Skip to main content

നവോത്ഥാനവും പത്രപ്രസിദ്ധീകരണങ്ങളും (1)

ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ ആനുകാലികങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും വലിയ പങ്കുണ്ട്. കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ നടന്ന നവോത്ഥാന സംരംഭങ്ങളില്‍ വളരെയേറെ സ്വാധീനിച്ച ഒരു ഘടകവും പ്രസിദ്ധീകരണങ്ങള്‍ തന്നെയായിരുന്നു. 'സാക്ഷര കേരളം, പ്രബുദ്ധ കേരളം' എന്നെല്ലാം ഇന്ന് വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍ തീര്‍ത്തും നിരക്ഷരരായ ഒരു സമൂഹത്തെ-കേരള മുസ്‌ലിംകളെ-സമുദ്ധരിക്കാന്‍ വേണ്ടി ഒന്നര നൂറ്റാണ്ടു മുമ്പ് രംഗത്തിറങ്ങിയ സയ്യിദ് സനാഉല്ലാ മഖ്തി തങ്ങള്‍ തന്റെ നാവും തൂലികയും ആയുധമാക്കി. അക്ഷരങ്ങള്‍ കൂട്ടി വായിക്കാനറിയാവുന്ന വിരലിലെണ്ണാവുന്നവരെ മാത്രം ലക്ഷ്യം വെച്ച് 1880 ല്‍ കൊച്ചിയില്‍ നിന്ന് 'സത്യപ്രകാശം' എന്ന ഒരു വാരിക അദ്ദേഹം പുറത്തിറക്കി. 

മലയാളത്തില്‍ എഴുത്തും വായനയും വശമില്ലെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു മാധ്യമമായിരുന്നു അറബി മലയാളം. അറബി ലിപിയില്‍ മലയാള ഭാഷ എഴുതുക എന്നതാണ് അറബി മലയാളം. മുസ്‌ലിംകള്‍ക്ക് വായിക്കാന്‍ കഴിയുമാറ് മഖ്തി തങ്ങള്‍ ഒരു അറബി മലയാള ദ്വൈവാരിക പുറത്തിറക്കി. 'തുഹ്ഫതുല്‍ അഖ്‌യാര്‍ വ ഹിദായതുല്‍ അശ്‌റാര്‍'. ഒരു വര്‍ഷം മാത്രമേ നടന്നുള്ളൂ. മഖ്തി തങ്ങള്‍ തന്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട്ടു നിന്ന് 'പരോപകാരി' മാസിക പ്രസിദ്ധീകരിച്ചു. സാമ്പത്തിക ക്ലേശം മൂലം മാസിക തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷേ, ആ പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. 

1899 ല്‍ തിരൂരില്‍ നിന്ന് സെയ്ദാലിക്കുട്ടി മാസ്റ്റര്‍ പ്രസിദ്ധീകരണമാരംഭിച്ച 'സ്വാലാഹുല്‍ ഇഖ്‌വാന്‍' പത്രം നവോത്ഥാന രംഗത്തെ നാഴികക്കല്ലായിരുന്നു. 1909 ല്‍ അദ്ദേഹം 'റഫീഖുല്‍ ഇസ്‌ലാം' എന്ന പേരില്‍ അറബി മലയാളം മാസികയും പുറത്തിറക്കി. ആലപ്പുഴ സുലൈമാന്‍ മുസല്യാര്‍ പുറത്തിറക്കിയ 'മണി വിളക്ക്' അറബി മലയാളത്തിലായിരുന്നു. 

