Skip to main content

കേരള മുസ്‌ലിം ഐക്യസംഘം

മുസ്‌ലിം സമൂഹത്തിനിടയില്‍ ഇസ്‌ലാമിക ചിന്ത വളര്‍ന്നു വരികയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെറുകൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെത്തന്നെ ആരംഭിച്ച ഈ ജാഗരണശ്രമം ഒന്നുരണ്ടു ദശകങ്ങള്‍ കൊണ്ട് ശക്തി പ്രാപിച്ചു. തിരുവിതാംകൂര്‍, തിരുകൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായിക്കിടന്നിരുന്ന മലയാളക്കരയെ ഒറ്റ ഏകകമായി കണ്ടുകൊണ്ടാണ് 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘം രൂപപ്പെട്ടത്. സനാഉല്ലാ മഖ്തി തങ്ങളില്‍ നിന്ന് തൗഹീദും ഇസ്‌ലാമികാവേശവും ഖുര്‍ആനിക സന്ദേശവും ഉള്‍കൊണ്ട നിരവധി പേര്‍ ജീവിച്ചിരുന്ന കൊടുങ്ങല്ലൂരിലാണ് ഐക്യസംഘം രൂപപ്പെട്ടത്. കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബ് പ്രസിഡണ്ടും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെ.എം.മൗലവി, ഇ.കെ.മൗലവി, എം.സി.സി. അബ്ദുറഹിമാന്‍ മൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കെ.എം.സീതി സാഹിബ് തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരുമായിരുന്നു. പൗരപ്രമുഖരും മതപണ്ഡിതരും യുവ രാഷ്ട്രീയപ്രവര്‍ത്തകരും ഒത്തുചേര്‍ന്നപ്പോള്‍ ഐക്യസംഘത്തിന്റെ തുടക്കം ചൈതന്യവത്തായി.

ഐക്യസംഘത്തിന് അസൂയാര്‍ഹമായ വളര്‍ച്ചയുണ്ടായി. ദ മുസ്‌ലിം ഐക്യസംഘം റൂള്‍സ് എന്ന് ഇംഗ്ലീഷിലും 'മുസ്‌ലിം ഐക്യസംഘം നിയമബുക്ക്' എന്ന് മലയാളത്തിലും രേഖപ്പെടുത്തിയ ഒരു ഭരണഘടനയും സുശക്തമായ ഒരു വളണ്ടിയര്‍ കോറും അതിനുണ്ടായിരുന്നു. സമുദായ ഐക്യം, അന്ധവിശ്വാസാനാചരങ്ങള്‍ക്കെതിരെ ബോധവത്ക്കരണം, വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി ജീവിക്കല്‍, പൊതുസമാധാനം, പരസ്പര സ്‌നേഹം തുടങ്ങിയ കാര്യങ്ങള്‍ സംഘത്തിന്റെ ലക്ഷ്യമായി ഭരണഘടനയില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. സുസജ്ജമായ ഒരു മസ്‌ലഹത്ത് സമിതിയും അതിന് ഖ്വാദിയും (ന്യായാധിപന്‍) റജിസ്ട്രാറുമുണ്ടായിരുന്നു. സമുദായത്തിനകത്തുണ്ടാവുന്ന അന്തഃഛിദ്രങ്ങള്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായി തീര്‍പ്പു കല്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. 

