Skip to main content

ജിന്ന് നബിവചനങ്ങളില്‍

സര്‍പം, തേള്‍, ഭൂമിയിലെ പ്രാണികള്‍ തുടങ്ങിയവയ്ക്കും ബാക്ടീരിയ വൈറസ് പോലെയുള്ള സൂക്ഷ്മ ജീവികള്‍ക്കും മറ്റും ജിന്നുകള്‍ എന്ന് ഹദീസുകളില്‍ പ്രയോഗിച്ചതു കാണാം. ഇതിന്റെ വിവക്ഷ ജിന്നുകള്‍ സര്‍പ്പമായും, തേളായും വരുമെന്നും രോഗങ്ങള്‍ ജിന്നുകള്‍ ഉണ്ടാക്കുമെന്നും അല്ല. പ്രത്യുത ഇവയ്ക്ക് ജിന്നുകള്‍ എന്ന പദം ഉപയോഗിക്കാം എന്നാണ്.

അബുസഅ്‌ലബ(റ) പറയുന്നു. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു, ജിന്നുകള്‍ മൂന്ന് ഇനമാണ്. പട്ടികളും സര്‍പ്പങ്ങളുമാണ് ഒരിനം. വായുവിലൂടെ പറക്കുന്നവയാണ് മറ്റൊന്ന്. മറ്റൊരു ഇനം കൂടാരങ്ങളില്‍ സഞ്ചരിക്കുന്നവയും യാത്ര ചെയ്യുന്നവയുമാണ് (ഇബ്‌നുഹിബ്ബാന്‍ 6165).

മറ്റൊരു റിപ്പോര്‍ട്ട്: 'ജിന്നുകള്‍ മൂന്ന് ഇനമാണ്. ഒരിനം ചിറകുകള്‍ ഉള്ളവയാണ്. അവ വായുവിലൂടെ പറക്കും. മറ്റൊരു ഇനം സര്‍പ്പങ്ങളും തേളുകളുമാണ്. മറ്റൊരു ഇനം താമസിക്കുകയും യാത്രചെയ്യുകയും ചെയ്യും' (ഹാകിം).

അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നതിന് എത്രയോ മുമ്പ് തീജ്വാലകളാല്‍ സൃഷ്ടിച്ച ജിന്നുകള്‍ എന്ന വിഭാഗത്തെ ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. സ്ഥൂല ശരീരമില്ലാത്ത ജിന്നുകള്‍ മലക്കുകളുടെ കൂട്ടത്തിലാണ് ജിവിച്ചിരുന്നതെന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. ഈ ജിന്നുകളാണ് യഥാര്‍ഥ ജിന്ന്. ഇവര്‍ക്കാണ് അല്ലാഹുവിന്റെ കല്‍പനകള്‍ മനുഷ്യരെപ്പോലെ ബാധകമാകുന്നത്. ഇവര്‍ക്ക് അല്ലാഹുവിന്റെ കല്‍പന അനുസരിച്ചാല്‍ രക്ഷയും ധിക്കരിച്ചാല്‍ ശിക്ഷയുമുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പാമ്പുകള്‍, തേളുകള്‍, വായുവിലൂടെ പറക്കുന്ന പ്രാണികള്‍, നഗ്നദൃഷ്ടികൊണ്ട് കാണാന്‍ കഴിയാത്ത അണുക്കള്‍ എന്നിവക്ക് ഭാഷാപരമായി ജിന്ന് എന്ന് പറയാമെങ്കിലും ഇതൊന്നും അല്ലാഹുവിന്റെ വിധിവിലക്ക് ബാധകമാകുന്ന യഥാര്‍ഥ ജിന്നുകളല്ല. യഥാര്‍ഥ ജിന്ന് പാമ്പായും തേളായും നായയായും പ്രാണികളായും മനുഷ്യനായും വരുമെന്ന് ഇതിനര്‍ഥമില്ല. 

ഇമാം റശീദ് രിദ ഈ ഹദീസിനെ ഇപ്രകാരം വിവരിക്കുന്നു: 'ചുരുക്കത്തില്‍ ജിന്ന് എന്ന പദവും ശൈത്വാന്‍ എന്ന പദവും അറബികള്‍ ചില പ്രാണികള്‍ക്കും ഉപദ്രവകാരികളോ വൃത്തികെട്ട രൂപമുള്ളതോ ആയ ജീവികള്‍ക്കും ഉപയോഗിക്കറുണ്ട്. അതു പോലെ വേദക്കാരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന, മനുഷ്യര്‍ക്ക് തിന്മയെ വസ്‌വാസിലൂടെ ഭംഗിയാക്കി തോന്നിപ്പിക്കുന്ന അദൃശ്യലോകത്തെ ആത്മീയ ജീവികള്‍ക്കും ഈ പദം ഉപയോഗിക്കാറുണ്ട്' (തഫ്‌സീറുല്‍ മനാര്‍ 7/521).

തെറ്റിദ്ധാരണ

ജിന്നുകള്‍ പലരൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് പറയുന്നവര്‍ പ്രധാനമായും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്.