1904 ല്‍ അഞ്ചുതെങ്ങില്‍ (തിരുവനന്തപുരം) നിന്ന് വക്കം മൗലവി ആരംഭിച്ച 'സ്വദേശാഭിമാനി' ദിന പത്രം സാമൂഹിക വിപ്ലവം സൃഷ്ടിച്ച ഒരു മാധ്യമമായിരുന്നു. 1910 മെയ് 26 ന് തിരുവിതാം കൂര്‍ ഭരണകൂടം പത്രം കണ്ടുകെട്ടുകയായിരുന്നു. 1906 ല്‍ മൗലവി പുറത്തിറക്കിയ 'മുസ്‌ലിം' ഏഴു വര്‍ഷം നിലനിന്നു. 1910 ല്‍ 'അല്‍ ഇസ്‌ലാം' അറബി മലയാള മാസികയും 1931 ല്‍ 'ദീപിക' യും വക്കം മൗലവി പ്രസിദ്ധീകരിച്ചു. വക്കത്തു നിന്ന് തന്നെ 'അല്‍മനാര്‍', 'ഖിലാഫത്ത് പത്രിക' എന്നീ പ്രസിദ്ധീകരണങ്ങള്‍ എം.മുഹമ്മദ് കുഞ്ഞ് മൗലവി ആരംഭിച്ചു. ഏറണാകുളത്തു നിന്ന് പി. മൂസാന്‍ കുട്ടി സാഹിബ് 'മുഹമ്മദീയ ദര്‍പ്പണം' പ്രസിദ്ധീകരിച്ചു. 1910 ല്‍ കൊച്ചിയില്‍ നിന്നു തന്നെ അബ്ദു മുഹമ്മദ് ഹാജി പുറത്തിറക്കിയ 'മലബാര്‍ ഇസ്‌ലാം' മാസിക പതിമൂന്നു വര്‍ഷം നിലനിന്നു. 1930 ല്‍ തിരുവനന്തപുരത്തു നിന്ന് എം.അഹ്മദ് കണ്ണ് 'മുസ്‌ലിം മിത്രം' മാസിക ആരംഭിച്ചു. കോട്ടയത്തു നിന്ന് പി.എം.അബ്ദുല്‍ ഖാദര്‍ സാഹിബ് ആരംഭിച്ച 'ഇശാഅത്ത്' (ഹി.1351) ഏഴു വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്തു തന്നെ ആലപ്പുഴയില്‍ നിന്ന് കെ.കെ.മുഹമ്മദ് ശാഫി മൗലവി 'സാരസന്‍' മാസികയും ഏറണാകുളത്തു നിന്ന് തയ്യില്‍ കമാല്‍ പാഷ 'പ്രകാശം' മാസികയും പ്രസിദ്ധീകരിച്ചു. 

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ-വിശിഷ്യാ തെക്കന്‍ കേരളത്തിന്റെ- വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആനിന്റെയും നബി ചര്യയുടെയും സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും സമുദായത്തിനകത്ത് സ്വത്വബോധവും അതോടൊപ്പം ഉണര്‍വും ഉണ്ടാക്കാനായി ഒറ്റപ്പെട്ടതെങ്കിലും ശക്തമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പ്രസിദ്ധീകരണങ്ങള്‍ ഏറെക്കാലം മുന്നോട്ടു പോയില്ല. കാരണം: (1) സംഘടിത സ്വഭാവമോ ശക്തമായ അടിത്തറയോ ഉണ്ടായിരുന്നില്ല. (2) വിശാലമായ വായനാലോകം ഉണ്ടായിരുന്നില്ല. (3) നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യത വ്യക്തികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 
നവോത്ഥാന മുന്നേറ്റത്തിന്റെ സംഘടിത മുന്നേറ്റം ആരംഭിച്ചു കൊണ്ട് 1922 ല്‍ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മേല്‍നോട്ടത്തില്‍ അറബി മലയാളത്തില്‍ ആരംഭിച്ച 'അല്‍ ഇര്‍ശാദ്', 'അല്‍ ഇസ്വ്‌ലാഹ്' എന്നിവ പോലും അല്പായുസ്സുകളാ യിത്തീരുകയായിരുന്നു. ഇതേ ആശയത്തിലും ലക്ഷ്യത്തിലും കൊടുങ്ങല്ലൂരില്‍ നിന്ന് 'മുസ്‌ലിം ഐക്യം' മാസികയും ഏറണാകുളത്തു നിന്ന് 'ഐക്യം' മാസികയും പ്രസിദ്ധീകരിക്കപ്പെട്ടു. അല്പായുസ്സുകളാണെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ ചേര്‍ത്തിരിക്കുന്നു.

