Skip to main content

ഹദീസ് നിഷേധ പ്രവണതകള്‍ (8)

ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും പ്രവാചകചര്യയെയും നിരാകരിക്കാനും അവയ്‌ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കാനും ഇസ്‌ലാമിന്റെ എതിരാളികള്‍ എല്ലാ കാലത്തും കുതന്ത്രങ്ങളും കഠിന ശ്രമങ്ങളും നടത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിനെ കവിതയെന്നും ആഭിചാരമെന്നും പറഞ്ഞ് ആക്ഷേപിച്ചവര്‍ മുഹമ്മദ് നബി(സ്വ)യുടെ സ്വന്തം രചനയാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും ആരോപിച്ചു.

വിശുദ്ധ ഖുര്‍ആനിനെക്കാളും എതിരാളികള്‍ വിമര്‍ശന ശരങ്ങള്‍ എയ്തുവിട്ടത് ഹദീസിനു നേരെയാണ്. ഖുര്‍ആനിനെയും അതിന്റെ സ്വാധീനത്തെയും ഇല്ലാതാക്കാന്‍ കഴിയില്ല എന്നു തിരിച്ചറിഞ്ഞ ശത്രുക്കള്‍ ഇസ്‌ലാമിക സംസ്‌കാരങ്ങളുടെയും സ്വഭാവ മൂല്യങ്ങളുടെയും അമൂല്യ സ്രോതസ്സായ നബിചര്യയെ (സുന്നത്തിനെ) വിലയിടിച്ച് കാണിക്കുന്നതിലൂടെ മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റാന്‍ കഴിയുമെന്ന് കണക്കുകൂട്ടി.

പ്രവാചകന്‍(സ്വ)യോടുള്ള അനല്പമായ സ്‌നേഹവും ആദരവും നെഞ്ചേറ്റിയ മുസ്‌ലിം സമുദായത്തെ ഹദീസ് നിഷേധത്തിലേക്ക് നയിക്കുക അത്ര ഏളുപ്പമല്ല എന്ന് ശത്രുക്കള്‍ തിരിച്ചറിഞ്ഞു. പ്രത്യക്ഷത്തില്‍ ഹദീസുകളെ നിരാകരിക്കാതെത്തന്നെ ഹദീസിനെക്കുറിച്ച്  ജനമനസ്സുകളില്‍ അവമതിപ്പ് ഉണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. അപ്രായോഗികമായ ചില നിബന്ധനകള്‍ ഹദീസ് സ്വീകരണ വിഷയത്തില്‍ അവര്‍ കൊണ്ടുവരുന്നതിലൂടെ അവലംബനീയമായ ഹദീസുകളൊന്നും ഇല്ലെന്ന ധാരണ മുസ്‌ലിം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനായിരുന്നു ഇത്തരക്കാരുടെ നീക്കം. മുഹദ്ദിസുകളെ കുറിച്ചും ഹദീസ് റിപ്പോര്‍ട്ടര്‍മാരെ പറ്റിയും അവമതിപ്പുണ്ടാക്കുകയെന്നതായിരുന്നു മറ്റൊരു തന്ത്രം. കൂടുതല്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സ്വഹാബിമാരെപ്പോലും സംശയിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഗുരുതരമായ കുറ്റവും അവര്‍ ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തില്‍ ഹദീസ് നിഷേധ പ്രവണത രൂപഭേദങ്ങളോടെ പലകുറി തലപൊക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. വിവിധ ചരിത്രസന്ധികളില്‍ രംഗപ്രവേശം ചെയ്ത ഹദീസ് നിഷേധ പ്രവണതകള്‍, അതിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച വ്യക്തികള്‍, സംഘങ്ങള്‍, അവരുടെ  ആരോപണങ്ങള്‍ എന്നിത്യാദി കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഹദീസ് നിഷേധത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ നാലായി തിരിക്കാം.

1. മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ വധം, അലി(റ)യുടെ  അധികാരാരോഹണം, അലി-മുആവിയ വടംവലി തുടങ്ങിയ സംഭവവികാസങ്ങളുടെ പരിസരത്ത് രൂപപ്പെട്ട വിവിധ കക്ഷികള്‍.
2. യവന തത്ത്വചിന്തയില്‍ ആകൃഷ്ടരായ ചില മുസ്‌ലിം ചിന്തകര്‍ അതിന്നനുസൃതമായി ഇസ്‌ലാമിക പ്രമാണപാഠങ്ങളെ വ്യാഖ്യാനിക്കാന്‍ കാണിച്ച വ്യഗ്രത.
3. ഇസ്‌ലാമിനോടുള്ള കുടിപ്പക മൂത്ത യൂറോപ്യന്‍ കുരിശുപക്ഷം സൈനികാക്രമണത്തിന് സമാന്തരമായി ആസൂത്രണം ചെയ്ത സാംസ്‌കാരികാക്രമണവും അതിനായി രൂപം നല്‍കിയ സാംസ്‌കാരിക സേന (ഓറിയന്റലിസ്റ്റുകള്‍) നടത്തിയ ഗൂഢനീക്കങ്ങളും.
4. പാശ്ചാത്യ സാസ്‌കാരത്തില്‍ ആകൃഷ്ടരായ ഓറിയന്റലിസത്തിന്റെ ഗൂഢനീക്കങ്ങള്‍ക്ക് കരുത്തുപകര്‍ന്ന മുസ്‌ലിം നാമധാരികളായ ചിന്തകന്മാരും എഴുത്തുകാരും നടത്തിയ ഗവേഷണങ്ങള്‍.

ഹദീസ് നിഷേധികളില്‍ പലതരക്കാരുണ്ട്. ഹദീസിനെ മൊത്തത്തില്‍ നിഷേധിച്ചവരുണ്ട്. ഭാഗികമായി നിഷേധിച്ചവരുണ്ട്. മുതവാതിറുകളെയും ആഹാദുകളെയും ഒരുപോലെ നിഷേധിച്ചവരുമുണ്ട്. 

Feedback