Skip to main content

രാഷ്ട്രീയപ്രവേശവും അല്‍ഹിലാലും (2-2)

വിജ്ഞാനാര്‍ജനത്തിന്റെ വഴിയില്‍ രാഷ്ട്രീയ ചിന്തകളിലേക്ക് താല്പര്യം കൊടുത്തിരു ന്നില്ലെങ്കിലും 1905ല്‍ കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചത് ആസാദില്‍ ദേശീയ ബോധം ജ്വലിപ്പിച്ചു. ഏറ്റവും പ്രബുദ്ധമായിരുന്ന ബംഗാളിനെവിഭജിക്കുക വഴി ഹിന്ദു-മുസ്‌ലിം സ്പര്‍ധ വളര്‍ത്തി മുതലെടുക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്നതെന്ന് ആസാദിന് ബോധ്യപ്പെട്ടു. അരവിന്ദഘോഷ്, ശ്യാമസുന്ദര ചക്രവര്‍ത്തി എന്നിവര്‍ നേതൃത്വം നല്‍കിയ വിപ്ലവപ്രസ്ഥാനത്തില്‍ ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ സമരത്തില്‍ലേര്‍പ്പെട്ടു. അരവിന്ദഘോഷിന്റെ 'കര്‍മയോഗിന്‍' പത്രവുമായി ആസാദ് സഹകരിച്ചിരുന്നു.

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പ്രചാരണത്തിനായി 1912ല്‍ ആസാദ് കല്‍ക്കത്തയില്‍ നിന്ന് 'അല്‍ഹിലാല്‍' ഉറുദു വാരിക പ്രസിദ്ധീകരിച്ചു. ദേശീയബോധം, സ്വാതന്ത്ര്യബോധം, രാഷ്ട്രീയ പ്രബുദ്ധത, മതവിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ മാനം എന്നിവയായിരുന്നു 'അല്‍ഹിലാലി'ന്റെ ലക്ഷ്യം. പാശ്ചാത്യ സംസ്‌കാരത്തിനടിമകളായ മുസ്‌ലിം ബുദ്ധി ജീവികളെ തന്റെ വാരികയിലൂടെ ആസാദ് വിമര്‍ശിച്ചു.

അലിഗഡ് പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് വിധേയത്വത്തെയും പണ്ഡിതന്മാ രുടെ നിസ്സംഗതയെയും തുറന്നെതിര്‍ക്കാന്‍ ആസാദ് തയ്യാറായി. സയ്യിദ് സുലൈമാന്‍ നദ്‌വി, ദയൂബന്ദ് ദാറുല്‍ഉലൂം പ്രിന്‍സിപ്പല്‍ ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍, അലിഗഡ് പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന ഹാലിയെപ്പോലുള്ള നേതാക്കള്‍ തുടങ്ങിയവര്‍ ആസാദിനെ പ്രശംസിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യവും രാഷ്ടീയ-മത-സാമൂഹിക രംഗങ്ങളിലെ പരിഷ്‌കരണവും ലക്ഷ്യമിട്ട് 'അല്‍ഹിലാലി'ല്‍ ആസാദ് എഴുതിയ ലേഖനങ്ങള്‍ ഇന്ത്യന്‍ ജനതയെ ആവേശഭരിതരാക്കി. ഇതിന്റെ അലയൊലിയാണ് കേരളത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബില്‍ സന്നിവേശിച്ചിരുന്നത്. 'ഖിലാഫതും ജസീറതുല്‍ അറബും' എന്ന ലേഖനമാണ് മദ്രാസ് മുഹമ്മദന്‍സ് കോളെജിലെ പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യസമര രംഗത്തേക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ എത്തിച്ചത്. 'അല്‍ഹിലാല്‍' ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചു. പത്രം മുടക്കാന്‍ എല്ലാ ശ്രമവും നടത്തി. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെപത്രം തുടര്‍ന്നു. 1915ല്‍ പത്രം നിരോധിച്ചു പ്രസ്സ് കണ്ടുകെട്ടി.

