Skip to main content

ഖബ്ര്‍ ശിക്ഷ

മദീനയിലെ കിഴവികളായ രണ്ട് യഹൂദ സ്ത്രീകള്‍ ആഇശ(റ)യുടെ അടുക്കല്‍ വന്ന് ഖബ്‌റില്‍ ശിക്ഷയുണ്ട് എന്ന് പറഞ്ഞു. ആഇശ(റ) അത് നിഷേധിച്ചു. പിന്നീട് നബി(സ) വന്നപ്പോള്‍ ആയിശ(റ) നബി(സ)യോട് ഇത് ചോദിച്ചു. തിരുമേനി മറുപടി പറഞ്ഞു: 'അവര്‍ പറഞ്ഞത് സത്യമാണ്. മൃഗങ്ങള്‍ കേള്‍ക്കാവുന്ന രൂപത്തില്‍ അവര്‍ ശിക്ഷിക്കപ്പെടുന്നതാണ്'' തുടര്‍ന്ന് ആഇശ(റ) പറയുന്നു: ഇതിന് ശേഷം തീരുദൂതര്‍ എല്ലാ നമസ്‌കാരത്തിലും ഖബ്ര്‍ ശിക്ഷയില്‍ നിന്ന് അല്ലാഹുവിനോട് അഭയമര്‍ഥിക്കുന്നത് ഞാന്‍ കണ്ടിരുന്നു. (മുസ്‌ലിം). 

മയ്യിത്ത് ഖബ്‌റടക്കി കഴിഞ്ഞാല്‍ അവിടെ നിന്ന് നബി(സ) ഇങ്ങനെ പറയാറുണ്ടായിരുന്നു. ''നിങ്ങളുടെ സഹോദരന് പാപമോചത്തിന് ആവശ്യപ്പെടുകയും ചോദ്യ സമയത്തെ  സുസ്ഥിരതക്ക് വേണ്ടി ചോദിക്കുകയും ചെയ്യുക. കാരണം അദ്ദേഹം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. (അബൂദാവൂദ്, ഹാകിം)

നമസ്‌കാരത്തില്‍ അത്തഹിയ്യാത്തിന്റെ അന്ത്യത്തില്‍ അഭയാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ട നാലു കാര്യങ്ങളില്‍ ഒന്ന് ഖബ്‌റിലെ ശിക്ഷയില്‍ നിന്നാണ്. പൊതുവായ മറ്റു പ്രാര്‍ഥനകളിലും ഖബ്ര്‍ ശിക്ഷയില്‍ നിന്ന് രക്ഷ ചോദിക്കാനുള്ള നിര്‍ദേശമുണ്ട്. ഖബ്‌റില്‍ ജഡം വെയ്ക്കുന്നതോടെ ഇരു പാര്‍ശ്വങ്ങളില്‍ നിന്നും ഖബ്ര്‍ ഇടുക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുമെന്ന് നബി(സ) അറിയിക്കുന്നു. സഅ്ദ്ബ്‌നു മുആദിനെ(റ) ഖബ്‌റില്‍ വെച്ചപ്പോള്‍ നബി(സ) പറഞ്ഞു. ''ഇദ്ദേഹത്തിന്റെ മരണം മൂലം അര്‍ശ് ചലിക്കുകയും ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും എഴുപതിനായിരം മലക്കുകള്‍ അദ്ദേഹത്തിന് വേണ്ടി സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെയാണ് ഖബ്ര്‍ ശക്തിയായി ഇടുക്കുകയും വിടുകയും ചെയ്തത്. (നസാഈ, മിശ്കാത്ത് 1/49). ഖബ്‌റിന്റെ സമ്മര്‍ദത്തില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ സഅ്ദ് രക്ഷപ്പെടുമായിരുന്നുവെന്ന് നബി (സ) പറയുകയുണ്ടായി (അഹ്മദ്).

പള്ളി അടിച്ചു വാരിയിരുന്ന ഒരു സ്ത്രീ മരിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ സൗകര്യപ്പെടാതെ വന്നപ്പോള്‍ നബി(സ) ഖബ്‌റിനരികില്‍ വെച്ച് നമസ്‌കരിച്ച ശേഷം ഇപ്രകാരം പറഞ്ഞു. ഈ ഖബ്‌റുകളെല്ലാം അതിലെ ആളുകള്‍ക്ക് ഇരുളടഞ്ഞതാണ്. എന്റെ നമസ്‌കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശമാനമാക്കി കൊടുക്കുന്നതാണ് (ബുഖാരി, മുസ്‌ലിം).  

പൊതുവെ ഏതു തെറ്റുകള്‍ക്കും ശിക്ഷിക്കപ്പെടുമെങ്കിലും ചില പ്രത്യേക കുറ്റങ്ങള്‍ ഖബ്ര്‍ ശിക്ഷക്ക് കാരണമാകുമെന്ന് നബി വചനങ്ങളില്‍ വന്നിരിക്കുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. നബി(സ) രണ്ട് ഖബ്‌റുകള്‍ക്കിടയിലൂടെ നടന്നു പോകുമ്പോള്‍ പറഞ്ഞു. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ ശിക്ഷിക്കപ്പെടുകയാണ്. എന്നാല്‍ വലിയ കാര്യത്തിനല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്. ഇതില്‍ ഒരാള്‍ പരദൂഷണം പറഞ്ഞു നടക്കുന്നവനും അപരന്‍ മൂത്രിക്കുമ്പോള്‍ മറ സ്വീകരിക്കാത്തവനുമായിരുന്നു (ബുഖാരി, മുസ്‌ലിം). 

ജാബിര്‍ബ്‌നു അബ്ദില്ലാ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവത്തില്‍ ഇങ്ങനെയാണുള്ളത്. ഒരു മനുഷ്യന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിച്ചു കഫന്‍ ചെയ്തശേഷം നമസ്‌കരിക്കാന്‍ വേണ്ടി നബി(സ)യെ ക്ഷണിച്ചു. അപ്പോള്‍ അവിടുന്ന് ചോദിച്ചു. അദ്ദേഹത്തിന് വല്ല കടവുമുണ്ടോ? ഞങ്ങള്‍ പറഞ്ഞു. രണ്ട് ദീനാര്‍, അപ്പോള്‍ അവിടുന്ന് നമസ്‌കരിക്കാതെ പിന്തിരിഞ്ഞപ്പോള്‍ അബൂഖതാദ(റ) ആ ബാധ്യത ഏറ്റെടുത്തതിനെ തുടര്‍ന്ന് അവിടുന്ന് നമസ്‌കരിച്ചു. പിന്നെ ഒരുദിവസത്തിന് ശേഷം അബൂകത്വാദയെ കണ്ട നബി(സ) ചോദിച്ചു. നീ ആ ദീനാറുകളുടെ കാര്യം എന്ത്‌ചെയ്തു? അദ്ദേഹം പറഞ്ഞു ഇന്നലെയല്ലേ അദ്ദേഹം മരിച്ചത്!. പിറ്റേന്ന് തിരുമേനിയെ കണ്ട അദ്ദേഹം പറഞ്ഞു. ഞാന്‍ ആ കടം വീട്ടി. അപ്പോള്‍ തിരുമേനി പറഞ്ഞു. 'ഇപ്പോഴാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് നീ തണുപ്പിച്ചത് (ഹാകിം, അഹ്മദ്).
 

Feedback