Skip to main content

പ്രവാചക പദവിയിലേക്ക്

കുടുംബവുമായി ജന്മനാട്ടിലേക്ക് മടങ്ങിയ മൂസാ 'ത്വുവാ' താഴ്‌വരയിലെത്തി, ഇരുട്ടില്‍ വെളിച്ചമന്യേഷിച്ചിറങ്ങിയതിനിടെ ദൂരെ കണ്ട തീയിനടുത്തേക്ക് നീങ്ങി. പൊടുന്നനെ ഒരശരീരി ഉയര്‍ന്നു: ''മൂസാ, ഞാന്‍ നിന്റെ രക്ഷിതാവാണ്. നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്‌വരയിലത്രെ. അതിനാല്‍ നീ ചെരുപ്പഴിക്കുക. താങ്കളെ നാം (ദൂതനായി) തെരഞ്ഞെടുത്തിരിക്കുന്നു. ബോധനം നല്‍കുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം'' (20:12,13).

പ്രവാചകത്വത്തിന്റെ തെളിവായി രണ്ട് ദൃഷ്ടാന്തങ്ങളും നല്‍കപ്പെട്ടു. മൂസാ സ്ഥിരമായി കൊണ്ടുനടന്നിരുന്ന വടിയാണൊന്ന്. അത് നിലത്തിട്ടാല്‍ സര്‍പ്പമാവും, മറ്റൊന്ന് കൈ കക്ഷത്തില്‍ വെക്കുമ്പോള്‍ അത് തിളങ്ങുന്നതും. ഇത് നല്‍കിയ ശേഷം, ദൈവം ചമയുന്ന ഫിര്‍ഔനിനെ അവന്റെ കൊട്ടാരത്തില്‍ ചെന്ന് ദൈവവഴിയിലേക്ക് ക്ഷണിക്കാനും ഇസ്‌റാഈല്യരെ അടിമത്വത്തില്‍ നിന്ന് വിട്ടുതരാന്‍ ആവശ്യപ്പെടാനും അല്ലാഹു കല്‍പിച്ചു.

ഹൃദയവിശാലതക്കും കാര്യങ്ങളുടെ സുഗമമായ ഒഴുക്കിനും സംസാരസ്ഫുടതയുണ്ടാക്കാനുമുള്ള മൂസാ(അ)യുടെ പ്രാര്‍ഥനയും അല്ലാഹു സ്വീകരിച്ചു. സഹായിയായി സഹോദര പുത്രന്‍ ഹാറൂനിനെയും നിശ്ചയിച്ചുകൊടുത്തു(20:25 -30).

പ്രവാചകത്വവും അദ്ഭുത ദൃഷ്ടാന്തവും ലഭിച്ച മൂസാ(അ) ഹാറൂനെ(അ)യും കൂട്ടി സധൈര്യം ഫറോവയുടെ കൊട്ടാരത്തിലെത്തി.

ഫറോവയുടെ മുന്നില്‍

മുമ്പിലെത്തിയ മൂസായെ ഫറോവ ധിക്കാരത്തോടെയാണ് നേരിട്ടത്. ''നിന്നെ വളര്‍ത്തിയത് ഞാനാണ്. നീ ഞങ്ങളുടെ വംശക്കാരനെ കൊന്നു. എന്നിട്ടിപ്പോള്‍ എന്റെ കൊട്ടാരത്തിലെത്തി എന്നെ ഉപദേശിക്കുന്നുവോ?''. ഫറോവയുടെ മുന്നില്‍ മൂസാ ഉത്തരം നിരത്തി ശേഷം പറഞ്ഞു: ''നീ ലോകരക്ഷിതാവിന് കീഴ്‌പ്പെടുക''.

ഫിര്‍ഔന്‍ ചോദിച്ചു: ''ഏതാണ് നീ പറയുന്ന ലോകരക്ഷിതാവ്?''. ''ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും നാഥന്‍'' മൂസാ പറഞ്ഞു. ''നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും രക്ഷിതാവ്, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും നാഥന്‍'' ഫറോവയുടെ പരിഹാസങ്ങള്‍ക്കിടയില്‍ മൂസാ പറഞ്ഞുകൊണ്ടേയിരുന്നു(26:23-28).