1921    നവലോകം            എന്‍.എ.അബ്ദുറഹിമാന്‍, കൊടുങ്ങല്ലൂര്‍
1923    അല്‍ അമീന്‍            മുഹമ്മദ് അബ്ദുറഹിമാന്‍, കോഴിക്കോട്
1926    യുവ മുസ്‌ലിം            എം.എം.അബ്ദുല്‍ ഖാദര്‍, കൊടുങ്ങല്ലൂര്‍
1929    യുവലോകം            കെ.മുഹമ്മദ് സാഹിബ്, കോഴിക്കോട്
1929     മുസ്‌ലിം സഹകാരി        സി.എഛ് മുഹമ്മദ്
1929     ഹിദായത്ത്            കെ.അഹ്മദ് ഹാഹിബ്
1932    മാര്‍ഗദര്‍ശകന്‍            എം.സി.സി. ഹസ്സന്‍ മൗലവി, കോഴിക്കോട്
1935     അല്‍ മുര്‍ശിദ്            കെ.എം. മൗലവി, തിരൂരങ്ങാടി
1945    മുസല്‍മാന്‍            എം.എം.അബ്ദുല്‍ ഖാദര്‍, കൊടുങ്ങല്ലൂര്‍
    അല്‍ ഹിദായ            ഹൈദര്‍ വൈദ്യര്‍, ഇരിമ്പിളിയം
    നിസാഉല്‍ ഇസ്‌ലാം        കെ.സി.കോമുക്കുട്ടി മൗലവി
1945    യുവജനമിത്രം            തലക്കണ്ടി മൊയ്തു സാഹിബ്
1945    മുജാഹിദ്            ഒ. മാഹിനലി, തലശ്ശേരി
1946    യുവകേസരി മാസിക        എം.എസ്. അബ്ദുല്‍ അസീസ്, ഇടവ
1946    മുസ്‌ലിം വനിതാ മാസിക    എം. ഹലീമ ബീവി
1948    അല്‍ ഇത്തിഹാദ്        ഇ.കെ. മൗലവി, തിരൂരങ്ങാടി
    ഇസ്‌ലാമിക ദര്‍ശനം        ഇട്ടിലാക്കല്‍ ബാപ്പു മൗലവി, കൊച്ചി
1977    ബിസ്മി                ഇസ്ഹാഖലി കല്ലിക്കണ്ടി    

നവോത്ഥാന പാതയില്‍ ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമാണ് 1970 ല്‍ ത്രൈമാസികയായി തുടങ്ങി മാസികയായി 1999 വരെ നില നിന്ന 'സല്‍സബീല്‍'. കെ.ഉമര്‍ മൗലവി (തിരൂര്‍ക്കാട്) ആയിരുന്നു അത് നടത്തിയിരുന്നത്. വിശുദ്ധ ഖുര്‍ആനും നബി ചര്യയും പ്രചരിപ്പിക്കുന്ന ഇസ്വ്‌ലാഹിന്റെ വഴിയില്‍ കെ.പി.മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച 'അല്‍ ബുശ്‌റാ' അറബി മാസികയും (കോഴിക്കോട്) 1929 ല്‍ തലശ്ശേരിയില്‍ നിന്നിറങ്ങിയ 'നാറജീല്‍സ്താന്‍' എന്ന ഉര്‍ദു മാസികയും 1982 ല്‍ എന്‍.വി.ഇബ്രാഹീം മാസ്റ്ററുടെ നേതൃത്വത്തില്‍ അരീക്കോട്ടു നിന്ന് പുറത്തിറങ്ങിയ 'അല്‍ മുനീര്‍' ഇംഗ്ലീഷ് മാസികയും എടുത്തു പറയേണ്ടതാണ്. പക്ഷേ, അവയൊന്നും ദീര്‍ഘകാലം നില നിന്നില്ല. 

