Skip to main content

ഖബ്ര്‍ ജീവിതം (1)

ഖബ്‌റിലുള്ള രക്ഷയും ശിക്ഷയും അദൃശ്യമായ വിഷയമാണ് (ഗൈബ്). ഖബ്‌റിലുള്ള ജീവിതാനുഭവങ്ങള്‍ എവ്വിധം ആയിരിക്കുമെന്നതിനെക്കുറിച്ച് മനുഷ്യ ബുദ്ധികൊണ്ട് തിട്ടപ്പെടുത്താനും യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ നിഗമനത്തില്‍ എത്താനും ഭാവനയില്‍ നെയ്‌തെടുക്കാനും ശ്രമിക്കുന്നതില്‍ അര്‍ഥമില്ല. അല്ലാഹുവും അവന്റെ ദൂതരും എന്തുപറഞ്ഞുവോ അത് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് കരണീയമായിട്ടുള്ളത്.


ഖബ്‌റിലെ അനുഭൂതികള്‍ -രക്ഷയാവട്ടെ ശിക്ഷയാവട്ടെ- ശരീരവും ആത്മാവും ഒന്നിച്ചനുഭവിക്കുന്നതാണെന്നും അല്ല, ആത്മാവിന് മാത്രമാണെന്നും  സ്വപ്നത്തിലെന്ന പോലെയുള്ള കേവലാനുഭവങ്ങള്‍ മാത്രമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ പ്രകടിപ്പിക്കുന്നുണ്ട്. മരണശേഷം മനുഷ്യശരീരത്തിന് നേരത്തെയുണ്ടായിരുന്ന വ്യക്തിത്വം നഷ്ടപ്പെട്ട് ശരീരം നാശമടയുകയും അതേയവസരം ആത്മാവ് അതിന്റെ പൂര്‍ണ വ്യക്തിത്വത്തോടെ അന്യൂനം നിലനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഖബ്‌റില്‍ ഉണ്ടായിത്തീരുന്നത്. അതുകൊണ്ട്തന്നെ ആത്മ പ്രധാനമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഖബ്ര്‍ ജീവിതത്തില്‍ രക്ഷയോ ശിക്ഷയോ ഉണ്ടെന്ന കാര്യം ഉറപ്പാണ്. അവിടെ ശിക്ഷയില്‍ നിന്ന് രക്ഷ പ്രാപിക്കാനുള്ള വഴികള്‍ ആരായുക എന്നതാണ് ബുദ്ധി. ഖബര്‍ ജീവിതത്തില്‍ ശിക്ഷയുണ്ടെന്നും ആ ശിക്ഷയുടെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും നബി (സ)യും നമുക്ക് വ്യക്തമാക്കി പഠിപ്പിച്ചുതന്നിട്ടുണ്ട്.
 

Feedback