Skip to main content

അറബിമലയാളം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള അറബിയും മലയാളവും ചേര്‍ന്ന ഒരു സങ്കര ഭാഷയാണ് അറബി മലയാളം. മലയാള ഭാഷയെ അറബിലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ് ഈ ഭാഷയില്‍ ഉപയോഗിക്കുന്നത്.

മുസ്‌ലിംകള്‍ കടന്നു ചെന്ന നാടുകളില്‍ തദ്ദേശീയ ഭാഷയെ അറബി ലിപിയില്‍ എഴുതുന്ന പതിവുണ്ടായിരുന്നു. അറബിപഞ്ചാബി, അറബിത്തമിഴ്, അറബികന്നഡ, അറബിസിന്ധി തുടങ്ങിയ ഉദാഹരണമാണ്. അതു പോലെ, സ്‌പെയിന്‍ അറബിലിപിയില്‍ എഴുതിയിരുന്നു. അല്‍ജാമി എന്നായിരുന്നു അത് വിളിക്കപ്പെട്ടിരുന്നത്. ഇതേ രീതിയില്‍ കേരളക്കരയില്‍ രൂപം കൊണ്ടതാണ് അറബി മലയാളം.

arabi malayalam

കേരളത്തിലെ മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ തങ്ങളുടെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി മലയാളമായിരുന്നു. ഏതുകാലത്താണ് അറബി-മലയാള ഭാഷാരീതി ഉടലെടുത്തതെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. എങ്കിലും ഒമ്പതാം നൂറ്റാണ്ടു മുതല്‍ അറബി മലയാളം നിലവിലുണ്ടെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ മുസ്‌ലിംകള്‍ ഒരു സമൂഹമായി രൂപപ്പെടുകയും മതപഠനവും അറിവുകളും സാധാരണ മുസ്‌ലിംകള്‍ക്ക് എന്ന സാഹചര്യം വരികയും ചെയ്തതു മുതല്‍ രൂപപ്പെട്ടു എന്നു വേണം മനസ്സിലാക്കാന്‍. മതപരമായ ഒരു അനിവാര്യതയുടെ ഫലമായി പിറവികൊണ്ട് അറബിമലയാളം തുടര്‍ന്ന് സാസ്‌കാരികമായ ദൗത്യം കൂടി നിര്‍വഹിക്കുകയായിരുന്നു. കോളനി വക്താക്കളുടെ ഭാഷക്ക് ഒരു ബദല്‍ വ്യവസ്ഥിതി സൃഷ്ടിക്കാന്‍ അറബിമലയാളം കൊണ്ട് മുസ്‌ലിംകള്‍ക്ക് സാധിച്ചിരുന്നു. 

പതിനാറാം നൂറ്റാണ്ടില്‍ ഖാസി മുഹമ്മദ് രചിച്ച മുഹിയുദ്ദീന്‍ മാലയാണ് കണ്ടു കിട്ടിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള അറബി മലയാള കൃതി. കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിംകളുടെ ഗ്രന്ഥഭാഷയായിട്ടാണ് അറബി മലയാളം നിലനിന്നത്. 

അറബിലിപിയെ പൂര്‍ണമായി ഉപയോഗപ്പെടുത്തി മലയാള ഭാഷയെ പ്രത്യേക ലിപിയില്‍ ഉള്‍കൊള്ളുന്നതോടൊപ്പം സ്വന്തമായി ചില വ്യാകരണ-ഭാഷാ സ്വഭാവങ്ങള്‍ അറബിമലയാളത്തിനുണ്ട്. 

mala

ഇരുപത്തെട്ടു വര്‍ണ്ണങ്ങളാണു അറബിയിലുള്ളത്. അവയില്‍ പതിനഞ്ചെണ്ണം മാത്രമേ മലയാള ലിപി ഉപയോഗിച്ചു എഴുതിക്കാണിക്കാനാവൂ. ബാക്കി പതിമൂന്നു വര്‍ണങ്ങള്‍ക്ക് ആലേഖനം സാധ്യമല്ല. മലയാളത്തിലെ അ, ആ, ഇ, ഈ, ഉ, ഊ എന്നീ സ്വരങ്ങളേ അറബിയിലുള്ളൂ. എ, ഏ, ഐ, ഒ, ഓ, ഔ എന്നീ സ്വരങ്ങളില്ല. ഉദാഹരണത്തിന്, ച എന്ന മലയാള അക്ഷരത്തിനു പകരം വെക്കാവുന്ന ഒരു അറബി അക്ഷരം ഇല്ല. ജ എന്ന് ഉച്ചാരണമുള്ള അറബി അക്ഷരമുണ്ട്. ഒരു പുള്ളിയിട്ട് എഴുതുന്ന ജ എന്ന അക്ഷരത്തോടു കൂടെ രണ്ടു പുള്ളികള്‍ കൂടി ചേര്‍ത്തി ച എന്നുച്ചരിച്ചു. ഇങ്ങനെ ഓരോ അക്ഷരങ്ങള്‍ക്കും പകരം കണ്ടു. മുസ്‌ലിം സംസ്‌കാരവുമായി ബന്ധപ്പെട്ട മലയാളത്തിലെ അക്ഷരങ്ങള്‍ക്കു പകരം അതേ ഉച്ചാരണമുള്ള പദം ലഭ്യമല്ലാത്തതിനാല്‍ സാദൃശ്യമുള്ള അറബി അക്ഷരങ്ങള്‍ക്ക് ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തി പുതിയ അക്ഷരങ്ങള്‍ ഉണ്ടാക്കിയെന്നു ചുരുക്കം. അങ്ങനെ ഓരോ അക്ഷരങ്ങള്‍ക്കും പകരം കണ്ട്, മലയാളത്തിലെ പദങ്ങള്‍ എഴുതാന്‍ കഴിയുന്ന ലിപിയായി അറബിമലയാളം മാറി.
 

Feedback