''അപ്പോള്‍ പൂര്‍വ തലമുറകളുടെ അവസ്ഥയെന്താണ്'' മൂസായെ കുടുക്കി സദസ്യരെ ഇളക്കിവിടാനുദ്ദേശിച്ചുകൊണ്ട് ഫിര്‍ഔന്‍ ചോദ്യം തൊടുത്തുവിട്ടു. എന്നാല്‍ ബുദ്ധിമാനായ മൂസാ(അ)യുടെ മറുപടി കൃത്യമായിരുന്നു:''അവരുടെ വിവരങ്ങള്‍ എന്റെ നാഥന്റെ കൈവശമുള്ള ഗ്രന്ഥത്തിലാണ്''(20:51,52).

തന്റെ ദൃഷ്ടാന്തം പ്രയോഗിച്ച മൂസാ(അ)യെ ഫിര്‍ഔന്റെ മായാജാലക്കാരുമായി മത്സരിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. രാജ്യത്തുള്ള മുഴുവന്‍ മാന്ത്രികരെയും വിളിച്ചു കൂട്ടി മൂസാ(അ)യെ തറപറ്റിക്കാനായിരുന്നു അയാളുടെ ഉദ്യമം.

മാന്ത്രികവിദ്യാ പ്രകടനത്തില്‍ ഫിര്‍ഔന്റെ മാന്ത്രികര്‍ നിഷ്പ്രഭരായി. അവര്‍ വടികള്‍ നിലത്തിട്ടപ്പോള്‍ രൂപാന്തരപ്പെട്ട ചെറുസര്‍പ്പങ്ങളെ മൂസായുടെ വടിയില്‍ നിന്നുയിരെടുത്ത ഉഗ്രസര്‍പ്പം ഒന്നാകെ വിഴുങ്ങി. മൂസായുടേത് കേവലം മാന്ത്രികതയല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞു: ''ഞങ്ങള്‍ മൂസായുടെയും ഹാറൂന്റെയും രക്ഷിതാവായ ലോകനാഥനില്‍ വിശ്വസിച്ചിരിക്കുന്നു' (7:121,122).

കുപിതനായ ഫിര്‍ഔന്‍ മാന്ത്രികരെ മുഴുവന്‍ കുരിശില്‍ തറച്ചു കൊലപ്പെടുത്തി(ത്വാഹാ 71). ഫിര്‍ഔനിന്റെ ആജ്ഞകള്‍ നിറവേറ്റപ്പെട്ടു.

മൂസാ(അ)യെ നാട്ടില്‍ നിന്ന് പുറത്താക്കാനായിരുന്നു ഫിര്‍ഔനിന്റെ അടുത്ത നീക്കം. ഹാമാന്‍ ഉള്‍പ്പെടെയുള്ള പ്രമാണിമാരുടെ പിന്‍തുണയും  അതിനുണ്ടായിരുന്നു. എന്നാല്‍ ഫിര്‍ഔന്റെ അടുത്ത ബന്ധുവായ ഒരു വിശ്വാസി മൂസായെ അപായപ്പെടുത്തന്നതിനെതിരെ രംഗത്തുവന്നു: ''അല്ലാഹുവാണ് തന്റെ രക്ഷിതാവ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ വധിക്കുകയോ? നിങ്ങളുടെനാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് അദ്ദേഹം വന്നിരിക്കുന്നത്. അയാള്‍ കള്ളവാദിയാണെങ്കില്‍ അതിന്റെ ദോഷം അയാള്‍ക്ക്. സത്യവാദിയാണെങ്കിലോ അയാള്‍ മുന്നറിയിപ്പു നല്‍കുന്ന കാര്യങ്ങള്‍ നിങ്ങളെ ബാധിക്കുകയും ചെയ്യും''(40:28). ഈ വിശ്വാസിയെ അവഗണിച്ച ഫറോവ ചതിയൊരുക്കി അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിശ്വാസിയെ അല്ലാഹു കാത്തു രക്ഷിച്ചു.

 


 

Feedback