Skip to main content

റൗദത്തുല്‍ ഉലൂം പിറക്കുന്നു (2-2)

ഗുണ്ടല്‍പേട്ടയില്‍ നിന്നു മൗലവി കറാച്ചിയിലേക്ക് പോയി. അവിടെ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചു. കറാച്ചിയില്‍ നിന്നു നേരെ ബോംബെയില്‍ പോയി അവിടെ മുന്‍പ് ഈജിപ്തില്‍വെച്ച് പരിചയപ്പെട്ട അബ്ദുസ്സമദ്മൗലവിയോടൊപ്പം കുറച്ചു നാള്‍ കഴിഞ്ഞു. വീണ്ടും നാട്ടിലേക്ക് തിരിച്ചു. കുഞ്ഞാലിക്കുട്ടി ഹാജിയുടെ ആഗ്രഹമനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മൗലവി, ഹാജിയുടെ നിര്‍ബന്ധപ്രകാരം ഏതാനും ദിവസം അവിടെ കഴിഞ്ഞു. 

ആനക്കയത്ത് ഒരജ്ഞാതന്‍ താമസിക്കുന്നുവെന്ന വാര്‍ത്ത നാട്ടിലാകെ പ്രചരിച്ചു. ഒരു ഉന്നതപൊലീസ് ഉദ്യോഗസ്ഥന്‍ മൗലവിയെ ചോദ്യം ചെയ്യുകയുണ്ടായി. ഒരു വര്‍ഷമായപ്പോഴേക്കും, കേരള മുസ്‌ലിംകളുടെ അടിയന്തരാവശ്യം ഉന്നത മത വിദ്യാഭ്യാസമാണെന്ന് അബുസ്സബാഹ് മനസ്സിലാക്കി. അറബി ഭാഷയും മതവിദ്യാഭ്യാസവും സ്വായത്തമാക്കിയ, നിശ്ചിതയോഗ്യതയുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കാനായിരുന്നു പ്രഥമ പദ്ധതി. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് നിയോഗിക്കപ്പെട്ടത് സയ്യിദ് മുഹ്‌യുദ്ദീന്‍ഷാ, സി എന്‍ അഹ്മദ് മൗലവി, ഫലക്കി മുഹമ്മദ് മൗലവി എന്നിവരെയായിരുന്നു. എ അലവി, സി പി അബൂബക്കര്‍ മൗലവി, അബ്ദുല്‍ ഹമീദ് മൗലവി, മുഹമ്മദ് അബ്ദു, ടി പി ആലി മൗലവി എന്നിവര്‍ ആദ്യബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. അങ്ങനെ1942 ജനുവരി 5ന് കുഞ്ഞാലിക്കട്ടി ഹാജിയുടെ വസതിയില്‍ റൗദത്തുല്‍ ഉലൂം അറബിക് കോളെജ് ഔപചാരികമായി ആരംഭിച്ചു.

മുസ്‌ലിംകളുടെ മാത്രമല്ല പൊതുവില്‍ മലയാളികളുടെ തന്നെ സാംസ്‌കാരിക ഉന്നതിക്കു പിന്നില്‍ അബുസ്സബാഹ് മൗലവിയുടെ ഇടം വളരെ ഉന്നതമാണ്. 1944 ഒക്ടോബറില്‍ കോളെജ് ആനക്കയത്ത് നിന്നു മഞ്ചേരിയിലേക്ക് മാറ്റി സ്ഥാപിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബ് തന്റെ വീടും സ്ഥലവും കോളെജിന് ദാനമായി നല്കി. റൗദത്തുല്‍ ഉലൂം അസോസിയേഷന് രൂപം നല്കപ്പെട്ടു. 1945 മാര്‍ച്ചില്‍ മദ്രാസ് സര്‍വകലാശാല കമ്മീഷനായി നിയോഗിതനായ ഡോ. അബ്ദുല്‍ ഹഖ് കോളജില്‍ പരിശോധനക്കെത്തുകയും ചില ഉപാധികളോടെ കോളജിന് അംഗീകാരം നല്‍കുകയും ചെയ്തു. കേരളത്തിലെ പ്രഥമ അറബിക് കോളെജെന്ന ബഹുമതിയിലേക്ക് റൗദത്തുല്‍ ഉലൂം ഉയര്‍ന്നു.