രാജ്യത്തിനു സമര്‍പ്പിക്കാന്‍ ഹിസ്ബുല്ല

ഈജിപ്തിലെ ഹിസ്ബുല്‍ ഉമ്മ, ഹിസ്ബുല്‍ വത്വന്‍ തുടങ്ങിയ സംഘടനകളുടെ പ്രേരണയാല്‍ ആസാദ് ഹിസ്ബുല്ലാ എന്ന സംഘടനക്ക് രൂപം നല്‍കി. തികഞ്ഞ മതഭക്തിയോടെ രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ യുവാക്കളെയായിരുന്നു ആസാദ് ലക്ഷ്യമിട്ടത്. 1913 ഏപ്രില്‍ 23ന് 'അല്‍ബലാഗ്' എന്ന തലക്കെട്ടില്‍ 'അല്‍ഹിലാലി'ലെഴുതിയ ലേഖനത്തിലാണ് ഈ സംഘടനയുടെ പ്രഖ്യാപനമുണ്ടായത്. ഹിസ്ബുല്ലയില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഖുര്‍ആന്‍ പഠിക്കാന്‍ ദാറുല്‍ ഇര്‍ശാദ് എന്ന ഒരു കേന്ദ്രം കല്‍ക്കത്തയില്‍ സ്ഥാപിച്ചിരുന്നു.

1915 നവംബര്‍ 12ന് കല്‍ക്കത്തയില്‍ നിന്ന് 'അല്‍ബലാഗ്' വാരിക പ്രസിദ്ധീകരിച്ചു. 1916 മാര്‍ച്ച് 31ന് വാരിക ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിച്ചു. തുടര്‍ന്ന് മൂന്നര വര്‍ഷം ബീഹാറിലെ റാഞ്ചിയില്‍ ആസാദിനെ കരുതല്‍ തടങ്കലിലാക്കി. അല്‍ ബലാഗ്, ഹിസ്ബുല്ല, ദാറുല്‍ ഇര്‍ശാദ് എന്നിവക്ക് അതോടെ വിരാമമായി.

ഒന്നാം ലോക മഹായുദ്ധത്തില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ തുര്‍ക്കി ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം നേതാക്കളും ബ്രിട്ടീഷുകാരുടെ സംശയത്തിന്റെ നിഴലില്‍ വന്നു. 1916 മാര്‍ച്ച് 18ന് ബംഗാള്‍ വിട്ടുപോകാന്‍ ആസാദിന് കല്പന കിട്ടി. പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, ബോംബെ പ്രവിശ്യകളില്‍ കാലുകുത്തരുതെന്നും വിലക്കുണ്ടായി. പോലീസിന്റെ പ്രത്യേക നിരീക്ഷണം, റെയ്ഡ് എന്നിവക്ക് റാഞ്ചിയിലെ വീട് നിരവധി തവണ വേദിയായി.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ

പ്രബോധന-സംസ്‌കരണ രംഗത്ത് ആസാദ് സജീവമായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അന്ന് സ്ഥാപിച്ച ഒരു മദ്‌റസ ഇന്ന് ഇന്റര്‍മീഡിയറ്റ് കോളെജാണ്. മുസ്‌ലിംകള്‍ക്ക് ഒരു നേതൃത്വമുണ്ടാകണമെന്ന ആലോചന ആസാദില്‍ ശക്തമായിരുന്നു. ആസാദിന്റെ പ്രവര്‍ത്തനത്തിന് ചിലയിടങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാവുകയും മൗലാനാ മുഹമ്മദ് അലിയുടെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ അത് നിമിത്തമാകുകയും ചെയ്തു. അലി സഹോദരന്‍മാരുടെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ ആസാദായിരുന്നു. ഇതിനിടയില്‍ 1920ല്‍ ഒരു ഹിജ്‌റ പ്രസ്ഥാനം ആരംഭിച്ചെങ്കിലും അഫ്ഗാന്‍ അമീറിന്റെയും ഗോത്രവര്‍ഗക്കാരുടെയും എതിര്‍പ്പുമൂലം അത് പരാജയപ്പെട്ടു. 

