Skip to main content

കര്‍മപഥത്തില്‍ (2-3)

സയ്യിദ് റശീദ് റിദയുടെ പത്രാധിപത്യത്തില്‍ ഈജിപ്തില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാര്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1934 ആഗസ്തില്‍ തന്റെ ഇരുപതാം വയസ്സില്‍ ലഖ്‌നോ ദാറുല്‍ഉലൂം നദ്‌വതുല്‍ ഉലമായില്‍ അധ്യാപകനായി ചേര്‍ന്നു. 1934 ഡിസംബറില്‍ വിവാഹം ചെയ്തു. ഈ ദാമ്പത്യബന്ധത്തില്‍ സന്താനങ്ങളുണ്ടായില്ല. 1987ല്‍ ഭാര്യ അന്തരിച്ചു.

കോളനി വിരുദ്ധ സമരങ്ങള്‍ തിളച്ചുമറിയുന്ന മുപ്പതുകളുടെ മധ്യത്തില്‍ ഇന്ത്യ ആഭ്യന്തരരംഗത്ത് ശൈഥില്യവും ഭീഷണിയും നേരിട്ടു കൊണ്ടിരുന്നു. ജാതി വിവേചനവും അയിത്തവും പാരമ്യത്തിലെത്തിയ കാലമായിരുന്നു അത്. ഈ ജാതിപ്പോരില്‍ മനം മടുത്ത ബാബാസാഹേബ് അംബേദ്കറും അനുയായികളും മതം മാറ്റത്തിനു ഒരുങ്ങുകയാണെന്ന വിവരം അറിഞ്ഞ ജ്യേഷ്ഠസഹോദരന്‍ ഡോക്ടര്‍ അബ്ദുല്‍ അലി, അലിമിയാന് ഒരു കത്തെഴുതി. എത്രയും പെട്ടെന്ന് ബോംബെയില്‍ ചെന്ന് അവിടെ ലോകോളെജ് പ്രിന്‍സിപ്പലായിരുന്ന അംബേദ്കറെകണ്ട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്ത് കിട്ടിയ ഉടന്‍ നദ്‌വി ബോംബെയിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി അംബേദ്കറെ കണ്ട അദ്ദേഹം അംബേദ്കറുടെ മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിച്ചു. സ്വന്തം സമൂഹത്തിന്റെ രക്ഷയ്ക്കായി ഒരുമാര്‍ഗം അന്വേഷിച്ചുകൊണ്ടിരിക്കുകയാണല്ലോ താങ്കള്‍. അങ്ങയെ ഞാന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. അതിന്റെ സമത്വ സാഹോദര്യ സന്ദേശം തീര്‍ച്ചയായും താങ്കള്‍ക്കും അനുയായികള്‍ക്കും ഉള്‍ക്കൊള്ളാനാകും. ഇതിനു പകരമായി നല്‍കാന്‍ ഭൗതിക പ്രലോഭനങ്ങളൊന്നും എന്റെ പക്കല്‍ ഇല്ല. താല്പര്യപൂര്‍വം കാര്യങ്ങള്‍ കേട്ട അംബേദ്കര്‍ പറഞ്ഞു. എനിക്ക് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. ശേഷം വിവരം അറിയിക്കാം. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അംബേദ്കറും അനുയായികളും ബുദ്ധമതത്തില്‍ ചേരുകയാണുണ്ടായത്.

നദ്‌വത്തുല്‍ ഉലമായില്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം പുതുമയുള്ള ഒരു പാഠ്യ പദ്ധതി ആവിഷ്‌കരിക്കുകയും പാരമ്പര്യ രീതി പൂര്‍ണമായും തള്ളിക്കളയാതെത്തന്നെ ആധുനിക ശൈലി സ്വീകരിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് നദ്‌വയില്‍നിന്ന് 'അദ്ദിയാഅ്' മാസിക ആരംഭിക്കുന്നത്. ഇതില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി. ഉര്‍ദു ഭാഷയില്‍ പുറത്തിറങ്ങിയിരുന്ന അന്നദ്‌വയുടെ എഡിറ്ററായും കുറച്ചുകാലം സേവനമനുഷ്ഠിച്ചു. ഇക്കാലത്താണ് 1931ല്‍ ഇമാം അഹ്മദ് ഇര്‍ഫാനുശ്ശഹീദിനെ കുറിച്ചുള്ള ലേഖനം അല്‍മനാറില്‍ പ്രസിദ്ധീകരിച്ചത്. ഇത് പിന്നീട് സ്വതന്ത്രകൃതിയായി പ്രസിദ്ധീകരിച്ചു. അവിടം മുതല്‍, മാദാ ഖസിറല്‍ ആലം ബിഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍, ഖസസുന്നബിയ്യീന്‍, അല്‍ഖിറാഅതുര്‍റാശിദ (മൂന്നുഭാഗം), മുഖ്താറാതുന്‍ മിന്‍ അദബില്‍ അറബി (രണ്ടുഭാഗം), രിജാലുല്‍ ഫികിരി വദ്ദഅ്‌വതി ഫില്‍ ഇസ്‌ലാം, അസ്സിറാഉ ബൈനല്‍ ഫിക്‌റതില്‍ ഇസ്‌ലാമിയ്യ വല്‍ ഫിക്‌റതില്‍ ഗര്‍ബിയ്യയാണ്, അല്‍അര്‍കാനുല്‍ അര്‍ബഅ, റബ്ബാനിയ ലാ റഹ്ബാനിയ്യയാണ് തുടങ്ങി ചെറും വലുതുമായി ഇരുന്നൂറോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

1941ല്‍ മൗദൂദി സാഹിബ് ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കിയപ്പോള്‍ അബുല്‍ഹസന്‍ നദ്‌വി ജമാഅത്തില്‍ ചേരുകയും ലഖ്‌നോ പ്രാദേശിക ഘടകത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് ആശയപരമായ കാരണങ്ങളാല്‍ നദ്‌വിയും മന്‍സൂര്‍ നുഅ്മാനിയും ജമാഅത്തില്‍ നിന്ന് രാജിവെച്ചു. പിന്നീട് അദ്ദേഹം മൗദൂദി സാഹിബിന്റെ ആശയങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു.


ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് ബന്ധം വിച്ഛേദിക്കാന്‍ മൂന്ന് കാരണങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒന്ന്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ മൗലാന മൗദൂദിയുടെ വ്യക്തിത്വത്തിന് അതിരുകവിഞ്ഞ അപ്രമാദിത്വം കല്പിക്കുന്നു. രണ്ട്, ജമാഅത്തെ ഇസ്‌ലാമിയില്‍ വിമര്‍ശന പ്രവണത കൂടുതലാണ്. പണ്ഡിതന്മാരെയും മത സംഘടനകളെയും അവര്‍ നിശിതമായി വിമര്‍ശിക്കുന്നു. മൂന്ന്, ആത്മീയോത്ക്കര്‍ഷത്തിനും സംസ്‌കാരത്തിനും അവര്‍ ഊന്നല്‍ കൊടുക്കുന്നില്ല. സമകാലികരായ പണ്ഡിതന്മാരും ചിന്തകന്മാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കുപരിയായി മറ്റു മാനങ്ങള്‍ നല്‍കുന്നതില്‍ ചരിത്ര സത്യത്തിന്റെ അംശങ്ങളില്ലെന്നു മാത്രം. 

 

Feedback
  • Saturday May 11, 2024
  • Dhu al-Qada 3 1445