Skip to main content

മുസ്‌ലിം പണ്ഡിതന്‍മാര്‍ (79)

അന്തിമപ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെട്ടു. പ്രവാചക വിയോഗത്തോടെ ആ പ്രകാശം അണഞ്ഞുകൂടാ. ശേഷം നബിമാര്‍ വരികയുമില്ല. ആകയാല്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും ഇസ്‌ലാമിനെതിരില്‍ വരുന്ന പ്രചാരണങ്ങള്‍ പ്രതിരോധിക്കേണ്ടതും മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. ഈ ദൗത്യം മുഖ്യമായും നിര്‍വഹിക്കുന്നത് പണ്ഡിതന്‍മാരാണ്. ഇസ്‌ലാം ഇവര്‍ക്ക് അതിമഹത്തായ സ്ഥാനവും ആദരവും നല്കുന്നു. 'അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു' (35:28) എന്ന ഖുര്‍ആനിക വചനം പണ്ഡിതന്മാരുടെ മഹത്വം ഉദ്‌ഘോഷിക്കുന്നതാണ്. മത വിജ്ഞാനീയങ്ങളില്‍ അഗാധമായ അറിവുള്ള, നന്മകല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം എന്നും സമുദായത്തില്‍ ഉണ്ടാവണമെന്ന് വിശുദ്ധ ഖുര്‍ആന്‍  നിഷ്‌കര്‍ഷിക്കുന്നു. ''നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയുംചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.'' (വി. ഖുര്‍ആന്‍ 3:104) ഇസ്‌ലാമിക സമൂഹത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ട യുദ്ധത്തിനു പുറപ്പെടുമ്പോള്‍ പോലും ഈ സംഘം നാട്ടില്‍ തങ്ങളുടെ ദൗത്യം നിര്‍വഹിക്കാനായി നില്ക്കണമെന്നാണ് ഖുര്‍ആനിക കല്പന. പണ്ഡിതന്മാര്‍  പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന് നബി(സ്വ)യും ഉണര്‍ത്തുന്നു.

എന്നാല്‍ ഇങ്ങനെ ഏറെ സ്ഥാനമുള്ളവരും ആദരിക്കപ്പെടേണ്ടവരുമാണ് പണ്ഡിതന്മാരെങ്കിലും അവരെ അന്ധമായി അനുകരിക്കാനോ അവര്‍ക്ക് പുരോഹിതപ്പട്ടം ചാര്‍ത്തി നല്കി അല്ലാഹുവില്‍ നിന്ന് ലഭിക്കേണ്ട കാര്യങ്ങള്‍ക്ക് മധ്യവര്‍ത്തികളാക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. മത പാഠങ്ങളില്‍ മാറ്റം വരുത്താന്‍, അനുവദനീയമായത് നിഷിദ്ധമാക്കാനോ നിഷിദ്ധമായത് അനുവദനീയമാക്കാനോ പുതിയ മത വിശ്വാസ കര്‍മങ്ങള്‍ നടപ്പിലാക്കാനോ ഒന്നും ഇവര്‍ക്ക് അധികാരമില്ല. യഹൂദ ക്രൈസ്തവ ലോകത്തെ ഈ പുരോഹിത അപചയത്തെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട് (9:34).

ലോകനാഗരികതക്കും വിശിഷ്യാ ഇസ്‌ലാമിക സമൂഹത്തിനും വലിയ സംഭാവനകള്‍ നല്കിയ പ്രതിഭാധനരായ അനേകായിരം പണ്ഡിതന്‍മാര്‍ മുസ്‌ലിം സമൂഹത്തില്‍ ഓരോ കാലത്തും ഓരോ ദേശത്തും കഴിഞ്ഞുപോയിട്ടുണ്ട്; ഇന്നും നിലവിലുണ്ട്. അവരില്‍ ലോകപ്രശസ്തരായ ഏതാനും പണ്ഡിതവര്യരെ പരിചയപ്പെടാം.

Feedback