Skip to main content

ബര്‍സഖ് (2)

ശരീരപ്രധാനമായ ഭൗതിക ലോകത്ത് നിന്ന് മനുഷ്യന്‍ മരണമാകുന്ന കവാടത്തിലൂടെ പരലോകത്തിലെ പ്രഥമഘട്ടമായ ഖബ്ര്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഇതുമുതല്‍ പുനരുത്ഥാനദിനം വരെ കഴിയുന്ന അവസ്ഥയെയാണ് ബര്‍സഖ് എന്ന് പറയുന്നത്. ബര്‍സഖ് എന്നാല്‍ മറ എന്നാണ് അര്‍ഥം. ഇഹലോകം അവരില്‍നിന്നും അവര്‍ ഇഹലോകത്തു നിന്നും മറക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസംവരെ ഒരു മറയുണ്ടായിരിക്കുന്നതാണ് (23:100). മനുഷ്യന്‍ മരിച്ചാല്‍ ജഡം മണ്ണില്‍ ദ്രവിച്ചു ചേരുന്നു. അല്ലെങ്കില്‍ ഭസ്മമായി ഒഴുക്കപ്പെടുന്നു. അതുമല്ലെങ്കില്‍ ഹിംസ്രജന്തുക്കളോ മത്സ്യങ്ങളോ ഭക്ഷിക്കുന്നു. മരണത്തിനും പുനുരുത്ഥാനത്തിനുമിടക്ക് മനുഷ്യന്റെ ആത്മാവും ശരീരഘടകങ്ങളും എവിടെയെല്ലാമാണോ അവിടമെല്ലാം ഉള്‍പ്പെടുന്ന ഒരര്‍ഥമാണ് 'ആലമുല്‍ബര്‍സഖ്' കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഈ വിശാലമായ അര്‍ഥം 'ഖബ്ര്‍' എന്ന പദത്തിനും ഉദ്ദേശിക്കപ്പെടാറുണ്ട്. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും (22:7) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഈ വിശാലമായ അര്‍ഥമാണ്.  ബര്‍സഖില്‍ വെച്ച് ആത്മാവ് സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നു. പരിശുദ്ധമായ ആത്മാവിനും (നഫ്‌സുന്‍ത്വയ്യിബ) മ്ലേഛമായ ആത്മാവിനും (നഫ്‌സുന്‍ഖബീഥ) അവരവര്‍ക്കനുസൃതമായ ദു:ഖങ്ങളും ആനന്ദവും ആസ്വദിക്കാന്‍ സാധിക്കുന്നു. ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷ തേടിക്കൊണ്ടുള്ള പ്രാര്‍ഥന നബി(സ) പഠിപ്പിച്ചിട്ടുണ്ട്.

Feedback