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസവും സാക്ഷരതാനിരക്കും വര്‍ധിച്ചു തുടങ്ങി. അതുകൊണ്ടു തന്നെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ പ്രഥമ മുസ്‌ലിം സംഘടന കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ 1950 ല്‍ ആരംഭിച്ച 'അല്‍ മനാര്‍' മാസിക ഇന്നും നിലനില്ക്കുന്നു. ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്ന സയ്യിദ് റശീദ് രിദാ(ഈജിപ്ത്)യുടെ അല്‍ മനാര്‍ മാസികയാണ് കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്നത്. ആ പേരില്‍ തന്നെ മലയാളത്തില്‍ ആരംഭിച്ച 'അല്‍ മനാര്‍' 1952 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മുഖ പത്രമായി സ്വീകരിക്കുയായിരുന്നു. കെ.എം.മൗലവി, കുഞ്ഞോയി വൈദ്യര്‍, എന്‍.വി. അബ്ദുസ്സലാം മൗലവി, പി.കെ മൂസാ മൗലവി, എ.കെ അബ്ദുല്‍ ലത്തീഫ് മൗലവി തുടങ്ങിയവരായിരുന്നു അല്‍ മനാറിന് തുടക്കത്തില്‍ നേതൃത്വം നല്കിയത്. 1948 ല്‍ രൂപീകരിച്ച 'ജമാഅത്തെ ഇസ്‌ലാമി' യുടെ കീഴില്‍  'പ്രബോധനം' (1959), ബോധനം (1976) എന്നിവ ആരംഭിച്ചു. അവ ഇപ്പോഴുമുണ്ട്. 

1974 ഡിസംബറില്‍ നവോത്ഥാനത്തിന്റെ യുവ ശബ്ദമായി 'ശബാബ്' ദ്വൈവാരിക രംഗത്തു വന്നു. 1985 ജനുവരി മുതല്‍ വാരികയായി. ടാബ്ലോയിഡ് രൂപത്തില്‍ നിന്ന് പിന്നീട് പുസ്ത രൂപത്തിലാക്കി. 1991 ല്‍ എം.ജി.എമ്മിന്റെ കീഴില്‍ ആരംഭിച്ച 'പുടവ' കുടുംബ മാസിക (1990) ശക്തമായി നിലനില്ക്കുന്നു. പിന്നീട് 'വിചിന്തനം' വാരിക പ്രസിദ്ധീകരണമാരംഭിച്ചു (2002). ഇന്നും നിലവിലുണ്ട്. എം.എസ്.എമ്മിന്റെ കീഴില്‍ ഇഖ്‌റഅ്, ബാല കൗതുകം (1990), സര്‍ഗ വിചാരം (1999), കാമ്പസ് ചാറ്റ് എന്നീ പ്രസിദ്ധീകരണങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ആരംഭിച്ചുവെ ങ്കിലും അവയൊന്നും ഇപ്പോള്‍ നിലവിലില്ല. 

1926 ല്‍ രൂപീകരിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ കീഴില്‍ അണി നിരന്നവരും വൈകിയാണെങ്കിലും പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നു വന്നു. ഇന്ന് എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും ഒന്നിലേറെ പ്രസിദ്ധീകരണങ്ങളുണ്ട്. സുന്നീ ടൈംസ്, സുന്നീ വോയ്‌സ് (1974), സുന്നീ അഫ്കാര്‍, അല്‍ മുഅല്ലിം (1975), രിസാല, തെളിച്ചം, ആരാമം (1985), പൂങ്കാവനം (1987), സന്തുഷ്ട കുടുംബം (2002), മലര്‍വാടി, കുരുന്നുകള്‍, സെന്‍സിംഗ്, നുസ്‌റത്തുല്‍ അനാം, നേര്‍പഥം(2018) തുടങ്ങിയവ. 

'ഇസ്‌ലാമികം' എന്നവകാശപ്പെടുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ നിറഞ്ഞു നില്ക്കുന്ന സമകാലത്ത് പ്രസിദ്ധീകരണത്തിന്റെ ഗതകാല സ്മരണകള്‍ അനിവാര്യമാണ്. 

Feedback