാവിന്റെ സഹായത്തിലായിരുന്നു ഇത്. ആദ്യകാല പള്ളികളിലൊന്നായ ചാലിയം മുസ്‌ലിം പള്ളി പൊളിച്ച് അതിന്റെ കല്ലുകളും ശ്മശാനങ്ങളിലെ മഖ്ബറകള്‍ പൊളിച്ച് അതിലെ കല്ലുകളും ഉപയോഗിച്ചാണ് ഈ കോട്ട കെട്ടിയത്. സാമൂതിരിയുടെ ആഭ്യന്തര വ്യാപാരം തടയാനും നാവിക യുദ്ധം ശക്തമാക്കാനുമാണ് ഈ കോട്ട പണിതത്.

ഈ കോട്ട തകര്‍ക്കലായിരുന്നു കുഞ്ഞാലി രണ്ടാമന്റെ പ്രധാന ലക്ഷ്യം. ഇതിനിടെ 1537ല്‍ സിലോണ്‍ മേഖലയിലും 1538 കോഴിക്കോട്ടു വെച്ചും ഏറ്റുമുട്ടലുകള്‍ നടന്നു. തോറ്റ പറങ്കികള്‍ നാട്ടുകാരെ അക്രമിച്ചും വ്യാപാരശാലകള്‍ കൊള്ളയടിച്ചും പള്ളികള്‍ക്കും വീടുകള്‍ക്കും തീവെച്ചുമാണ് പക തീര്‍ത്തിരുന്നത്. 1570ല്‍ കണ്ണൂര്‍ തീരത്ത് വെച്ച് പറങ്കികളുമായുള്ള നാവിക യുദ്ധത്തില്‍ കുട്ടിപ്പോക്കര്‍ രക്തസാക്ഷിയായി.

Feedback