Skip to main content

മാതുരീദിയ്യ

ഇസ്‌ലാമിന്റെ തനതായ പാതയില്‍ നിന്ന് വ്യതിചലിച്ച ചിന്താ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തുവന്ന മറ്റൊരു വിശ്വാസ സരണിയാണ് മാതുരീദിയ്യ. അബൂമന്‍സൂര്‍ അല്‍ മാതുരീദിയാണ് ഇതിന്റെ ഉപജ്ഞാതാവ്.

ക്രി.വ..853-ല്‍ സമര്‍ഖന്ദിലെ മാതുരീദില്‍ ജനിച്ച മുഹമ്മദ് അബൂമന്‍സൂര്‍ വിശുദ്ധ ഖുര്‍ആനിലും ഇസ്്‌ലാമിക കര്‍മ ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടി. അക്കാലത്തെ ഇസ്്‌ലാമിക വിജ്ഞാനീയങ്ങളുടെ കേന്ദ്രമായിരുന്നു സമര്‍ഖന്ദ്.

ഇറാഖിലെ കൂഫയിലും ബസ്വറയിലുമായിരുന്നു അന്ന് മുര്‍ജിഅ, മുഅ്തസിലീ കക്ഷികളുടെ ആശയങ്ങള്‍ പ്രചുര പ്രചാരം നേടിയിരുന്നത്. അബ്ബാസിയ്യ ഭരണകൂടത്തില്‍ ഇവര്‍ക്ക് വന്‍ സ്വാധീനവും നേടാനായി. എന്നാല്‍ അവിടെ ഈ പിഴച്ച ചിന്താഗതിക്കാര്‍ക്കെതിരെ അബുല്‍ഹസനുല്‍ അശ്അരീ രംഗത്തു വന്നിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ് മാവറാഅന്നഹ്‌റില്‍ (ട്രാന്‍സോക്‌സിയാന) അബൂമന്‍സൂര്‍ അല്‍മാതുരീദിയും ഈജിപ്തില്‍ അഹ്മദ് അത്ത്വഹാവിയും സജീവമായി പ്രവര്‍ത്തിച്ചിരുന്നത്.

ഇറാഖിലേതുപോലെ തന്നെ, സമര്‍ഖന്ദ് ഉള്‍പ്പെടുന്ന മാവറാഅന്നഹ്‌റിലും മുഅ്തസിലീ, ഖര്‍മത്തി, ശീഈ വിഭാഗങ്ങള്‍ സജീവമായിരുന്നു. അഹ്‌ലുസ്സുന്നയാകട്ടെ, ഇമാം അബൂഹനീഫ, അബുല്‍ഹസനുല്‍ അശ്അശീ, അഹ്മദ് അത്ത്വഹാവീ എന്നിവരുടെ വിശ്വാസ സംഹിതകളായിരുന്നു പിന്തുടര്‍ന്നിരുന്നത്.

മാതുരീദിയ്യ സരണി അശ്അശിയ്യയില്‍ നിന്ന് കാര്യമായി വ്യത്യസ്തമായിരുന്നില്ല. രണ്ട് രാജ്യങ്ങളിലായി ഉദ്ഭവം കൊണ്ട സരണികള്‍ രണ്ടും അവലംബമാക്കിയത് ഖുര്‍ആനും സുന്നത്തും സ്വഹാബികളുടെ ചര്യയും തന്നെയായിരുന്നു. ഈ ഇരുവിഭാഗവും ശക്തമായി നേരിട്ടതാകട്ടെ മുഅ്തസിലികളെയും. വ്യത്യാസം ഒന്നുമാത്രം, ഇമാം അശ്അരി, മുഅ്തസിലികളെ ആഴത്തില്‍ അറിഞ്ഞയാളായിരുന്നു. മാതുരീദിക്ക് അതുണ്ടായിരുന്നില്ല.

ഹനഫീ മദ്ഹബുകാര്‍ പൊതുവെ മാതുരീദീ സരണിയെ അനുധാവനം ചെയ്യുന്നവരാണ്. ഇതിനു കാരണം, മാതുരീദിയുടെ കാലത്ത് സമര്‍ഖന്ദില്‍ ഉണ്ടായിരുന്നത് ഹനഫികളായിരുന്നവെന്നതാണ്.

എന്നാല്‍ 'മനുഷ്യന്ന് സ്വയം പ്രവര്‍ത്തിക്കുവാനുള്ള കഴിവില്ലെന്ന' അശ്അരികളുടെ വീക്ഷണത്തെ, മാതുരീദി അംഗികരിച്ചില്ല. മനുഷ്യന് പ്രവര്‍ത്തന ശേഷി ഇല്ല, ആര്‍ജിക്കാനുള്ള കഴിവേ ഉള്ളൂ എന്നായിരുന്നല്ലോ അവരുടെ വാദം.

പില്ക്കാലത്ത് സല്‍ജൂഖ് ഭരണ പ്രദേശങ്ങളിലും, ഉസ്മാനിയ സാമ്രാജ്യത്തിലും അഫ്ഗാനിസ്ഥാന്‍, റഷ്യ, ചൈന, മലേഷ്യ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലും മാതുരീദി-ഹനഫി ചിന്താധാരക്ക് വന്‍ പ്രചാരം നേടാനായി.

കിതാബുത്തൗഹീദ് ഉള്‍പ്പെടെ നിരവധി മഹദ് ഗ്രന്ഥങ്ങളുടെ കര്‍ത്താവും കൂടിയാണ് അബൂമന്‍സൂറുല്‍മാതുരീദി.


 

Feedback