Skip to main content

പൊന്നാനി മഖ്ദൂം കുടുംബം

മലബാര്‍ മുസ്‌ലിംകളില്‍ ഒരേ സമയം ആത്മീയ ചിന്തയും അധിനിവേശ വിരുദ്ധ വികാരവും വളര്‍ത്തിയെടുത്ത പ്രശസ്തമായ കുടുബമാണ് പൊന്നാനിയിലെ മഖ്ദൂമികളുടേത്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (ക്രി. 15-ാം ശതകത്തില്‍) പൊന്നാനിയിലെത്തിയവാണ് മഖ്ദൂം കുടുംബം.

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും ഇദ്ദേഹത്തിന്റെ പൗത്രനായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും രചിച്ച പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ രചനകളാണ് കേരളീയ മുസ്‌ലിംകളില്‍ സ്വതന്ത്ര്യ ബോധമുണര്‍ത്തിയത്. മതവിജ്ഞാനീയങ്ങളുടെ ആഴങ്ങള്‍ തേടി പാണ്ഡിത്യത്തിന്റെ നിറകുടങ്ങളായ ഇവര്‍ പൊന്നാനിയെ 'മലബാറിന്റെ മക്ക' യാക്കുകയും ചെയ്തു.

യമനിലെ മഅ്ബറിലാണ് മഖ്ദൂം കുടുംബത്തിന്റെ വേര് കിടക്കുന്നത്. അവിടെ നിന്ന് തമിഴ് നാട്ടിലെ കായല്‍ പട്ടണം, കീളക്കര തുടങ്ങിയ സ്ഥലങ്ങളിലെത്തിയ ഇവര്‍ പിന്നീട് പൊന്നാനിയില്‍ കുടിയേറുകയായിരുന്നു. ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീമുബ്‌നു അഹ്മദാണ് പൊന്നാനിയിലെത്തിയ ആദ്യ മഖ്ദൂം. ഇദ്ദേഹത്തിന്റെ സഹോദര പുത്രനായി ക്രി. വ. 1467 ലാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പിറവി കൊണ്ടത്. ശൈഖുല്‍ ഇസ്‌ലാം അബൂയഹ്‌യാ സൈനുദ്ദീന്‍ബ്‌നു അലി എന്നാണ് പൂര്‍ണ നാമം.

മുസ്‌ലിംകളെ ക്രൈസ്തവരാക്കാന്‍ നിര്‍ബന്ധിക്കുകയും അവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്ന പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഇദ്ദേഹം രചിച്ച വിപ്ലവ കാവ്യമാണ് തഹ്‌രീളു അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബദത്തില്‍ സ്വുല്‍ബാന്‍. (വിശ്വാസികളേ, കുരിശു പൂജകരെ തുരത്തൂ എന്നത്രേ ഇതിന്റെ ആശയം). സാമൂതിരിയും കുഞ്ഞാലി മരക്കാര്‍മാരും പറങ്കികള്‍ക്കെതിരെ നാവിക വിപ്ലവം നയിച്ചപ്പോള്‍ ഈ കൃതി അവര്‍ക്ക് ആവേശമേകി. 

സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ സമര സജ്ജരാകാന്‍ സമുദായത്തെ പ്രേരിപ്പിച്ചു. പോര്‍ച്ചുഗീസുകാര്‍ മലബാറുകാരെയും വിശേഷിച്ച് മുസ്‌ലിംകളെയും സാമൂതിരിയുടെ നാവികപ്പട നായകനായ കുഞ്ഞാലി മരക്കാര്‍മാരെയും പീഡിപ്പിച്ചതിന്റെയും അറുകൊലകള്‍ നടത്തിന്റെയും വിവരണമായ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' അദ്ദേഹം രചിച്ചത് ഇതിനു വേണ്ടിയായിരുന്നു. ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മുസ്‌ലിംകളെ ജാഗരം കൊള്ളിക്കാനും ഈ ചരിത്ര ഗ്രന്ഥം സഹായിച്ചു.

മഖ്ദൂം ഒന്നാമനും മകന്‍ ശൈഖ് ഗസ്സാലിയും മഖ്ദൂം രണ്ടാമനും മലബാര്‍ മുസ്‌ലിംകളുടെ ആത്മീയ നേതൃത്വത്തിലിരുന്ന പണ്ഡിത പ്രബലന്മാരായിരുന്നു. പൊന്നാനി ജുമുഅത്ത് പള്ളിയില്‍ 36 വര്‍ഷം ദര്‍സ് നടത്തിയിരുന്നു മഖ്ദൂം രണ്ടാമന്‍. ഇബ്‌നു ഹജറില്‍ ഹൈത്തമിയില്‍ നിന്നാണ് ഹറമില്‍ വെച്ച് മഖ്ദൂം രണ്ടാമന്‍ മതവിഷയങ്ങളില്‍ അവഗാഹം നേടിയത്. അക്കാലത്തെ പല മുസ്‌ലിം ഭരണാധികാരികളുമായി ബന്ധമുണ്ടായിരുന്നു മഖ്ദൂമിന്. സാമൂതിരി രാജമാരുമായും അടുത്തിടപഴകി.

ഫത്ഹുല്‍ മുഈന്‍, ഇര്‍ശാദുല്‍ ഇബാദ് എന്നിവ ശൈഖ് മഖ്ദൂം രണ്ടാമന്റെ പാണ്ഡിത്യത്തിന്റെ ആഴം വ്യക്തമാക്കുന്ന കൃതികളില്‍ ചിലതാണ്.

കേരളീയ മുസിംകളുടെ മത-രാഷ്ട്രീയ-വൈജ്ഞാനിക-സ്വാതന്ത്ര്യ ബോധങ്ങളെ തൊട്ടുണര്‍ത്തിയ മഖ്ദൂം കുടുംബത്തിന് മലബാര്‍ മേഖലയില്‍ ഇന്നും സ്വാധീനമുണ്ട്.    

Feedback