Skip to main content

കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ (9)

മനുഷ്യ പുരോഗതിയില്‍ രചനകളുടെ പങ്ക് അനിഷേധ്യമാണ്. പുരാതന കാലം മുതല്‍ മനുഷ്യന്‍ ആശയ ആവിഷ്‌കാരത്തിനായി രചനകളെ ഉപയോഗിച്ചു പോന്നിട്ടുണ്ട്. പുതിയ രചനാ രീതികളും മാധ്യമങ്ങളും കണ്ടെത്താന്‍ അവന്‍ എന്നും ഉത്സുകനായിരുന്നു. ഏതാനും സഹസ്രാബ്ധങ്ങളുടെ പാരമ്പര്യമുള്ള ആധുനിക രചനാ സംവിധാനങ്ങളാണ് മനുഷ്യനെ പുതിയ കാലത്ത് പെട്ടെന്ന് വികസിപ്പിച്ചത്. വായനയെ പ്രചോദിപ്പിച്ചും രചന ദൈവിക അനുഗ്രഹമാണെന്ന് ഉണര്‍ത്തിയും ഖുര്‍ആനും ഈ കാര്യത്തിന് അടിവരയിടുന്നു. അതിനാല്‍ തന്നെ ലോക മുസ്‌ലിംകള്‍ കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വാങ്ങിക്കൂട്ടുകയും വായിച്ചു പഠിക്കുകയും അടുത്ത തലമുറയിലേക്ക് അതെത്തിക്കാനായി എഴുതി സൂക്ഷിക്കുകയും ചെയ്തു. ഇതില്‍ മതവും ഭൗതികവുമടക്കം ആകാശത്തിനു ചുവട്ടിലുള്ള എല്ലാ വിഷയങ്ങളിലും അവര്‍ ഗ്രന്ഥ രചന നടത്തി. പുതിയ കാലത്ത് അച്ചടിയും മറ്റും വ്യാപകമായപ്പോള്‍ പത്രപ്രസിദ്ധീകരണങ്ങളും അവര്‍ പുറത്തിറക്കി.

കേരള മുസ്ലിം ചരിത്രത്തില്‍ ഇരുളടഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആദ്യകാല പ്രഭാവത്തിനു ശേഷം അവര്‍ പിന്നാക്കത്തിന്റെ പിന്‍നിരയില്‍ ആയിത്തീര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലാണ് മുസ്‌ലിം സമൂഹത്തിനിടയില്‍ നവോത്ഥാനത്തിന്റെയും ഉണര്‍വിന്റെയും തിരിനാളങ്ങള്‍ കണ്ടു വന്നത്. അക്ഷരജ്ഞാനം പോലും ഇല്ലാതിരുന്ന ഈ സമുദായത്തിലേക്ക് വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശത്തോടൊപ്പം അക്ഷരവെളിച്ചവും പകര്‍ന്നു നല്‍കി. മാതൃഭാഷയില്‍ സാക്ഷരതയില്ലെങ്കിലും ഖുര്‍ആനിന്റെ ഭാഷയായ അറബിലിപിയില്‍ എഴുതിയാല്‍ വായിക്കാനറിയാവുന്നതിനാല്‍ ആ മീഡിയം ഉപയോഗപ്പെടുത്തുകയായിരുന്നു പണ്ഡിതന്മാര്‍.

നവോത്ഥാനത്തിന്റെ നാന്ദികുറിച്ച സനാഉല്ല മക്തിതങ്ങളും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെന്നത് പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു. അംഗുലീപരിമിതമായ വായനക്കാരിലൂടെ ആദര്‍ശവും അക്ഷരജ്ഞാനവും സമൂഹത്തിലേക്ക് പകര്‍ന്നുകൊടുക്കാന്‍ അന്നത്തെ ആനുകാലികങ്ങള്‍ക്കായി. ദിനപത്രം, ആഴ്ചപ്പതിപ്പ്, പാക്ഷികം, മാസിക, ദ്വൈ-ത്രൈ മാസികകള്‍ എന്നിങ്ങനെ നിരവധി പ്രസിദ്ധീകരണങ്ങള്‍ മലയാളി മുസ്ലിംകള്‍ക്കിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പലതും അല്പായുസ്സുകളായിരുന്നു. എന്നിരുന്നാലും കേരളചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒട്ടേറെ പ്രസിദ്ധീകരണങ്ങളുണ്ട്. ആദ്യകാലത്തുണ്ടായിരുന്നവ പലതും ഇന്നില്ല പില്ക്കാലത്ത് തുടങ്ങിയവയില്‍ നിരവധി പ്രസിദ്ധീകരണങ്ങള്‍ ഇന്നും കേരളക്കരയില്‍ നിലനില്‍ക്കുന്നു. ഇതു കൂടാതെ മതപരവും അല്ലാത്തതുമായ നൂറുകണക്കിന് വൈജ്ഞാനിക- സാഹിത്യ ഗ്രന്ഥങ്ങളും ഇക്കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Feedback