Skip to main content

നന്ദികേട് തുടങ്ങുന്നു

ചെങ്കടല്‍ കടന്ന് ഇസ്‌റാഈല്യര്‍ വാഗ്ദത്തഭൂമിയില്‍ കഴിച്ചുകൂട്ടി. മണലരണ്യത്തിലെ പൊരിവെയിലില്‍ ക്ഷീണിച്ചില്ല അവര്‍. അതിനു മുമ്പ് അല്ലാഹു അവര്‍ക്ക് മേഘത്തണലുകള്‍ നല്‍കി. ഭക്ഷണമായി മന്നും സല്‍വായും എത്തിച്ചു. വരണ്ടുണങ്ങിയ മരുപ്പറമ്പിലെ പാറക്കല്ലില്‍ നിന്ന് ഓരോ വിഭാഗത്തിന്നും പ്രത്യേകം ഉറവകള്‍ ഒഴുക്കി നല്‍കി.

എന്നാല്‍ പതിറ്റാണ്ടുകള്‍ അടിമത്തത്തില്‍ കഴിഞ്ഞ് ശീലിച്ച ഇസ്‌റാഈല്യര്‍ സ്വാതന്ത്ര്യത്തിലേക്കു വന്നപ്പോള്‍ നന്ദിക്കു പകരും നിന്ദയും വിശ്വാസത്തിനുപകരം ജീര്‍ണതയും അവരുടെ ജീവിത രീതിയില്‍ സ്ഫുരിക്കാന്‍ തുടങ്ങി. അനുഗ്രഹമായി ലഭിച്ച ഭക്ഷണം മടുത്തു. അവര്‍ക്ക് കിട്ടാത്തതിനോട് കൊതിയുമായി. ഇക്കാര്യം ഉണര്‍ത്തി മൂസായെ അവര്‍ ശല്യം ചെയ്തു. എന്നാല്‍ ചോദിക്കുന്നതെല്ലാം വേണ്ടവര്‍ക്ക് പട്ടണത്തിലേക്ക് പോവാമെന്ന് പറഞ്ഞ് മൂസാ(അ) അവരെ പിന്തിരിപ്പിച്ചു(2:60,61).

അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചും ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും പരസ്പരം കലഹിച്ചും കഴിഞ്ഞ അവര്‍ പശുവിനെ ബലിയറുക്കാനുള്ള അല്ലാഹുവിന്റെ വിധിയില്‍ സംശയങ്ങളുന്നയിച്ച് മൂസാ(അ) യെ കുഴക്കി. ഇത് ഖുര്‍ആനില്‍(2:67- 73)ല്‍ വിശദീകരിച്ചിട്ടുണ്ട്.

ദൈവവിളിക്കുത്തരം നല്‍കി മൂസാ(അ) തൗറാത്ത് സ്വീകരിക്കാന്‍ പോകുമ്പോള്‍ തന്നെ സഹോദരപുത്രന്‍ ഹാറൂനി(അ)നെയാണ് അദ്ദേഹം ഇസ്‌റാഈല്യരുടെ ചുമതലയേല്‍പ്പിച്ചത്. 40 ദിവസം അവിടെ തങ്ങി. ഇതിനിടെ അല്ലാഹുവിനെ കാണണമെന്ന് മൂസാ(അ) ആവശ്യപ്പെട്ടതും ദിവ്യപ്രകാശം കണ്ട് അദ്ദേഹം പ്രജ്ഞയറ്റ് വീണതുമായ സംഭവമുണ്ടായി.

വേദഗ്രന്ഥമായ തൗറാത്തുമായി മടങ്ങിയെത്തിയ മൂസാ(അ) കാണുന്നത് സാമിരി എന്ന ദുഷ്ടന്‍ ഉണ്ടാക്കിയ സ്വര്‍ണപ്പശുക്കിടാവിനെ ആരാധിക്കുന്ന ഇസ്‌റാഈല്‍ വിഭാഗത്തെയാണ്. സാമിരിയെ സമൂഹത്തില്‍ നിന്ന് പുറത്താക്കിയ മൂസാ(അ) പശുക്കിടാവിന്റെ പ്രതിമയെ ചുട്ടെരിച്ച് കടലിലെറിയുകയും ചെയ്തു. ബഹുദൈവാരാധന നടത്തിയവര്‍ പരസ്പരം വെട്ടിമരിക്കണമെന്ന ശിക്ഷയ്ക്കാണ് അവര്‍ വിധിക്കപ്പെട്ടത്.

വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലേക്ക് പോകാന്‍ മൂസാ(അ) അവരെ നിര്‍ബന്ധിച്ചു. എന്നാല്‍ അവിടെയുളള തങ്ങളുടെ ശത്രുക്കളെ തുരത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. നീയും നിന്റെ രക്ഷിതാവും പോയി അവരെ തുരത്തുക. തങ്ങള്‍ ഇവിടെ ഇരിക്കാം എന്നായിരുന്നു അവരുടെ നിലപാട് ഈ ധിക്കാരത്തെ തുടര്‍ന്ന് അവര്‍ക്ക് അല്ലാഹു ഫലസ്തീന്‍ നിഷിദ്ധമാക്കുകയും നാലു പതിറ്റാണ്ടുകാലം മരുഭൂമിയില്‍ കിടന്നു നരകിക്കുകയെന്ന ശിക്ഷ വിധിക്കുകയും ചെയ്തു.

മൂസാ നബി  ഒരു വിസ്മയം 

നിരവധി സവിശേഷതകളുടെ ഉടമായാണ് മൂസാ(അ). വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട നാമവും ചരിത്രവും മൂസായുടേതാണ്. മുഹമ്മദ് നബിക്കു പുറമെ, സ്വന്തം പ്രബോധിത സമൂഹത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് അവര്‍ക്ക് അസ്തിത്വവും വ്യക്തിത്വവും തിരിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് മൂസാ പ്രവാചകനു മാത്രമാണ്.

അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചതു വഴി 'കലീമുല്ലാഹ്' എന്ന പദവിയിലെത്തിയതും മൂസാ(അ) മാത്രം.

ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരന്‍ ഹാമാന്‍ എന്ന ഫറോവ മന്ത്രിയോടും ഏറ്റവും വലിയ അഹങ്കാരിയായ ധനാഢ്യന്‍ ഖാറൂനേടും പിന്നെ ഫിര്‍ഔനിനോടും ഒരേ സമയം സമരം നയിച്ച ഈ കരുത്തനായ ദൈവദൂതന്‍ തന്നെയാണ് ചരിത്രത്തിലെ നന്ദികേടിന്റെ ഉദാഹരണമായ ഇസ്‌റാഈല്‍ ജനതയെ ഒരു പിതാവിനെപോലെ നയിച്ചിട്ടുള്ളതും.

ജനങ്ങളില്‍ ഏറ്റവും അറിവുള്ളവന്‍ താനാണെന്ന ധാരണയുണ്ടായിരുന്നു മൂസാ(അ)ക്ക്. എന്നാല്‍ ഇത് തിരുത്തിക്കൊടുത്തു അല്ലാഹു. ഖിദ്ര്‍ എന്ന ജ്ഞാനിയോടൊപ്പം യാത്രചെയ്യാന്‍ അവസരം നല്‍കിക്കൊണ്ടായിരുന്നു തിരുത്തല്‍. ഈ സംഭവം ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (18: 60- 82).

ക്രൈസ്തവര്‍ ഏറെ ആദരിക്കുന്ന മോശെ പ്രവാചകനെക്കുറിച്ച് ഖുര്‍ആനിലെപ്പോലെത്തന്നെ ബൈബിളിലും നിരവധി പുറങ്ങളില്‍ വിവരണമുണ്ട്. തോറ(തൗറാത്ത്) എന്ന വേദഗ്രന്ഥം നല്‍കപ്പെട്ട മൂസാ(അ)യുടെ അനുയായികളാണ് തങ്ങളെന്ന് ജൂതന്‍മാര്‍ അവകാശപ്പെടുന്നുണ്ട്. ത്വുവാ താഴ്‌വരയും (സെന്റ് കേത്തറിന്‍), അടിച്ച് അരുവികളൊഴുക്കിയ അവിടുത്തെ കല്ലും ഇപ്പോഴുമുണ്ട്. ചെങ്കടലില്‍ മുങ്ങിമരിച്ച ഫറോവയുടെ ജഡവും കെയ്‌റോവിലെ മ്യൂസിയത്തിലുണ്ട്; ലോകര്‍ക്ക് എന്നെന്നേക്കുമുള്ള ദൃഷ്ടാന്തമായിക്കൊണ്ട്(10: 92).

 


 

Feedback