Skip to main content

ത്വരീഖത്തുകളുടെ ചരിത്രവും വളര്‍ച്ചയും

ഇറാന്‍കാരനായ അബൂസഈദ് മുഹമ്മദ് ബ്‌നു അഹ്മദ് (ഹി.357430) എന്ന സൂഫി തന്റെ വീട്ടിനടുത്ത് സൂഫികള്‍ക്ക് താമസിച്ച് ധ്യാനമുറകള്‍ നടത്താന്‍ ഒരു പര്‍ണശാല നിര്‍മ്മിക്കുകയും അതില്‍ വെച്ച് പരിശീലനം തുടങ്ങുകയും ചെയ്തു. സ്വയം നിര്‍മ്മിച്ചെടുത്ത ചില നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശീലനം (ധ്യാനമുറകള്‍). സൂഫിമാര്‍ഗം (ത്വരീഖത്ത്) എന്ന ബിദ്അത്തിന്റെ തുടക്കം ഇദ്ദേഹത്തില്‍നിന്നാണെന്നാണ് പണ്ഡിതാഭിപ്രായം.

തുടര്‍ന്ന് ഹിജ്‌റ 4, 5 നൂറ്റാണ്ടുകളില്‍ സൂഫിത്വരീഖത്തുകള്‍ക്ക് പ്രചുരപ്രചാരം സിദ്ധിക്കുകയും ഇറാനില്‍നിന്ന് മറ്റു മുസ്‌ലിം രാജ്യങ്ങളിലേക്കുകൂടി അത് വ്യാപിക്കുകയും ചെയ്തു. ഇറാഖില്‍ രിഫാഈ ത്വരീഖത്തും ഖാദിരീ ത്വരീഖത്തും ഈജിപ്തില്‍ ശാദുലീ ത്വരീഖത്തും അഹ്മദീ ത്വരീഖത്തും ദസൂഖീ ത്വരീഖത്തും പ്രത്യക്ഷപ്പെട്ടു. ലോകത്തിന്റെ പല കോണുകളിലും പലതരം ത്വരീഖത്തുകള്‍ ആവിര്‍ഭവിച്ചു. നൂരിശാ ത്വരീഖത്തും ശംസിയ ത്വരീഖത്തും കേരളത്തില്‍ പ്രചരിച്ചവയില്‍ പ്രധാനമാണ്. ഈ ത്വരീഖത്തില്‍ ശൈഖായി അവരോധിക്കപ്പെട്ട പലരും വളരെ ഭക്തരായ സത്യവിശ്വാസികളായിരുന്നു. അവരുടെ പേരിലുള്ള ത്വരീഖത്തുകള്‍ അവര്‍ ഉണ്ടാക്കിയതോ അംഗീകരിച്ചതോ അല്ല. പില്‍ക്കാലക്കാരായ ഏതോ ആളുകള്‍ നിര്‍മിച്ച വ്യാജ പ്രസ്ഥാനങ്ങള്‍ക്ക് ഈ മഹത്തുക്കളുടെ നാമം നല്കുകയായിരുന്നു. ഉദാഹരണത്തിന് മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പേരിലുള്ള ഖാദിരീ ത്വരീഖത്തിന് അദ്ദേഹവുമായോ അദ്ദേഹത്തിന്റെ ആദര്‍ശവുമായോ യാതൊരു ബന്ധവുമില്ല.

ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ത്വരീഖത്ത് ആദ്യമായി അറിയപ്പെട്ടത്. ഹിജ്‌റ ആറും ഏഴും നൂറ്റാണ്ടുകളില്‍ സൂഫി ത്വരീഖത്തുകള്‍ പെരുകാന്‍ തുടങ്ങി. ആദ്യകാലത്ത് സൂഫിസത്തില്‍ പ്രത്യേകം പ്രത്യേകം ശൈഖുമാരുണ്ടായിരുന്നില്ല. നാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ത്വരീഖത്തും ശൈഖുമാരും നിലവില്‍ വരുന്നത് വരെ ഫുകറാഅ്, സുഹ്ഹാദ് എന്നീ പേരുകളിലൊക്കെ സൂഫികള്‍ അറിയപ്പെട്ടിരുന്നു. ത്വരീഖത്തുകള്‍ അവയുടെ സ്ഥാപകന്മാരുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. തനിക്ക് സിദ്ധികളും (കറാമത്ത്) വെളിപാടുകളും ഉണ്ടെന്ന് വാദിക്കുകയും സ്വപ്നത്തിലോ നേരിട്ടോ അല്ലാഹു ധ്യാനമുറകള്‍ പഠിപ്പിച്ചു എന്ന് വ്യാജമായി അവകാശപ്പെടുകയും ചെയ്യുന്നവരാണ് ത്വരീഖത്ത് സ്ഥാപകന്മാര്‍. ഓരോ ത്വരീഖത്തിനും വ്യത്യസ്ത ചിഹ്നങ്ങളും പതാകകളും ഉണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിന് ശേഷം പ്രചുരപ്രചാരം നേടിയ ത്വരീഖത്തുകളില്‍ പ്രധാനപ്പെട്ടതാണ് മൗലവിയ്യ, അഹ്മദിയ, നഖ്ശബന്തിയ്യ, തീജാനിയ്യ, ഇബ്‌റാഹീമിയ്യ, ദര്‍ഖാവിയ്യ എന്നിവ.


