Skip to main content

ബഅസ് അഥവാ പുനരുത്ഥാനം

മരിച്ചവരെ അവരുടെ കര്‍മഫലം ശരിക്കും അനുഭവിക്കുന്നതിന്ന് വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനാണ് ബഅ്ഥ് അഥവാ പുനരുത്ഥാനം എന്ന് പറയുന്നത്. നിര്‍ജീവാവസ്ഥയില്‍ നിന്ന് ജനകോടികളെ ഒരിക്കല്‍ സൃഷ്ടിച്ച അല്ലാഹുവിന് അവരെ രണ്ടാമത് സൃഷ്ടിക്കാനും പ്രയാസമുണ്ടാവില്ല. മരണപ്പെട്ടുപോയവരെ മുഴുവന്‍ അല്ലാഹു പുനരുജ്ജീവിപ്പിക്കും. പുനരുത്ഥാന ദിനത്തെ നിഷേധിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് അതിന്റെ സംഭവ്യതയെ ഖുര്‍ആന്‍ സ്ഥിരീകരിക്കുന്നു. 'മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ചു നോക്കുക). തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍നിന്നും പിന്നീട് ബീജത്തില്‍നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരുവാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ അവധി വരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌കൊണ്ടു വരുന്നു, അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ (അവന്‍ നിങ്ങളെ വളര്‍ത്തുന്നു). നേരത്തെ ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായതിന് ശേഷം യാതൊന്നും അറിയാതാകുംവിധം ഏറ്റവും അവശത കൂടിയ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ട് നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍, അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരികതന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും. (22:5,6,7). 

ഒന്നാമത്തെ കാഹളമൂത്തിലൂടെ ഭൂമിയും വാനവും അതിലെ വസ്തുക്കളുമെല്ലാം നശിക്കുകയും   ഭൂമുഖം കുണ്ടും കുഴിയുമില്ലാത്ത വിശാലമായ മൈതാനമായിത്തീരുകയും ചെയ്യുന്നു. നബി(സ) പറയുന്നു. ''പുനരുത്ഥാന നാളില്‍ ജനം ഒരുമിച്ചു കൂട്ടപ്പെടുന്നത് ഇളംചുവപ്പു നിറത്തിലുള്ള ശുദ്ധമായ ധാന്യമാവിന്റെ ഉണ്ടപോലെയുളള ഭൂമിയിലായിരിക്കും. അവിടെ ആരുടേയും അടയാളമുണ്ടായിരിക്കില്ല. (ബുഖാരി-മുസ്‌ലിം). തുടര്‍ന്ന്  കാഹളത്തില്‍ രണ്ടാമതും ഊതുന്നതോടെ എല്ലാവരും തങ്ങളുടെ ഖബ്‌റുകളില്‍ നിന്ന് പുറത്ത്‌വരുന്നു. ഭയവിഹ്വലരായി, ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുന്നവിധം അവര്‍ അല്ലാഹുവിങ്കലേക്ക് ധൃതിപ്പെടും.

അല്ലാഹു പറയുന്നു. ''കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ചുചെല്ലും. അവര്‍ പറയും നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്നും നമ്മെ എഴുന്നേല്‍പ്പിച്ചത് ആരാണ്? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്. (36:51, 52). ഖബ്‌റുകളില്‍ നിന്നുള്ള ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് എങ്ങനെയാണെന്ന് നബി(സ) നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്. ആകാശത്ത് നിന്ന് മഴവര്‍ഷിക്കും. അപ്പോള്‍ മണ്ണില്‍നിന്ന് ചീര മുളച്ചുവരുന്നതുപോലെ മുളച്ചുവരുന്നു. മനുഷ്യന്റെ ശരീരത്തില്‍ നിന്ന് നശിക്കാത്തതായി ഒന്നുമുണ്ടാവില്ല, ഒരെല്ല് ഒഴികെ. അവന്റെ വാല്‍ക്കുറ്റിയാണത്. അതില്‍നിന്നാണ് അന്ത്യനാളില്‍ അവന്‍ പുന:സൃഷ്ടിക്കപ്പെടുന്നത് (ബുഖാരി, മുസ്‌ലിം).

മുഴുവന്‍ മനുഷ്യരും ഇവിടെ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. നീ പറയുക തീര്‍ച്ചയായും പൂര്‍വികരും പില്‍ക്കാലക്കാരും എല്ലാം കൃത്യമായ ഒരവധിക്ക് ഒരുമിച്ച് കൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു (56:49, 50). ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്ന ദിവസം (18:47). മനുഷ്യരെ മാത്രമല്ല, ജന്തുക്കളെയും പരലോകത്ത് ഒരുമിച്ചു കൂട്ടുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (6:38).  എല്ലാ സൃഷ്ടികളും അന്ത്യനാളില്‍ ഒരുമിച്ചു കൂട്ടപ്പെടും. കാലികളും പറവകളും ഇഴജീവികളുമെല്ലാം. നബി(സ) പറയുന്നു. ഖിയാമത്ത് നാളില്‍ ഓരോരുത്തരുടേയും അവകാശങ്ങള്‍ നല്‍കപ്പെടുന്നതാണ്. അങ്ങനെ കൊമ്പില്ലാത്ത ആട് കൊമ്പുള്ള ആടില്‍നിന്ന്  പ്രതികാരം സ്വീകരിക്കുന്നതാണ്. (മുസ്‌ലിം). 

ഐഹിക ജീവിതത്തില്‍ പലവിധ സ്ഥാനമാനങ്ങള്‍ അലങ്കരിച്ചവരും ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചവരും അന്ന് പരലോകത്ത് ഒരുമിച്ച് കൂടുമ്പോള്‍ ഒരേ അവസ്ഥയിലാണ്. നബി(സ) പറയുന്നു. ജനങ്ങളെല്ലാം പുനരുത്ഥാന നാളില്‍ ഒരുമിച്ചു കൂട്ടപ്പെടുന്നത് പാദരക്ഷയണിയാത്തവരും വസ്ത്രം ധരിക്കാത്തവരും ചേലാകര്‍മം ചെയ്യപ്പെടാത്തവരുമായിട്ടായാരിക്കും. ഇത്‌കേട്ട ആഇശ(റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചോ! പരസ്പരം കാണുന്ന വിധം! അവിടുന്ന് പറഞ്ഞു. ആഇശാ! അന്യോന്യം നോക്കുന്നതിനേക്കാള്‍ ഏറെ ഗൗരവമാണ് അന്നത്തെകാര്യം (ബുഖാരി, മുസ്‌ലിം).
 

Feedback
  • Thursday Jun 20, 2024
  • Dhu al-Hijja 13 1445