അബൂസഈദില്‍ ഖുദ്‌രി പറയുന്നു: ഒരാള്‍ തന്റെ ആയുധമെടുത്ത് പുറത്തു പോയി. അദ്ദേഹം തിരിച്ചു വന്നപ്പോള്‍ തന്റെ ഭാര്യ ഗെയ്റ്റിനടുത്ത് വന്നുനില്‍ക്കുന്നു. അദ്ദേഹം അവളെ കുന്തം കൊണ്ട് കുത്താന്‍ ഓങ്ങി. അദ്ദേഹത്തിന് സംരക്ഷണ ബോധമുണ്ടായി. ആ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു, കുന്തം മാറ്റിവെച്ച് വീട്ടില്‍ കയറിനോക്കൂ, അപ്പോള്‍ ഞാന്‍ എന്തുകൊണ്ടാണ് പുറത്തിറങ്ങി നിന്നത് എന്ന് താങ്കള്‍ക്ക് ബോധ്യമാവും. അദ്ദേഹം വീട്ടിലേക്ക് കടന്നു. അപ്പോള്‍ ഒരു വലിയ പാമ്പ് അദ്ദേഹത്തിന്റെ വിരിപ്പില്‍ ചുരുണ്ടു കിടക്കുന്നു. അദ്ദേഹം കുന്തംകൊണ്ട് കുത്തി ആ പാമ്പിനെ അതിന്മേല്‍ കോര്‍ത്തെടുത്തു. പിന്നെ ആ കുന്തം വീട്ടില്‍ ചാരിവെച്ചു. ഉടനെ ആ പാമ്പ് അദ്ദേഹത്തെ കടിച്ചു. അങ്ങനെ പാമ്പാണോ യുവാവാണോ ആദ്യം മരിച്ചത് എന്ന് എനിക്കറിഞ്ഞുകൂടാ.

ഞങ്ങള്‍ റസൂല്‍(സ)യുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ നബി നിങ്ങളുടെ കൂട്ടുകാരനുവേണ്ടി പ്രാര്‍ഥിക്കുക എന്ന് പറഞ്ഞു. തുടര്‍ന്ന് നബി(സ) പറഞ്ഞു. തീര്‍ച്ചയായും മദീനയില്‍ കുറച്ചു ജിന്നുകള്‍ മുസ്ലിമായി. (അവരാണീ പാമ്പുകള്‍) അവരില്‍ നിന്ന് ഏതിനെ കണ്ടാലും മൂന്ന് ദിവസം മുന്നറിയിപ്പ് നല്‍കണം. അതിനു ശേഷം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടതുപോലെ അതിനെ കൊല്ലാം. തീര്‍ച്ചയായും അത് ശൈത്വാനാണ് (മുസ്ലിം 2236).

ഇത് മദീനയില്‍ ഉണ്ടായ ഒരു പ്രത്യേക സംഭവമാണ്. മുസ്‌ലിമായ ഏതാനും ജിന്നുകളെ എന്തോ കാരണത്താല്‍ അല്ലാഹു പാമ്പാക്കി മാറ്റിയതു കൊണ്ടാണ് ഈ പാമ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് പറഞ്ഞത്. മദീനയില്‍ രൂപം മാറ്റിയ ഈ പാമ്പുകള്‍ക്ക് മാത്രം ബാധകമായ ഒരു വിധിയാണ് ഇത്. ദുനിയാവിലെ മറ്റ് ഉപദ്രവകാരികളായ പാമ്പുകളെ കണ്ടിടത്തുവെച്ച് കൊല്ലാനാണ് മുഹമ്മദ് നബി(സ) കല്‍പ്പിച്ചിട്ടുള്ളത്. മാത്രമല്ല ജിന്നിനെ പാമ്പാക്കി മാറ്റിയ വിവരം പ്രവാചകന് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ ആ സംഭവം നബി(സ)യുടെ മുഅ്ജിസത്താണ്. ഇത്തരം അമാനുഷിക സംഭവങ്ങളോട് സാദൃശ്യപ്പെടുത്തി സാധാരണ മനുഷ്യരുടെ കാര്യങ്ങള്‍ തീരുമാനിക്കവതല്ല. പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും അറബിഭാഷാ സാഹിത്യങ്ങളിലും സര്‍പ്പത്തിന് ജിന്നുകള്‍ എന്ന് പ്രയോഗിക്കാറുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാല്‍ അടിസ്ഥാന രഹിതമായ ഭയത്തില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അതുവഴി സാധിക്കും. 


വീട്ടിലെ ജിന്നുകള്‍ എന്നു പറഞ്ഞതിന് ഇമാം നവവി(റ) നല്‍കുന്ന വ്യാഖ്യാനം 'വീടുകളില്‍ കാണുന്ന ചെറിയ സര്‍പ്പങ്ങളാണ് ഉദ്ദേശ്യം' (ശറഹുല്‍ മുസ്ലിം 7/715) എന്നാണ്. മൂസാ നബി(അ) തന്റെ വടി നിലത്തിട്ട സന്ദര്‍ഭത്തില്‍ ഉണ്ടായ സര്‍പ്പത്തിന് ജിന്ന് എന്ന് അല്ലാഹു പ്രയോഗിച്ചതിന്റെ അര്‍ഥം, ജിന്നുകള്‍ സര്‍പ്പരൂപത്തില്‍ വരുമെന്നാണെന്ന് പറയുന്നത് വലിയ വിഡ്ഢിത്തമാണ്.

Feedback