Skip to main content

മുസ്‌ലിംകള്‍ പൊതു വിദ്യാഭ്യാസ രംഗത്ത്

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകള്‍ കേരള മുസ്‌ലിം സമൂഹം ഏറെ പരീക്ഷണങ്ങള്‍ നേരിട്ട കാലമായിരുന്നു. വിദേശീയ ഭരണവും അഭ്യന്തരമായി ജന്‍മി മേധാവിത്തവും സമുദായത്തിനകത്ത് പൗരോഹിത്യവും ചേര്‍ന്നുണ്ടായ അവസ്ഥയില്‍ മുസ്‌ലിംകള്‍ ഏറെ പിന്നോട്ടു പോയി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പരിഷ്‌കര്‍ത്താവ് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ (1847-1912) സമുദായത്തിന് വിദ്യാഭ്യാസ ബോധമുണ്ടാക്കാന്‍ വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ജനങ്ങള്‍ക്ക് മാതൃഭാഷയില്‍ അക്ഷരാഭ്യാസം പോലും ഇല്ലായിരുന്നുവെന്ന് മാത്രമല്ല; ആര്യനെഴുത്ത് (മലയാളം) പഠിക്കേണ്ടതില്ലെന്ന് ധരിച്ചു വശാവുകയും ചെയ്തിരുന്നു. തന്നെയുമല്ല ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അത് പഠിക്കാന്‍ ഒരിക്കലും പാടില്ല എന്നുമുള്ള ധാരണ വിശ്വാസത്തിന്റെ ഭാഗമായി അവര്‍ കാത്തു സൂക്ഷിച്ചിരുന്നു. പെണ്‍കുട്ടികള്‍ വിദ്യ നേടുന്നത് പൊറുക്കപ്പെടാത്ത പാപമായി കണക്കാക്കിയിരുന്നു. ഇതൊന്നും വിവരമില്ലാത്ത ജനങ്ങളുടെ ധാരണപ്പിശകു മാത്രമായിരുന്നില്ല; അന്നത്തെ മത നേതൃത്വം ഇതെല്ലാം മതവിരുദ്ധ കാര്യങ്ങളാണെന്ന മത വിധികള്‍ (ഫത്‌വാ) പുറപ്പെടുവിക്കുക കൂടി ചെയ്തിരുന്നു.

ഇങ്ങനെയുള്ള പരിതോവസ്ഥയിലാണ് മാതൃഭാഷയില്‍ സ്ഫുടമായി സംസാരിക്കുകയും നല്ല ഭാഷയില്‍ എഴുതുകയും ചെയ്തിരുന്ന മക്തി തങ്ങള്‍  സമൂഹത്തെയും പണ്ഡിതന്‍മാരെയും ഒരേ സമയം ബോധവത്ക്കരിച്ചത്.   അതിന്റെ തുടര്‍ച്ച തന്നെയാണ് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി (1873-1932) എന്ന സമൂഹ പരിഷ്‌കര്‍ത്താവ് പത്രപ്രസിദ്ധീകരണളിലൂടെ, വിശേഷിച്ചും സ്വദേശാഭിമാനി ദിന പത്രത്തിലൂടെ, നടത്തിയ അക്ഷര വിപ്ലവം. വക്കം മൗലവിയുടെ ശ്രമഫലമായി തിരുവിതാംകൂര്‍ ഭരണകൂടം 1914 മുതല്‍ അവിടുത്തെ പ്രൈമറി-ഹൈസ്‌കൂളുകളില്‍ 'ഖുര്‍ആന്‍ ടീച്ചര്‍' മാരെ നിശ്ചയിച്ചു. ഇത് മുസ്‌ലിം കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരാന്‍ പ്രേരണയും പ്രോത്‌സാഹനവും ആയി. അതോടൊപ്പം അറബി ഭാഷാ പഠന സൗകര്യവും. ഐക്യ കേരളത്തില്‍ പൊതു വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനം വ്യാപിക്കാന്‍ ഇതായിരുന്നു കാരണം. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതി പിന്നിട്ടപ്പോഴേക്ക് മുസ്‌ലിം കുട്ടികള്‍ (ആണും പെണ്ണും) പൊതു വിദ്യാഭ്യാസരംഗത്തേക്ക് കടന്നു വരാന്‍ തുടങ്ങി. വക്കം മൗലവി തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ചില വ്യക്തികളും സംഘങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. വിദ്യാഭ്യാസ രംഗത്ത് മാത്രം ശ്രദ്ധ പതിപ്പിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) പ്രൈമറി തലം മുതല്‍ ഗവേഷണ തലം വരെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങള്‍ സ്ഥാപിച്ചു നടത്തുന്ന ഒരു വലിയ പ്രസ്ഥാനമായി മാറി. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ മുസ്‌ലിംകള്‍ക്കു ലഭിച്ച ഭരണ പങ്കാളിത്തം വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ആദ്യം വിദ്യാഭ്യാസ തത്പരതയെ നിരുത്‌സാഹപ്പെടുത്തുകയും ഒരുവേള നിരാകരിക്കുകയും ചെയ്തവരുടെ പിന്‍മുറക്കാര്‍ തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്ക് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു നടത്താന്‍ തുടങ്ങി. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നിന്നു നോക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസ രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഈ വിദ്യാഭ്യാസ തത്പരത ഇതര സാമൂഹിക മേഖലകളിലും രാസ ത്വരകമായി പ്രവര്‍ത്തിക്കുമെന്ന് പറയേണ്ടതില്ല
 

Feedback