1920 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ 'ഖിലാഫത്ത് പ്രശ്‌നവും അറേബ്യന്‍ ഉപദ്വീപും' എന്ന ശീര്‍ഷകത്തില്‍ ആസാദ് നടത്തിയപ്രസംഗം ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവനയായിരുന്നു. ഖിലാഫത്തിനോടനുബന്ധിച്ച് 'ജംഇയ്യത്തുല്‍ ഉലമായെഹിന്ദ്' സംഘടിപ്പിച്ചതിലും ആസാദ് പങ്കുവഹിച്ചു. 1921ലെ ലാഹോര്‍ സമ്മേളനത്തിലെ അധ്യക്ഷന്‍ ആസാദായിരുന്നു. 1921 സെപ്തംബറില്‍ കല്‍ക്കത്തയില്‍ നിന്ന് സ്‌നേഹിതന്‍ അബ്ദുര്‍റസ്സാഖ് മലീഹാബാദിയുടെ സഹായത്തോടെ 'പൈഗാം' എന്ന പ്രസിദ്ധീകരണം തുടങ്ങി.

തര്‍കുല്‍ മുവാലാത്തും 'നിസ്സഹകരണ പ്രസ്ഥാനവും'

മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകത്വം ഏറ്റെടുത്തതു മുതല്‍ ആസാദ് അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തി. 'തര്‍കുല്‍ മുവാലാത്ത്' എന്ന പേരില്‍ ആസാദ് മുന്നോട്ടുവെച്ച കര്‍മപരിപാടിയാണ് ഗാന്ധിജിയുടെനിസ്സഹകരണ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്. നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആദ്യം അറസ്റ്റു ചെയ്യപ്പെട്ട ദേശീയ നേതാവും ആസാദായിരുന്നു. 1921 നവംബര്‍ 10നായിരുന്നു അറസ്റ്റ്. പ്രസ്തുത കേസില്‍ ആസാദ് രേഖാമൂലം നല്കിയ വിശദീകരണം 'ഖൗലെ ഫൈസ്വല്‍' എന്ന പേരില്‍ പ്രസിദ്ധമാണ്. 1927ല്‍ 'അല്‍ഹിലാല്‍' പുനഃരാരംഭിച്ചെങ്കിലും ഉടന്‍ നിലച്ചുപോയി. 1942ല്‍ ക്വിറ്റ്ഇന്ത്യാ സമരത്തോടനുബന്ധിച്ച് അറസ്റ്റിലായ ആസാദ് മൂന്ന് വര്‍ഷം ജയിലിലാ യിരുന്നു.

1923ല്‍ 35ാം വയസ്സില്‍ ആസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രറയം കുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1936, 40 വര്‍ഷങ്ങളിലും പിന്നീട് 1946 വരെയും തല്‍സ്ഥാനത്തു തുടര്‍ന്നു. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കുന്നതിന് ഹിന്ദു-മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന് ഉറച്ചു വിശ്വസിച്ച ആസാദ് വിഭജനത്തെശക്തമായി എതിര്‍ത്തു. ഇന്ത്യാ വിഭജനത്തില്‍ ഏറ്റവുമധികം ദുഃഖിച്ച നേതാവായിരുന്നു അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെനേതൃത്വത്തില്‍ 1946ല്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി. ആസാദ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മരണം വരെയും തല്‍സ്ഥാനത്ത് തുടര്‍ന്നു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കരണ ങ്ങള്‍ക്ക് അദ്ദേഹം നാന്ദി കുറിച്ചു. 1948ല്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ കമ്മീഷന്‍, 1952ല്‍ സെക്കന്ററി എഡ്യുക്കേഷന്‍ കമ്മീഷന്‍ എന്നിവ നിലവില്‍ വന്നു. യു ജി സി രൂപവല്‍ക്കരിച്ചതിനു പിന്നിലും ആസാദ് തന്നെയായിരുന്നു. 1942ല്‍ രണ്ടു കോടിയായിരുന്ന കേന്ദ്ര വിദ്യാഭ്യാസ ബജറ്റ് പിന്നീട് മൂന്ന് കോടിയാക്കി ഉയര്‍ത്തി. 1951, 52, 55 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായിരുന്നു.

1958 ഫെബ്രുവരി 22ന് ആസാദ് വിടവാങ്ങി.

 


 

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446