Skip to main content

ഫാറൂഖ് കോളേജ്

മുസ്‌ലിം സമുദായത്തിനു വേണ്ടി ഒരു ആര്‍ട്‌സ് കോളേജ് സ്ഥാപിക്കണമെന്ന അബുസ്സബാഹ് മൗലവിയുടെ സ്വപ്‌നം റൗദത്തുല്‍ ഉലൂം അസോസിയേഷനില്‍ സജീവ ചര്‍ച്ചാ വിഷയമാവുകയും ദ്രുതഗതിയില്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മദ്രാസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറായിരുന്ന ലക്ഷ്മണസ്വാമി മുതലിയാറാണ് സ്ഥലനാമം കോളേജിനു വേണ്ടി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും ബുഖാരി സാഹിബിന്റെ ആശയത്തില്‍ നിന്നാണ് ഫാറൂഖ് എന്ന് കോളേജിന് നാമകരണം ചെയ്തതെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

കോളേജ് കെട്ടിടം പണി പൂര്‍ത്തിയാകാത്തതിനാല്‍ ഫറോക്ക് ചുങ്കത്തിനടുള്ള കളത്തിങ്ങല്‍ ഇസ്മായില്‍ സാഹിബിന്റെ തറവാട് വീടായ മൂന്നിലകം വീട്ടിലാണ് കോളേജ് ആരംഭിച്ചത്. ബി.എ എക്കണോമിക്‌സ്, ബി.എ അറബിക്, ബി.എ ഇസ്‌ലാമിക് ഹിസ്റ്ററി എന്നിവയായിരുന്നു ആദ്യകാല കോഴ്‌സുകള്‍.

1948 ഓഗസ്റ്റ് 12 നാണ് ഫാറൂഖ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം പുതിയ മാളിയേക്കല്‍ ആറ്റക്കോയ തങ്ങള്‍ നടത്തുന്നത്. പിന്നീട് വ്യത്യസ്ത വര്‍ഷങ്ങളിലായി പുതിയ കോഴ്‌സുകള്‍ നടത്താനുള്ള അനുമതി കോളേജ് നേടിയെടുക്കുകയും അതിനനുസൃതമായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. 21 ബിരുദ കോഴ്‌സുകളും 14 ബിരുദാനന്തര കോഴ്‌സുകളും ഇപ്പോള്‍ കോളേജിലുണ്ട്. പുറമെ എട്ടു സെന്ററുകളിലായി നൂറോളം ഗവേഷണ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത വിഷയങ്ങളിലായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

2009 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മൈനോറിറ്റി പദവി നേടിയ കോളേജ് 2015 സ്വയം ഭരണ പദവിയിലേക്കു മാറി. മൂന്നു തവണ 'നാക്കി'ന്റെ അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ച കോളേജ് ആദ്യം ഫൈവ്സ്റ്റാറും പിന്നീട് എഗ്രെയ്ഡും 2016 ല്‍ എ+ ഗ്രെയ്ഡും നേടുകയുണ്ടായി. ഇവ മൂന്നും ആ കാലഘട്ടങ്ങളിലെ യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഗ്രെയ്ഡുകളായിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ പരീക്ഷകള്‍ക്കും പരിശീലനം നല്‍കുന്നതിനായി ഗള്‍ഫാര്‍ ഡോ. പി മുഹമ്മദലി സാഹിബിന്റെ സഹായത്തോടെ പി.എം ഇന്‍സ്റ്റിറ്റ്യൂട്ട് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ രണ്ട് യൂണിറ്റും നാഷണല്‍ കേഡറ്റ് കോറിന്റെ ആര്‍മി രണ്ട് യൂണിറ്റും ഫാറൂഖ് കോളേജ് ക്യാമ്പസില്‍ സജീവമാണ്. കൂടാതെ കുട്ടികളുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന പെയിന്‍&പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.

വിലാസം:

ഫാറൂഖ് കോളേജ് (ഓട്ടോണമസ്)
പി.ഒ ഫാറൂഖ് കോളേജ്.
കോഴിക്കോട് ജില്ല
പിന്‍: 673632
കേരള, ഇന്ത്യ.
മെയില്‍: mail@farookcollege.ac.in
ഫോണ്‍: 
+91 495 2440660
+91 495 2440661

വെബ്‌സൈറ്റ്: www.farookcollege.ac.in

2
മറ്റുപേജുകള്‍:
റൗദത്തുല്‍ ഉലൂം അറബിക് കോളേജ്    അസോസിയേഷന്‍ സ്ഥാപനങ്ങള്‍ 


 

Feedback
  • Tuesday May 7, 2024
  • Shawwal 28 1445