Skip to main content

സംഭാവനകള്‍ (2-2)

ഡോക്ടര്‍ ഹമീദുല്ലയുടെ ഏറ്റവും വലിയ സംഭാവന ഫ്രഞ്ച് ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷയും അതിന്റെ വ്യാഖ്യാനവുമാണ്. ഇരുപതിലധികം പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞിട്ടുള്ള ഈ ഗ്രന്ഥം ഫ്രാന്‍സിലും ഫ്രഞ്ച് ഉപയോഗത്തിലുള്ള ഇതര ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും സജീവ പ്രചാരമുള്ളവയാണ്. മറ്റൊരു പ്രധാനകൃതി പ്രവാചക ചരിത്രമായ Le Prophete de I'Islam ആണ്. രണ്ട് വാള്യങ്ങളുള്ള ഇതിന്റെ ഇംഗ്ലീഷ്, സ്ലാവ് പരിഭാഷകളുണ്ട്. Introduction to Islam മലയാള (ഇസ്‌ലാം ലഘുപരിചയം)മടക്കം 23 ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. 120 ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ ഗ്രന്ഥസൂചിയും അല്‍ഖുര്‍ആന്‍ ഫീ കുല്ലി ലിസാന്‍ എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. സൂറതുല്‍ ഫാതിഹയുടെ ഓരോ ഭാഷയിലുള്ള വിവര്‍ത്തനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡോക്ടര്‍ ഹമീദുല്ല ഏറ്റവും ശ്രദ്ധേയമായ ഗവേഷണം നടത്തിയിട്ടുള്ളത് ഇസ്‌ലാമിക ചരിത്രത്തിലും അന്താരാഷ്ട്ര നിയമങ്ങളിലുമാണ്. Muslim conduct of state എന്ന കൃതിയില്‍ മുസ്‌ലിം അന്താരാഷ്ട്ര നിയമങ്ങളുടെ അന്തരം അദ്ദേഹം വളരെ തെളിമയോടെ വരച്ചുകാണിക്കുന്നുണ്ട്. സ്വഹീഫ എന്ന് വിളിക്കപ്പെടുന്ന പൗരാണിക ഇസ്‌ലാമിക രേഖകള്‍ അദ്ദേഹം പരിഭാഷപ്പെടുത്തുകയും അവയെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു. അവയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന നിര്‍മാണത്തിന്റെ ബഹുമതിക്കര്‍ഹന്‍ യഥാര്‍ഥത്തില്‍ മുഹമ്മദ് നബിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു. The first written constitution in the world എന്നപേരില്‍ ഇത് സംബന്ധമായി അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 

ജൂതര്‍ക്ക് തുല്യാവകാശങ്ങള്‍ വകവെച്ചുനല്‍കിയ മദീനയിലെ ഇസ്‌ലാമിക രാഷ്ട്രമായിരുന്നു ലോകത്തിലെ ആദ്യത്തെ ബഹുമത-ബഹുവംശ സംയുക്ത രാഷ്ട്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വഹാബികളുടെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഹദീസിന്റെ ഏറ്റവും പഴയസമാഹാരമെന്നറിയപ്പെടുന്ന വഹബുബ്‌നു മുനബ്ബഹിന്റെ ഏട് (സ്വഹീഫ) കണ്ടെത്തി പുന:ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു അദ്ദേഹം.

ഉസ്ബകിസ്താനിലെ താഷ്‌ക്കന്റിലും തുര്‍ക്കിയിലെ ഇസ്തംബൂളിലും ലണ്ടനിലെ ഇന്ത്യാ ഓഫിസ് ലൈബ്രറിയിലും അന്ന് നിലവിലുള്ള ഏറ്റവും പൗരാണികമായ മൂന്ന് ഖുര്‍ആന്‍ പ്രതികളെക്കുറിച്ച് ഡോ. ഹമീദുല്ലയുടെ താരതമ്യപഠനവും ശ്രദ്ധേയമാണ്. ഈ മൂന്ന് മുസ്ഹഫുകളും മൂന്നാം ഖലീഫ ഉസ്മാന്‍(റ)യുടെ കാലത്തുള്ളവയാണ്. ഒരേതരം തുകലിലാണ് അവ രേഖപ്പെടുത്തിയിരിക്കുന്നതെന്നും തുര്‍ക്കിയിലുള്ള ഖുര്‍ആന്‍ പ്രതിയിലാണ് രക്തത്തുള്ളികള്‍ ഉള്ളത് എന്നതിനാല്‍ രക്തസാക്ഷ്യസമയത്ത് ഉസ്മാന്‍(റ) പാരായണം ചെയ്തിരുന്ന മുസ്ഹഫ് അതാണെന്നും അദ്ദേഹം പറയുന്നു. താഷ്‌ക്കന്റിലെ പൗരാണിക പ്രതിയും ആധുനിക കാലത്ത് അച്ചടിച്ച ഖുര്‍ആനും തമ്മില്‍ താരതമ്യം ചെയ്യുന്ന പരിമിതമായ ഒരു പതിപ്പും അദ്ദേഹത്തിന്റെതായുണ്ട്.

വലതുപേജില്‍ താഷ്‌ക്കന്റ് പ്രതിയിലെ പുരാതന കൈയെഴുത്തു ലിപിയും ഇടതുപേജില്‍ നിലവിലുള്ള അച്ചടിച്ച ലിപിയും ഉള്‍പ്പെടുത്തി ഖുര്‍ആന്‍ മുഴുവന്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രവാചകന്റെ യുദ്ധഭൂമികള്‍, പ്രവാചകകാലഘട്ടത്തിലെ ഭരണരീതി, പ്രവാചകന്റെ രാഷ്ട്രീയജീവിതം, ഇസ്‌ലാമിലെ നിയമവ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍, ഇമാം അബൂഹനീഫയുടെ ഇസ്‌ലാമിക നിയമക്രോഡീകരണം, പ്രവാചകകാലഘട്ടത്തിലെ വിദ്യാഭ്യാസരീതി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ഇതിവൃത്തം. ടിപ്പുസുല്‍ത്താന്‍, ഉര്‍ദു ഭാഷയുടെ അഭിവൃദ്ധി, അമ്മാന്‍-മസ്‌കത്ത് സല്‍ത്തനത്തുകള്‍ എന്നിങ്ങനെ ചരിത്രവും ഭാഷയും സാഹിത്യവും സംബന്ധമായ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

അമ്പതുകളുടെ ആദ്യത്തില്‍ പാകിസ്താനുവേണ്ടി ഇസ്‌ലാമിക ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കാന്‍ അദ്ദേഹം സഹായിക്കുകയുണ്ടായി. എന്നാല്‍ ചില നിക്ഷിപ്ത താല്പര്യക്കാരുമായുള്ള അഭിപ്രായഭിന്നതമൂലം കരടു ഭരണഘടന നിര്‍മാണസമിതിയില്‍നിന്നും അദ്ദേഹം രാജിവെച്ചു. 1985ല്‍ അദ്ദേഹത്തിന് പാകിസ്താനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഹിലാലെ ഇംതിയാസ്' ലഭിച്ചു. എന്നാല്‍ അത് സ്വീകരിക്കാന്‍ വിസമ്മതിച്ച അദ്ദേഹം അവാര്‍ഡ് തുക ഇസ്‌ലാമാബാദിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കുകയാണ് ചെയ്തത്.

2002 ഡിസംബര്‍ 17ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അന്ത്യം.

 

Feedback
  • Sunday Jul 21, 2024
  • Muharram 14 1446