ത്വരീഖത്തുശൈഖുമാരെ പിന്‍പറ്റിയവര്‍ക്ക് 'മുരീദ്' എന്ന സാങ്കേതിക ശബ്ദമാണ് ഉപയോഗിക്കുന്നത്. മുരീദ് എന്ന പദത്തിന്റെ അര്‍ത്ഥം ഉദ്ദേശിക്കുന്നവന്‍, ലക്ഷ്യം വെക്കുന്നവന്‍ എന്നാണ്. ത്വരീഖത്തിന്റെ ശൈഖാണ് ഇവിടെ ലക്ഷ്യം. ഖാദിരീ ത്വരീഖത്തിലെ ഒരു മുദ്രാവാക്യമിതായിരുന്നു. 'മുറാദീ, യാ മുറാദീ, യാ മുറാദീ - മുറാദീ ശൈഖ് മുഹ്‌യിദ്ദീന്‍ മുറാദീ ' എന്റെ ലക്ഷ്യം ശൈഖ് മഹ്‌യിദ്ദീന്‍ ആണ് എന്ന് ആവര്‍ത്തിച്ച് ഉരുവിട്ട് മനസ്സില്‍ ഉറപ്പിക്കുകയാണ് ഈ മന്ത്രത്തിലൂടെ മുരീദുകള്‍ ചെയ്യുന്നത്. ഇവിടെ ശൈഖും മുരീദും (ഗുരുവും ശിഷ്യനും) തമ്മിലുള്ള ബന്ധം ദൈവവും ആരാധകനും തമ്മിലുള്ള ബന്ധമായി മാറിയിരിക്കുകയാണ്. കോഴിക്കോട്ടുകാരന്‍ ഖാളി മുഹമ്മദ്, മുഹ്‌യിദ്ദീന്‍ ശൈഖിനെ വര്‍ണിച്ചു പാടിയ വരികളില്‍ ഇങ്ങനെ കാണാം. 'എന്റെ മുരീദുകള്‍ നരകത്തിലില്ലെന്ന് നരകത്തെ കാക്കും മലക്ക് പറഞ്ഞോവര്‍'. സൂഫീ ചിന്തയുടെയും ത്വരീഖത്തുകളുടെയും സ്വാധീനം കുത്തഴിഞ്ഞ ജീവിതത്തിലേക്ക് തള്ളി വിടുന്നതിലെ അപകടാവസ്ഥ ഇതില്‍നിന്ന് മനസ്സിലാക്കാം.

ശീഅകളാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസചാരങ്ങളില്‍ നീങ്ങിയ മുസ്‌ലിം സമൂഹത്തിലേക്ക് സൂഫിസമെന്ന പിഴച്ച വിശ്വാസധാര കടത്തിക്കൂട്ടിയത്. ശീഈ വിശ്വാസക്കാരാണ് സൂഫി ത്വരീഖത്തിന്റെ ശൈഖുമാരില്‍ അധികവും എന്നത് ഇതിനു തെളിവാണ്. ശൈഖുമാര്‍ തങ്ങളുടെ കുടുംബപരമ്പര ഫാത്വിമ(റ)യിലൂടെ അലി(റ)യിലെത്തിക്കാറുണ്ടെന്നതും ഇതിന് സാധൂകരണം നല്കുന്നുണ്ട്. ഇറാന്‍ കേന്ദ്രീകരിച്ചും മറ്റും ശീഅകള്‍ ഇറക്കുന്ന ഈ പിഴച്ച ആശയത്തെ കേരളത്തിലടക്കം പ്രചരിപ്പിക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ പങ്കുവഹിക്കുന്നത്, അഹ്‌ലുസ്സുന്നയെന്ന് അവകാശപ്പെടുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രസ്ഥാനങ്ങളാണെന്നത് യാഥാര്‍ഥ്യമാണ്. ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന മുസ്‌ലിം സമുദായത്തെ വിവിധ ത്വരീഖത്തുകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന ഭിന്ന ചേരികളിലാക്കി സമൂഹത്തിന്റെ ഐക്യം തകര്‍ക്കുകയാണ് സൂഫിശൈഖുമാര്‍ ചെയ്തത്.


സൂഫിസവും ത്വരീഖത്തും തമ്മിലുള്ള സംഘടിതവും വ്യവസ്ഥാപിതവുമായ ബന്ധം ഈജ്പിതില്‍ നിലനില്‍ക്കുന്നു. മജല്ലത്തുത്തസ്വവ്വുഫില്‍ ഇസ്‌ലാമി എന്ന ഒരു മാസികയും അവിടെ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ത്വരീഖത്തുകള്‍ തമ്മിലുള്ള വടംവലിയും കിടമത്സരവും അവിടെ കാണാന്‍ കഴിയും. ഇസ്‌ലാമിക വിശ്വാസങ്ങളില്‍നിന്ന് എല്ലാ ത്വരീഖത്തുകളും മുസ്‌ലിംകളെ ബഹുദൂരം അകറ്റിയെന്ന കാര്യത്തില്‍ സംശയമില്ല.

Feedback