Skip to main content

മോഡേണിസ്റ്റുകളുടെ ഹദീസ് നിഷേധം (1)

ഖവാരിജുകള്‍, ശീഇകള്‍, മുഅ്തസിലികള്‍ തുടങ്ങിയ കക്ഷികളിലൂടെ തുടക്കം കുറിച്ച്, ഹദീസ് നിഷേധപ്രവണത ഓറിയന്റലിസ്റ്റുകള്‍ ഏറ്റെടുക്കുകയും പില്‍ക്കാലത്ത് മോഡേണിസ്റ്റുകള്‍ക്ക് കൈമാറുകയുമാണുണ്ടായത്. ഓറിയന്റലിസത്തിന്റെ ഏജന്റുമാരായി രംഗത്തുവന്നവരാണ് മോഡേണിസ്റ്റുകള്‍. അവര്‍ മുസ്ലിം നാമധാരികളും ഇസ്ലാമിനെ നവീകരിക്കുകയെന്ന വ്യാജേന അതിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരുമാണ്. ഓറിയന്റലിസ്റ്റുകളുടെ ദുഷ്ടലാക്കുകള്‍ ശരിക്കും തിരിച്ചറിഞ്ഞ് പൂര്‍ണമനസ്സോടെ അവരെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചവരുണ്ട്. ആധുനിക തുര്‍ക്കിയുടെ രാഷ്ട്രപിതാവ് മുസ്തഫാ കമാല്‍ അത്താത്തുര്‍ക്ക് അക്കൂട്ടത്തിലൊരാളായിരുന്നു. ഓറിയന്റലിസ്റ്റുകളുടെ ഗൂഢനീക്കങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ പേരിനും പ്രശസ്തിയ്ക്കും വേണ്ടിയും സാമ്പത്തിക ലാഭങ്ങള്‍ ലക്ഷ്യമിട്ടും ഇവരുടെ താളത്തിനൊത്തു തുള്ളുന്നവരുമുണ്ട്.

20 ആം നൂറ്റാണ്ടില്‍ അറബ് ലോകത്ത് ഒട്ടേറെ മോഡേണിസ്റ്റുകള്‍ ഹദീസ് നിഷേധവുമായി രംഗത്തു വന്നു. വിശുദ്ധ ഖുര്‍ആനില്‍ നാം ഒന്നും വിട്ടുകളഞ്ഞിട്ടില്ല (6:38) എന്ന സൂക്തം പഠിപ്പിക്കുന്നത് നബിചര്യയെ പോലെയുള്ളത് പ്രമാണമായി ആവശ്യമില്ല എന്ന് തൗഫീക് സിദ്‌വി വാദിച്ചു. നബിചര്യക്ക് പ്രാമാണികതയുണ്ടായിരുന്നെങ്കില്‍ ഖുര്‍ആനെപ്പോലെ അതും എഴുതിവെക്കാന്‍ കല്പിക്കുമായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ വാദം.

അറബ്‌ലോകത്തെ മറ്റൊരു മോഡേണിസ്റ്റായിരുന്നു അഹ്മദ് അമീന്‍. ഇസ്‌ലാമിനെ മൊത്തത്തി ലും നബിചര്യയെ വിശേഷിച്ചും വിമര്‍ശിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ഇസ്‌ലാമിന്റെ പ്രഭാതം (ഫജ്‌റുല്‍ ഇസ്‌ലാം), ഇസ്‌ലാമിന്റെ പൂര്‍വാഹ്‌നം (ദുഹല്‍ ഇസ്‌ലാം), ഇസ്‌ലാമിന്റെ മധ്യാഹ്‌നം (ദുഹ്‌റുല്‍ ഇസ്‌ലാം) എന്നീ മൂന്ന് ഭാഗങ്ങളിലുള്ള ഗ്രന്ഥാവലി ഇസ്‌ലാം വിമര്‍ശര്‍കര്‍ക്ക് സുപരിചിതമാണ്.

വ്യാജഹദീസ് നിര്‍മാണം തിരുമേനിയുടെ മരണത്തിന് മുമ്പേ ആരംഭിച്ചതാണെന്നും വ്യാജഹദീസുകള്‍ക്കെതിരെ പൊരുതിയത് പിന്നീടാണെന്നും അഹ്മ ദ് അമീന്‍ തുറന്നടിച്ചു. ഇമാം ബുഖാരി തന്റെ കാലത്ത് പ്രചരിച്ച 6 ലക്ഷം ഹദീസുകളില്‍ നിന്നാണ് തന്റെ സ്വഹീഹില്‍ 7275 ഹദീസുകള്‍ ഉള്‍പ്പെടുത്തി രൂപംകൊടുത്തത്. 'ഇസ്ലാമിന്റെ പ്രഭാതത്തില്‍' അദ്ദേഹം ഹദീസ് നിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് ഇതര മോഡേണിസ്റ്റുകളെപ്പോലെ പ്രശസ്ത സ്വഹാബീവര്യന്‍ അബുഹുറയ്‌റയെ വിമര്‍ശിക്കുന്നു. ഹദീസിന്റെ സ്വീകാര്യത നിര്‍ണയിക്കാന്‍ നിദാന ശാസ്ത്രത്താല്‍ നിശ്ചയിച്ച 15-ലധികം നിബന്ധനകളില്‍ അഹ്മദ് അമീന്‍ തൃപ്തനായിരുന്നില്ല.

ഹദീസ് നിഷേധത്തില്‍ അഹ്മദ് അമീനെ കവച്ചുവെക്കും വിധമുള്ള മോഡേണിസ്റ്റാണ് മഹ്മൂദ് അബൂറയ്യ. അദ്ദേഹം രചിച്ച അദ്‌വാഉന്‍ അലാ സുന്നത്തില്‍ മുഹമ്മദിയ്യ എന്ന ഗ്രന്ഥം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഹദീസ് നിരൂപകന്മാര്‍ നിവേദക ശ്രേണിക്ക്(സനദ്) അമിത പരിഗണന നല്‍കുകയും പ്രമേയത്തെ അവഗണിക്കുകയും ചെയ്തു എന്ന് അബൂറയ്യ ആരോപിച്ചു. ഹദീസില്‍ ജൂതപുരാണങ്ങളും(ഇസ്‌റാഈലിയ്യത്ത്) ക്രൈസ്തവ കെട്ടുകഥകളും ഒട്ടെറെ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അത് ഹദീസ് പരിശോധകന്മാര്‍ക്ക് വേര്‍തിരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അബൂറയ്യ ആരോപിച്ചു.
 

Feedback