Skip to main content
FG

ഡോ. എ.പി.ജെ. അബ്ദുല്‍കലാം

ആധുനിക ഇന്ത്യയില്‍ ശാസ്ത്രജ്ഞനായും ഇന്ത്യന്‍ യൂനിയന്‍ പ്രസിഡണ്ടായും ശോഭിച്ച മഹത്‌വ്യക്തിത്വമാണ് ഡോ.എ.പി.ജെ അബ്ദുല്‍ കലാം (1931-2015). അവുല്‍ പകീര്‍ സൈനുല്‍ ആബിദീന്‍ അബ്ദുല്‍ കലാം എന്ന് പൂര്‍ണ നാമം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ചു വളര്‍ന്ന് ഏറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ കലാം 1956ല്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വകുപ്പില്‍ ചേര്‍ന്നു. ഏറെ വൈകാതെ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈ സേഷന്‍ (ISRO)യില്‍ ചേരുകയും സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍ (പി.എസ്.എല്‍.വി) രൂപകല്പന നടത്തുകയും ചെയ്തു. 'മിസൈല്‍ മാന്‍' എന്ന അപരനാമം ലഭിച്ച കലാം ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി (1999-2001) സേവനം ചെയ്തു. 1998ല്‍ ഇന്ത്യയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് ടെക്‌നോളജി വിഷന്‍ 2020 അവതരിപ്പിച്ച കലാമിനെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി. പത്മവിഭൂഷണ്‍ (1990), ഭാരത് രത്‌ന (1997) എന്നിവയാണ് മികച്ച ബഹുമതികള്‍. 

ഇന്ത്യയിയിലെ സുസമ്മത വ്യക്തിത്വം എന്നറിയപ്പെട്ട കലാം 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ ഭരണ ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചേര്‍ന്നു. ഭരണ പ്രതിപക്ഷ കക്ഷി ഭേദമില്ലാതെ അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. നവതലമുറയെ പുരോഗതിയുടെ 'സ്വപ്നം' കണ്ടുകൊണ്ടിരിക്കാന്‍ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചു. 'അഗ്‌നിച്ചിറകുകള്‍' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട The Wings of fire എന്ന വിഖ്യാത ഗ്രന്ഥം (1999) എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ആത്മകഥയാണ്. 2015 ജൂലൈ 27ന് എ.പി.ജെ വിടവാങ്ങി.
 

Feedback