Skip to main content

ഹദീസ് പഠനം ഇന്ത്യയില്‍ (2)

വിവിധ രാജ്യങ്ങളിലെ ഹദീസ് പണ്ഡിതര്‍ അഭയം തേടിയും കച്ചവടക്കാരായും യാത്രികരായും ഇന്ത്യയിലെത്തിയതോടെയാണ് ഹദീസ് പഠനത്തിന് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നത്. ഏറ്റവും ഊഷ്മളമായ സ്വീകരണം ഇന്ത്യന്‍ ജനത ഇവര്‍ക്കു നല്‍കുകയും  താമസ സൗകര്യവും പഠന സൗകര്യവും ആരാധനാ സൗകര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഭീഷണികളില്‍ നിന്നും ഭയത്തില്‍ നിന്നും സ്വതന്ത്രരായ ഇവര്‍ നിരവധി രചനകളുമായി കര്‍മ മേഖലയില്‍ സജീവമായി.

ഇന്ത്യക്ക് പുറത്തു നിന്നുള്ള പണ്ഡിതന്മാരുടെ ആഗമനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യയില്‍ ഹദീസ് പഠനം വേരു പിടിക്കുന്നത്.  വൈദേശികരായ പണ്ഡിതരില്‍ നിന്ന് ഹദീസ് പഠനത്തിന്റെ മാധുര്യം തിരിച്ചറിഞ്ഞ അവരുടെ ശിഷ്യന്മാര്‍ വിജ്ഞാന സമ്പാദനത്തിനായി യാത്രകളാരംഭിച്ചു.  പ്രധാനമായും  ഈജിപ്ത് (മിസ്വ്‌റ്), ഹിജാസ് (മക്ക, മദീന) എന്നിവിടങ്ങളിലേക്കായിരുന്നു സഞ്ചാരം.  ഇവിടങ്ങളിലെ പണ്ഡിത ശ്രേഷ്ഠരുടെ ശിഷ്യത്വം സ്വീകരിച്ച് അറിവ് കരസ്ഥമാക്കിയ ഇന്ത്യന്‍ പണ്ഡിതര്‍, സ്വന്തം നാട്ടിലേക്ക് തിരിച്ചു വരികയും നേടിയെടുത്ത അറിവുകള്‍ പകര്‍ന്ന് നല്‍കുകയും ചെയ്തു.  ഇതിനായി ഇവര്‍ സ്ഥാപിച്ച കേന്ദ്രങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും അവിടെ നിന്ന് ബിരുദമെടുത്ത വിദ്യാര്‍ഥികള്‍ വിജ്ഞാന കൈമാറ്റത്തിനായി സ്വപ്രയത്‌നത്താല്‍ പുതിയ കേന്ദ്രങ്ങളും സ്ഥാപനങ്ങളും തുടങ്ങുകയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ചെയ്തു.


ഇന്ത്യയിലെ ഹദീസ് പഠനത്തിന് തുടക്കം കുറിച്ചതാരെന്നോ, ഏത് ദിവസത്തിലെന്നോ  കൃത്യമായി ചരിത്രഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. 'അല്‍ ബദ്‌റുത്ത്വാലിഉ ബി മഹാസിനി മിന്‍ ബഅ്ദില്‍ ഖര്‍നി സ്സാബിഇ' എന്ന ഗ്രന്ഥത്തില്‍ 595 പണ്ഡിതരെക്കുറിച്ച് വിവരിക്കുമ്പോള്‍ ഇന്ത്യക്കാരായ ഏഴ് ആളുകളെക്കുറിച്ചേ പരാമര്‍ശം പോലുമുള്ളൂ.  യഥാര്‍ഥത്തില്‍, പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ത്യാഗിവര്യന്മാര്‍ കൊളുത്തിയ തിരി നാളത്തില്‍ നിന്നാണ് ഇന്ത്യയിലെ എല്ലാ ഹദീസ് പഠന കേന്ദ്രങ്ങളുടെയും ആരംഭം.  വിശാല സിന്ധ് പ്രവിശ്യ എന്ന നിലയില്‍ ആ സ്ഥാപനങ്ങള്‍ ഇന്ത്യയിലും പാക്കിസ്താനിലുമായി വ്യാപിച്ച് കിടക്കുന്നു.  ഹദീസ് പഠനത്തിന് വേണ്ടി ആ മഹാത്യാഗികള്‍ കൊണ്ട വെയിലാണ് ഇന്ന് തണലായി മാറിയ വിവിധ സ്ഥാപനങ്ങള്‍.
 

Feedback