Skip to main content

നവോത്ഥാനത്തിന് മറുശബ്ദം

അധഃസ്ഥിതിയുടെ ആഴത്തില്‍ കിടന്നിരുന്ന മുസ്‌ലിം സമൂഹത്തെ പടിപടിയായി സമുദ്ധരിക്കുന്നതില്‍ പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് അനല്പമായ പങ്കുണ്ട്. മുസ്‌ലിംകളെ വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും എത്തിക്കുക, മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമുദായത്തെ ബോധവത്ക്കരിക്കുക, സമൂഹത്തില്‍ അടിഞ്ഞു കൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും വിപാടനം ചെയ്യുക, മുസ്‌ലിം സമുദായത്തെ സ്വത്വം മറക്കാതെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുക, മത-ഭൗതിക കാര്യങ്ങളില്‍ കൂടുതല്‍ അറിവുകള്‍ സമുദായത്തിന് പകരുക തുടങ്ങിയ ദൗത്യമാണ് പത്രപ്രസിദ്ധീകരണങ്ങളിലൂടെ ഇവിടെ നടന്നത്. 

എന്നാല്‍ സമുദാത്തിനകത്തു നിന്നു തന്നെ നവോത്ഥാന ചിന്തകള്‍ക്കള്‍ക്ക് മറുശബ്ദം ആദ്യം മുതല്‍ കേട്ടുതുടങ്ങി. ഉത്പതിഷ്ണുത്വത്തിന് എതിര്‍ ശബ്ദമായി അത് ഗണിക്കപ്പെടുകയും ചെയ്തു. സമൂഹത്തില്‍ അടിയുറച്ചിരുന്ന അത്യാചാരങ്ങള്‍ക്ക് പലതിനും മതഛായ നല്കി ന്യായീകരിക്കുക എന്ന പ്രവണതയാണ് ആദ്യം കണ്ടത്. വിദ്യാഭ്യാസത്തിന്, വിശേഷിച്ചും സ്ത്രീ വിദ്യാഭ്യാസത്തിന്, മതപരമായ വിലക്കു കല്പിക്കാന്‍ പോലും ചിലര്‍ തയ്യാറായി. ഈ രംഗത്തും ഒറ്റപ്പെട്ട ചില പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കെ.പി ഉസ്മാന്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ 1950 ല്‍ പുറത്തിറങ്ങിയ അല്‍ ബയാന്‍ അറബി മലയാളം മാസിക ഇതില്‍പ്പെട്ടതാണ്. ഇതു പക്ഷേ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാരുടെ പത്രാധിപത്യത്തില്‍ 1929 ല്‍ തുടങ്ങിയെങ്കിലും നിന്നു പോയതാണ്. 1954 ല്‍ ടി.കെ.അബ്ദുല്ല മൗലവിയുടെ പത്രാധിപത്യത്തില്‍ അല്‍ ബയാന്‍ മലയാള ലിപിയില്‍ തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. 

അല്‍ ബുര്‍ഹാന്‍ (1960), ഹിദായത്തുല്‍ മുഅ്മിനീന്‍ (1950), ഹിക്മത്ത് മാസിക (1953)  തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.

മുസ്‌ലിം സമൂഹത്തിന്റെ സൈദ്ധാന്തിക മുന്നേറ്റത്തെ തടയിടാന്‍ സമുദായത്തിനകത്തു നിന്നു തന്നെ മറ്റൊരു എതിര്‍ ശബ്ദമായിരുന്നു മോഡേണിസത്തിന്റേത്. പ്രമാണനിഷേധം പോലും സൈദ്ധാന്തികമായി അവതരിപ്പിച്ചു കൊണ്ട് ഓറിയന്റലിസ്റ്റ് ശബ്ദം മലയാളത്തില്‍ ആവിഷ്‌കരിച്ചു കൊണ്ടു പുറത്തിറക്കിയ 'അല്‍ ബുര്‍ഹാന്‍' എന്ന പേരില്‍ ഒരു മാസികയും ഏതാനും വര്‍ഷം പ്രസിദ്ധീകരിച്ചു പോന്നു.
 

Feedback