Skip to main content

ഹദീസ് നിദാനശാസ്ത്രം (ഉസ്വൂലുല്‍ ഹദീസ്) (5)

പ്രവാചകന്റെ നേരിട്ടുള്ള ശിക്ഷണത്തില്‍ വളര്‍ന്ന സ്വഹാബികള്‍ പ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിലും അത് ഭാവിതലമുറയ്ക്കായി സംരക്ഷിക്കുന്നതിലും അതീവ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുന്നവരായിരുന്നു. എന്നാല്‍ നാലാം ഖലീഫ അലി(റ)യുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ഇസ്‌ലാമിക ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറിയതോടെ മുസ്‌ലിം സമൂഹത്തില്‍ അത് കക്ഷിത്വങ്ങള്‍ക്ക് വഴിയൊരുക്കി. ഈ കക്ഷിത്വത്തെ ശക്തിപ്പെടുത്തുംവിധം അനുകൂലമായോ പ്രതികൂലമായോ നബിയുടെ പേരില്‍ വ്യാജഹദീസുകള്‍ നിര്‍മിക്കപ്പെട്ടു. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സ്വഹാബികളുടെ തലമുറ ഏറെക്കുറെ കാലയവനികയില്‍ മറഞ്ഞത് വ്യാജഹദീസുകള്‍ വര്‍ധിക്കാന്‍ രംഗം അനുകൂലമാക്കി. ഈ ചരിത്രഘട്ടത്തിലാണ് ഹദീസ് നിദാന ശാസ്ത്രത്തിന്റെ (ഉസ്വൂലുല്‍ ഹദീസ്) ആവിര്‍ഭാവത്തിന് പശ്ചാത്തലമൊരുങ്ങിയത്. വ്യാജഹദീസുകളെ പ്രതിരോധിച്ച് പ്രവാചകചര്യയെ സംരക്ഷിക്കുക എന്ന മഹനീയ ദൗത്യമാണ് അത് നിര്‍വഹിച്ചത്.

ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് നബിചര്യ വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. അന്ന് അതിന്റെ ആവശ്യമില്ലായിരുന്നു. കാരണം പ്രവാചക ജീവിതം നേരിട്ടു കണ്ടവരായിരുന്നു അക്കാലത്തുള്ളത്. സ്വഹാബികള്‍ മരണപ്പെടുകയും പുതിയ തലമുറ ഇസ്‌ലാമിലേക്ക് ധാരാളമായി കടന്നുവരികയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ നബിചര്യ സമാഹരിച്ചുവെക്കല്‍ അനിവാര്യമായിത്തീര്‍ന്നു. 

ബനുഉമയ്യ ഗോത്രത്തിലെ ഖലീഫയും ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന മഹാനുമായ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ ഭരണകാലത്താണ് ഹദീസ് സമാഹരണത്തിന് ഔദ്യോഗിക രൂപം വന്നത്. ഖലീഫയുടെ കല്പന അനുസരിച്ച് ആദ്യമായി ഹദീസുകള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്തിയത് ഹിജ്‌റ 125ല്‍ മരണപ്പെട്ട ഇബ്‌നു ശിഹാബുസ്സുഹ്‌രി ആയിരുന്നു. തുടര്‍ന്ന് ഈ കാലഘട്ടത്തില്‍ തന്നെ ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ നിരവധി പ്രമുഖ പണ്ഡിതന്മാര്‍ ഹദീസ് സമാഹരണത്തില്‍ ഏര്‍പ്പെട്ടു. സഈദ്ബ്‌നു മഹ്‌റാന്‍ അല്‍അദവി, റബീഉബ്‌നു സുബൈഹ് അല്‍ബസ്വരി, അബൂമുഹമ്മദ് അബ്ദുല്‍ മാലിക്ബ്‌നു അബ്ദില്‍ അസീസ് അല്‍അമവി, അബൂഉമര്‍ അംറുബ്‌നു നാശിദുല്‍ ബസ്വരി, അബൂ അബ്ദിറഹ്മിന്ബ്‌നി അംറ് അല്‍ഔസാഈ, അബൂ അബ്ദില്ല സുഫ്‌യാനുസ്സൗരി, അബൂസലമ ഹമ്മാദ്ബ്‌നു സലമ, ഇബ്‌നുദിനാര്‍ ബസ്വരി, മാലിക്ബ്‌നു അനസ് അല്‍അസ്വബഹി, അബ്ദുല്ലാഹിബ്‌നു മുബാറക് ഹന്‍ദലി, ഹൈസമുബ്‌നു ബിശ്‌രില്‍ വാസിത്വി എന്നിവര്‍ അവരില്‍ പ്രമുഖരാണ്.