കുഞ്ഞോയി വൈദ്യരുടെയും അഡ്വ. എം വി ഹൈദ്രോസിന്റെയും പ്രത്യേക താല്പര്യത്തോടെയുള്ള അന്വേഷണത്തിലാണ് ഫറോഖിലെ കരിങ്കല്ലായിക്കുന്നിലേക്ക് ഈ അറിവിന്റെ പുന്തോപ്പ് പറിച്ചുനട്ടത്. പി അബ്ദുല്ലക്കട്ടി ഹാജി ദാനമായിനല്കിയ ഈ ഭൂമിയില്‍ നിസ്സീമമായ പിന്തുണകളുടെയും അതുല്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രഭ ചൊരിയുന്ന ചരിതം രചിക്കുകയായിരുന്നു അബുസ്സബാഹ്. ദക്ഷിണേന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമുച്ചയമായിനാള്‍ക്കുനാള്‍ ഫാറുഖാബാദ് കുതിച്ചു കൊണ്ടിരുന്നു. വിദ്യാഭ്യാസത്തെമത നവോത്ഥാനത്തിന്റെ സരണിയാക്കി സമുദായ പരിഷ്‌കരണ ചരിത്രത്തിലും വേറിട്ടൊരധ്യായമാണ് അബുസ്സബാഹ് മൗലവി രചിച്ചത്. മങ്കട അബ്ദുല്‍ അസീസ് മൗലവി, എ പി അബ്ദുല്‍ഖാദര്‍ മൗലവി, സി എച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവരെല്ലാം അബുസ്സബാഹ് മൗലവിയുടെ ശിഷ്യന്മാരാണ്.

ഉത്തരേന്ത്യയിലായിരുന്ന കാലത്ത് ഒരിക്കല്‍ ഒരു പാഠശാലയുടെ നടത്തിപ്പിലേക്ക് സാമ്പത്തിക സഹായം തേടിയിറങ്ങിയ മൗലവിക്കും കൂട്ടര്‍ക്കും ഒരു ധനാഢ്യനില്‍ നിന്ന് അല്പം മോശം പ്രതികരണം നേരിടേണ്ടി വന്നു. 'ഈ പണിക്ക് നടക്കുന്നതിന് പകരം നിങ്ങള്‍ക്ക് എന്റെ പാടത്തേക്ക് ചാണകം കോരി കൊണ്ടു വന്നിട്ടുകൂടെ'- അയാള്‍ ചോദിച്ചു. പിറ്റേ ദിവസംമൗലവിയും ശിഷ്യന്മാരും അങ്ങാടിയിലൂടെ ചാണകം ചുമന്ന് കൊണ്ടുപോയി അദ്ദേഹത്തിന്റെ പാടത്ത് എത്തിച്ചുനല്കി. കരഞ്ഞു മാപ്പു ചോദിച്ച ആ ധനാഢ്യന്‍ പിന്നീട് മൗലവിയുടെ സ്ഥാപനത്തെ അകമഴിഞ്ഞ് സഹായിക്കുന്ന ആളായി മാറി.

കത്തെഴുത്ത് അദ്ദേഹത്തിന്റെ പ്രധാനമായ ഒരു ചര്യ തന്നെയായിരുന്നു. പ്രഗത്ഭ വ്യക്തിത്വങ്ങളുമായും വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രങ്ങളുമായുമൊക്കെ ഇത്തരത്തില്‍ നിരന്തരം എഴുത്തുകുത്തുകള്‍ നടത്താറുണ്ടായിരുന്നു. 1971 സപ്തംബര്‍ 10 വ്യാഴാഴ്ച അബുസ്സബാഹ് മൗലവി ഈ ലോകത്തോട് വിടപറഞ്ഞു.

 


 

Feedback