മത-ഭൗതിക വിദ്യാഭ്യസത്തിന് പ്രാമുഖ്യം നല്‍കാന്‍ സംഘം പരമാവധി യത്‌നിച്ചു. തികച്ചും ഇസ്‌ലാമികവും പുരോഗമനാത്മകവും ബഹുസ്വര സമൂഹത്തിനനുഗുണവുമായി കര്‍മ രംഗത്തിറങ്ങിയ ഐക്യസംഘം പന്ത്രണ്ടു വര്‍ഷമാണ് പ്രവര്‍ത്തിച്ചത്. ഒരോ വര്‍ഷവും കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നടത്തിയ ഐക്യസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങള്‍ കേരള മുസ്‌ലിംകളുടെ മതകീയവും ധൈഷണികവുമായ ഉയിര്‍ത്തെഴുന്നേല്പിന് നിദാനമായി വര്‍ത്തിച്ചു. ജനപങ്കാളിത്തം, ചര്‍ച്ച ചെയ്ത വിഷയങ്ങള്‍, പങ്കെടുത്ത വ്യക്തികള്‍, സമൂഹത്തിന് നല്‍കിയ സന്ദേശം, അംഗീകരിച്ച പ്രമേയങ്ങള്‍ എന്നിവ കൊണ്ട് ആ സമ്മേളനങ്ങള്‍ ശ്രദ്ധേയമായിരുന്നു. വളരെ പ്രമുഖരായ വ്യക്തിത്വങ്ങളായിരുന്നു സമ്മേളനങ്ങളുടെ നിയന്ത്രണം (അദ്ധ്യക്ഷത) ഏറ്റെടുത്തത് എന്നതായിരുന്നു ഐക്യസംഘം വാര്‍ഷിക സമ്മേളനങ്ങളുടെ എറ്റവും വലിയ ആകര്‍ഷകത്വം. കാര്‍ഷിക പ്രദര്‍ശനവും കാര്‍ഷിക സമ്മേളനവും പോലും ഐക്യസംഘത്തിന്റെ വാര്‍ഷികത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. പുരോഗമനാത്മകമായിരുന്നു അവരുടെ കാഴ്ച്ചപ്പാട്.

1923 ല്‍ ഒന്നാം വാര്‍ഷികം ജന്‍മനാട്ടില്‍ (ഏറിയാട്) വക്കം മൗലവിയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. തുടര്‍ന്നുള്ള ഓരോ വര്‍ഷവും സമ്മേളനങ്ങള്‍ നടന്നു. 

സമ്മേളന സ്ഥലവും വാര്‍ഷിക വര്‍ഷവും അധ്യക്ഷത വഹിച്ചവരും

1923     ഏറിയാട്                വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി
1924    ആലുവ(ഏറണാകുളം)            മൗലാനാ അബ്ദുല്‍ ജബ്ബാര്‍ (വെല്ലൂര്‍                                                        ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പല്‍)
1925    ഹിമായത്തുല്‍ ഇസ്‌ലാം, കോഴിക്കോട്    മഹ്മൂദ്, ചെമനാട്
1926    തലശ്ശേരി (കണ്ണൂര്‍ ജില്ല)            മുഹമ്മദ് മര്‍മഡ്യൂക് പിക്താള്‍
1927    കണ്ണൂര്‍                    മുഹമ്മദ് ഖസൂരി (എം.എ), പഞ്ചാബ്
1928    തിരൂര്‍ (മലപ്പുറം ജില്ല)            ഡോ: അബ്ദുല്‍ ഹഖ്, മദിരാശി
1929    ഏറണാകുളം                ഖാന്‍ബഹദൂര്‍ ടി.എം.മൊയ്തു സാഹിബ് (മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡ് പ്രസിഡണ്ട്)
1930    തിരുവനന്തപുരം                കേണല്‍ അബ്ദുല്‍ ഹമീദ് (മദിരാശി ജോയന്റ് ഡയരക്ടര്‍)
1931    മലപ്പുറം ഹൈസ്‌കൂള്‍ ഗ്രൗണ്ട്        ഖാന്‍ ബഹദൂര്‍ സൈനുദ്ദീന്‍ സാഹിബ് (ഡിസ്ട്രിക്റ്റ് സെവിന്‍ഡ് ജഡ്ജ്)    
1932    കാസര്‍ഗോഡ്                സയ്യിദ് അബ്ദുല്‍ വഹ്ഹാബ് ബുഖാരി, മദിരാശി
1933    കൊടുങ്ങല്ലൂര്‍                ബി.പോക്കര്‍ സാഹിബ്
1934    കണ്ണൂര്‍ (അറക്കല്‍ കെട്ട്)            അബ്ദുല്‍ ഹമീദ് ഖാന്‍, മദിരാശി

പന്ത്രണ്ടാം സമ്മേളന ശേഷം 'മുസ്‌ലിം മജ്‌ലിസ്' എന്ന സംഘടനയുമായി ധാരണയിലെത്തി മുസ്‌ലിം ഐക്യസംഘം പ്രവര്‍ത്തനം നിര്‍ത്തല്‍ ചെയ്യുകയും മുസ്‌ലിം മജ്‌ലിസ് രംഗത്തു വരികയും ചെയ്തു.            
            

Feedback