മുസ്‌ലിംകള്‍ക്കിടയില്‍ മതപരവും രാഷ്ട്രീയവുമായ കക്ഷിത്വങ്ങള്‍ ഉടലെടുത്തത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂററാണ്ടിന്റെ  ആദ്യത്തിലും ആണ്. മുസ്‌ലിംകള്‍ക്കിടയില്‍ ശിആകള്‍, ഖവാരിജുകള്‍, മുഅ്തസിലുകള്‍, സൂഫികള്‍ തുടങ്ങിയ പല വിഭാഗങ്ങളും സൈദ്ധാന്തികമായിത്തന്നെ ഭിന്ന നിലപാടുകള്‍ പുലര്‍ത്തിപ്പോന്നു. തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനും ഏതിരാളികളെ നേരിടാനും വ്യാജ ഹദീസുകള്‍ ഉണ്ടാക്കുകയായിരുന്നു അവര്‍. ഈ പ്രവണത കൂടിവന്ന സാഹചര്യത്തില്‍ യഥാര്‍ഥ ഹദീസുകള്‍ വ്യാജ റിപ്പോര്‍ട്ടുകളുമായി കൂടിക്കുഴയുന്ന അവസ്ഥ ഇല്ലാതെയാക്കി, യഥാര്‍ത്ഥ ഹദീസുകളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ത്യാഗപൂര്‍ണമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഹദീസ് പണ്ഡിതര്‍ മുന്നോട്ട് വന്നു. ഹദീസുകള്‍ സ്വീകരിക്കുന്നതിനും ഉദ്ധരിക്കുന്നതിനും വ്യക്തമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഇങ്ങനെ ഉടലെടുത്ത വിജ്ഞാനശാഖ ഉസ്വൂലുല്‍ഹദീസ് (ഹദീസ് നിദാനശാസ്ത്രം) എന്ന പേരില്‍ അറിയപ്പെട്ടു.

ഹദീസുകളുടെ ഉള്ളടക്കവും (മത്‌ന്) നിവേദകരുടെ ശൃംഖലയും (സനദ്) സൂക്ഷ്മമായി പരിശോധിച്ച് പ്രബലമായതും ദുര്‍ബല റിപ്പോര്‍ട്ടുകളും വ്യാജ വര്‍ത്തമാനങ്ങളും വേര്‍തിരിക്കുകയും തിരിച്ചറിയാനായി പ്രത്യേകം പേരുകള്‍ നല്‍കുകയും ചെയ്തു. ഈ ആവശ്യത്തിനായി ഹദീസ് നിവേദക പരമ്പരയില്‍ ലക്ഷത്തില്‍പ്പരം വന്ന ആളുകളുടെ ചരിത്രവും സ്വഭാവ ഗുണങ്ങളും പഠന വിധേയമാക്കി. അന്ത്യപ്രവാചകന്റെ ജീവിതചര്യ കുറ്റമറ്റ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രദ്ധിച്ചു. ഇത്രയും മഹത്തായ ഒരു ഗവേഷണം മറ്റൊരാളുടെ ചരിത്രത്തിലും നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഇസ്ഹാഖുബ്‌നു റാഹവൈഹി എന്ന പേരില്‍ ശ്രദ്ധേയനായ ഇസ്ഹാഖുബ്‌നു ഇബ്രാഹീമ്ബ്‌നു മഖ്‌ലദ് അല്‍ഹന്‍ദലി മര്‍വസിയാണ് ഇദംപ്രഥമമായി ഇക്കാര്യം നിര്‍വഹിച്ചത്. ഹിജ്‌റ 237 ലാണ് അദ്ദേഹത്തിന്റെ മരണം. തുടര്‍ന്ന് ഈ വിഷയത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. താഴെ പറയുന്നവരുടെ മുസ്‌നദുകള്‍ ഇവയില്‍ ശ്രദ്ധേയമാണ്.

1). അസദുസ്സുന്ന എന്നറയിപ്പെടുന്ന അസദ്ബ്‌നു മൂസാഉമവി (212)
2) ഉബൈദ്ബ്‌നു മൂസാ അബസി അല്‍കൂഫി (213)
3) നുഅയ്മുബ്‌നു ഹമ്മാദ് ഖുസാഈ (239)
4) അഹ്മദ്ബ്‌നു ഹന്‍ബല്‍ (241)

ആദ്യകാലത്ത് ക്രോഡീകരിക്കപ്പെട്ട ഹദീസുഗ്രന്ഥങ്ങള്‍ സ്വീകാര്യമായ ഹദീസുകളും അല്ലാത്തവയും എല്ലാം കൂടിക്കലര്‍ന്നവയായിരുന്നു. പിന്നീട് സ്വീകാര്യമായ ഹദീസുകള്‍ തെരഞ്ഞെടുത്ത് സ്വഹീഹ് ഗ്രന്ഥങ്ങള്‍ വിരചിതമായി. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സൂനനു അബീദാവുദ്, ജാമിഉത്തിര്‍മിദി, ഇബ്‌നുമാജ സുനനുന്നസാഈ, എന്നീ ആറു ഗ്രന്ഥങ്ങള്‍ അവയില്‍ പ്രമുഖമാണ്. സ്വിഹാഹുസ്സിത്ത എന്ന പേരില്‍ ഇവ അറിയപ്പെടുന്നു. ത്വഹാവി (321), ഇബ്‌നുഖുസൈമ (311) അബൂഅവാന (316) ത്വബ്‌റാനി (360), ദാറുഖുത്വനി (385) ത്വന്‍ത്വാവി (288) ഹാകിം (405) എന്നിവരും ഇവരില്‍ പ്രസിദ്ധരാണ്.

Feedback
  • Sunday Jul 21, 2024
  • Muharram 14 1446